Food | 'ഭക്ഷണം പാഴാക്കല്ലേ, അർഹരിലേക്ക് എത്തിക്കാം'; നല്ല പാഠങ്ങൾ പറഞ്ഞ് സെമിനാർ; മാഹിൻ കുന്നിലിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനുമോദനം
Nov 24, 2023, 19:17 IST
കാസർകോട്: (KasargodVartha) പരമ്പരാഗത ഭക്ഷണരീതിയിൽ നിന്ന് വ്യതിചലിച്ച് ഫാസ്റ്റ്ഫുഡ് സംസ്കാരത്തിലേക്ക് പുത്തൻ തലമുറ വഴിമാറുകയും ഭക്ഷണം പാഴാക്കുന്നതിന്റെ തോത് വർധിക്കുകയും ചെയ്ത വർത്തമാന സാഹചര്യത്തിൽ നല്ല പാഠങ്ങൾ പറഞ്ഞ് കലക്ടറേറ്റ് കോൺഫറൻസ് ഹോളിൽ നടന്ന സെമിനാർ ശ്രദ്ധേയമായി. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തിലാണ് 'സേവ് ഫുഡ് ഷെയർ ഫുഡ്' പദ്ധതിയുടെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്.
നല്ല ഭക്ഷണം അർഹരിലേക്ക് എത്തിക്കുന്നതിനുമായി രാജ്യവ്യാപകമായി കാംപയിൻ നടന്നുവരികയാണ്. ഇതിൻ്റെ ഭാഗമായി എഫ് എസ് എസ് എ ഐ (FSSAl) യുടെ നേതൃത്വത്തിൽ ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷണം പാഴാക്കുന്നത് ഇല്ലാതാക്കുന്നതിനുള്ള വിത്യസ്തമായ ബോധവൽകരണ പരിപാടികളും സംഘടിപ്പിച്ച് വരുന്നുണ്ട്.
കൂടാതെ ഭക്ഷണം സംഭാവന ചെയ്യുന്ന വോളന്റീയർമാരെയും സന്നദ്ധ സംഘടനകളെയും ഏകോപിപ്പിക്കുന്നതിനും മാർഗനിർദേശം നൽകുന്നതിനുമുള്ള പദ്ധതി കൂടിയാണ് സേവ് ഫുഡ്, ഷെയർ ഫുഡ്'.
രാജ്യവ്യാപകമായി ഭക്ഷണം വിതരണം ചെയ്യുന്ന സന്നദ്ധ പ്രവർത്തകർക്കും സംഘടനകൾക്കും എഫ് എസ് എസ് എ ഐ രജിസ്ട്രേഷൻ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ രജിസ്ട്രേഷൻ ലഭിച്ച കാസർകോട് ജില്ലയിലെ ഏക വോളന്റീയരായ മൊഗ്രാൽ പുത്തൂരിലെ മാഹിൻ കുന്നിലും സെമിനാറിൽ ശ്രദ്ധ പിടിച്ചുപറ്റി.
സാമൂഹ്യ പ്രവർത്തകൻ കൂടിയായ മാഹിൻ കുന്നിൽ ഭക്ഷണദാനത്തെപ്പറ്റി സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ സദസ് അത് സാകൂതം ശ്രവിച്ചു. കാസർകോട് ജെനറൽ ആശുപത്രി കേന്ദ്രീകരിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി ഭക്ഷണ വിതരണം ചെയ്യുന്നതിലൂടെ ശ്രദ്ധേയനാണ് ഇദ്ദേഹം. സ്കൂൾ പഠനകാലത്ത് മാതാപിതാക്കൾ കാണിച്ചു തന്ന പുണ്യപ്രവൃത്തിയാണ് ഇന്നും തുടരുന്നതെന്ന് മാഹിൻ പറഞ്ഞു.
സ്കൂളിലേക്ക് പോകുമ്പോൾ മാതാപിതാക്കൾ ടിഫിൻ ബോക്സിൽ കൂടുതൽ ദോശയും കറിയും നൽകിയിരുന്നു. എന്നിട്ട് ഭക്ഷണം കൊണ്ടുവരാത്ത സഹപാഠികൾക്ക് നൽകാൻ പറയും. അന്ന് തുടങ്ങിയതാണ് ഭക്ഷണ ദാനം. ഇന്നും അത് തുടരുന്നു. അന്ന് കൂടെ ഭക്ഷണം കഴിച്ചവർ ഇന്ന് കാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാ സഹായവുമാവി കൂടെ നിൽക്കുന്നുവെന്നും മാഹിൻ കൂട്ടിച്ചേർത്തു. ചടങ്ങിൽ എ ഡി എം കെ നവീൻ ബാബു മാഹിൻ കുന്നിലിന് സർടിഫികറ്റ് സമ്മാനിച്ചു. ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻറ് കമീഷണർ കെ വിനോദ് കുമാർ, ഉദ്യോഗസ്ഥരായ ദനേഷ് കുമാർ, ഡോ. ആദിത്യൻ, ശ്രീനിവാസൻ മനിയേരി, മൻസൂർ കമ്പാർ, അഭിജിത്ത്, സുമേഷ്, മനു പ്രസാദ്, ബിജിന എന്നിവർ സംബന്ധിച്ചു
Keywords: News, Kasargod, Kerala, Food, Department, Felicitates, Certificate, Mahin Kunnil, School, Food Safety Department felicitates Mahin Kunnil with certificate.