Food Poisoning | ക്ഷേത്രോത്സവത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി; ആശങ്കവേണ്ടെന്ന് ആരോഗ്യവകുപ്പ്

* ഛര്‍ദിയും തലവേദനയും അനുഭവപ്പെട്ടതായി ആളുകൾ
* പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി മെഡികല്‍ സൂപ്രണ്ട്
നീലേശ്വരം: (KasaragodVartha) പാലായിയിലെ തറവാട്ടിൽ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ആശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ്ച രാവിലെ മുതലാണ് ഇവർ ഛര്‍ദിയും തലവേദനയും അടക്കമുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നീലേശ്വരം താലൂക് ആശുപത്രിയിലെത്തിയത്. വിവിധ സ്വകാര്യ ആശുപത്രികളിലും നിരവധി പേർ ചികിത്സ തേടിയിട്ടുണ്ട്.
ആദ്യം കുട്ടികളാണ് ചികിത്സ തേടിയത്. തറവാട് ക്ഷേത്ര പരിസരത്ത് വില്‍പന നടത്തിയ ഐസ്ക്രീം കുട്ടികള്‍ കഴിച്ചിരുന്നു. ഇതാകാം ഭക്ഷ്യവിഷബാധക്ക് കാരണമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് പ്രായമുള്ളവരും അസുഖം ബാധിച്ച് ചികിത്സക്കെത്തിയതോടെ ഐസ്ക്രീമല്ല കാരണമെന്ന് വ്യക്തമാവുകയായിരുന്നു. ആഘോഷത്തോടനുബന്ധിച്ച് അന്നദാനം ഉണ്ടായിരുന്നു. ഇവിടെനിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് കൂടുതലായും ഭക്ഷ്യവിഷബാധയേറ്റിട്ടുള്ളതെന്നാണ് വിവരം.
അതേസമയം ഭക്ഷ്യവിഷബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരുടേയും നില ഗുരുതരമല്ലെന്നും പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും നീലേശ്വരം താലൂക് ആശുപത്രിയിലെ മെഡികല്‍ സൂപ്രണ്ട് ഡോ. എം ടി മനോജ് പറഞ്ഞു. നഗരസഭാ ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.