ഇഫാദ 2021; ജീവകാരുണ്യ രംഗത്ത് പുതിയ പദ്ധതിയുമായി ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമിറ്റി, അശരണർക്ക് അത്താണിയായി മാറാൻ പ്രവാസി കൂട്ടായ്മകൾക്കായെന്ന് ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ
May 5, 2021, 10:28 IST
ദുബൈ: (www.kasargodvartha.com 05.05.2021) ജീവ കാരുണ്യ രംഗത്ത് കെഎംസിസി അടക്കമുള്ള പ്രവാസി കൂട്ടായ്മകളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് യുഎഇ - കെഎംസിസി കേന്ദ്രകമിറ്റി ഉപദേശക സമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ പറഞ്ഞു. ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമിറ്റി നടപ്പിൽ വരുത്തുന്ന ജീവകാരുണ്യ പദ്ധതിയായ ഇഫാദ 2021 ന്റെ ബ്രോഷർ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് പ്രതിസന്ധി ഘട്ടങ്ങളിലും അശരണർക്ക് അത്താണിയായി മാറാൻ പ്രവാസി കൂട്ടായ്മകളുടെ പ്രവർത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കെഎംസിസി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് നമ്മുടെ നാടിനും പ്രവാസി സമൂഹത്തിനും ഒരുപോലെ സാന്ത്വനമാകാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിനോടകം നിരവധി മാതൃകാപരമായ ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കിയ ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമിറ്റിയുടെ കാരുണ്യ സേവനരംഗത്ത് ചരിത്രം രചിച്ച ഹിമായ, സഹാറ എന്നിവയ്ക്ക് ശേഷം 2021ലെ ജീവകാരുണ്യ പദ്ധതിയാണ് ഇഫാദ.
വ്യത്യസ്തങ്ങളായ കാരുണ്യ പ്രവർത്തനങ്ങളാണു ഇഫാദയിലൂടെ ഈ വർഷം നടപ്പിൽ വരുത്തുന്നതെന്ന് ദുബൈ കെഎംസിസി കാസർകോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രടറി സലാം കന്യാപ്പാടി, ട്രഷറർ ഹനീഫ് ടി ആർ, ഓർഗനൈസിംഗ് സെക്രടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അറിയിച്ചു.
Keywords: Dubai, KMCC, Dubai-KMCC, Kasaragod, Kerala, News, Charity-fund, Committee, Top-Headlines, Dubai KMCC Kasargod District Committee with new project in field of charity.







