ബൈക് മറിഞ്ഞ് റോഡിൽ വീണ എഞ്ചിനീയർ ടിപെർ ലോറി കയറി മരിച്ചു; ഒരാൾക്ക് ഗുരുതരം; അപകടം വാഹന പരിശോധനയ്ക്കിടെ ലാതി എറിഞ്ഞത് കൊണ്ടെന്ന് ആരോപണം
Mar 23, 2021, 14:12 IST
മൈസൂരു: (www.kasargodvartha.com 23.03.2021) ബൈക് മറിഞ്ഞ് റോഡിൽ വീണ എഞ്ചിനീയർ ടിപെർ ലോറി കയറി മരിച്ചു. പിൻസീറ്റ് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മൈസൂരു കല്ലനഹള്ളിയിലെ ദേവരാജ് (43) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം മൈസൂരു നഗരത്തിലാണ് സംഭവം നടന്നത്.
പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ആ വഴിക്ക് വന്ന ദേവരാജ് പെട്ടന്ന് ബൈക് തിരിക്കുകയും മറിഞ്ഞ് റോഡിൽ വീഴുകയും ചെയ്‌തു. അത് വഴി വന്ന ടിപെർ ലോറി തൽക്ഷണം ദേവരാജന്റെ മേൽ കയറി ഇറങ്ങുകയായിരുന്നു. ദേവരാജ് സ്ഥലത്ത് തന്നെ മരിച്ചു. പൊലീസ് ലാതി എറിഞ്ഞത് കൊണ്ടാണ് ദേവരാജ് മറിഞ്ഞ് വീണതെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ വാഹന പരിശോധന നടക്കുന്ന സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ പ്രകോപിതരായ സ്ഥലത്തുണ്ടായിരുന്ന ആളുകൾ പൊലീസുകാരെ ആക്രമിച്ചു. ആക്രമിക്കപ്പെട്ടവരിൽ പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും ഉൾപെടുന്നു. പൊലീസ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാതി ചാർജ് നടത്തി. ഡെപ്യൂടി പൊലീസ് കമീഷണർ പ്രകാശ് ഗൗഡ സ്ഥലത്തെത്തി. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
Keywords: Bike-Accident, Accident, Road, Bike, Tipper lorry, Karnataka, Mysore, Top-Headlines, Engineer tipper lorry crashes into bike, falls off road Serious for one.







