കടുത്ത ഡീസല്‍ ക്ഷാമം; കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസിയില്‍ ഭാഗീകമായി സര്‍വീസുകള്‍ മുടങ്ങി
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.04.2022) കടുത്ത ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസിയില്‍ സര്‍വീസുകള്‍ ഭാഗീകമായി മുടങ്ങി. മലയോര മേഖലയിലടക്കമുള്ള 16 സർവീസുകളാണ് ശനിയാഴ്ച മുടങ്ങിയത്. 12,000 ലിറ്റർ ഡീസലാണ് കാഞ്ഞങ്ങാട് ഡിപോയിൽ ആവശ്യമുള്ളത്. ഇന്ധനവില വർധനവിന് ശേഷം ഇത് കൃത്യമായി എത്തുന്നില്ല. ശനിയാഴ്ച രാത്രി എട്ട് മണിയോടെ 5,000 ലിറ്റർ ഡീസൽ എത്തിയത് കൊണ്ട് മാത്രമാണ് ഞായറാഴ്ച സർവീസ് നടത്താൻ കഴിഞ്ഞതെന്ന് ബന്ധപ്പെട്ടവർ കാസർകോട് വാർത്തയോട് പറഞ്ഞു.
42 സർവീസുകളാണ് കാഞ്ഞങ്ങാട് ഡിപോയിൽ നിന്നും ഓപറേറ്റ് ചെയ്യുന്നത്. ഇതിൽ അഞ്ച് അന്തർസംസ്ഥാന സർവീസും 15 അന്തർ ജില്ലാ സർവീസും കഴിഞ്ഞുള്ള 22 സർവീസുകളാണ് ജില്ലയിൽ നടത്തുന്നത്. തിങ്കളാഴ്ച വൈകീട്ടു വരെ സർവീസ് നടത്താനേ ശനിയാഴ്ച എത്തിച്ച ഡീസൽ കൊണ്ട് സാധിക്കുകയുള്ളു.
കാസര്‍കോട് ഡിപോയില്‍ 66 സര്‍വീസുകളാണ് നടത്തി വരുന്നത്. ഇവിടെയും ഇന്ധനക്ഷാമം നിലനിൽക്കുന്നുണ്ട്. ഡീസലിന്റെ വില എണ്ണ കംപനികള്‍ കുത്തനെ കൂട്ടിയത് കെഎസ്ആര്‍ടിസിയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒന്നിച്ചുള്ള വാങ്ങല്‍ വിഭാഗത്തില്‍പ്പെടുത്തി എണ്ണവില കംപനികള്‍ വര്‍ധിപ്പിച്ചതാണ് പ്രധാന പ്രശ്നം. 21 രൂപയുടെ വര്‍ധനയാണ് ഒറ്റയടിക്ക് എണ്ണ കംപനികൾ വരുത്തിയത്.