Drinking water | ദേശീയപാത വികസനത്തിൽ കുടിവെള്ളം മുട്ടി; ദുരിതത്തിലായി മൊഗ്രാൽ കടവത്തുകാർ; അധികൃതർ ഇടപെടുന്നില്ലെന്ന് ആക്ഷേപം
Feb 9, 2023, 17:32 IST
മൊഗ്രാൽ: (www.kasargodvartha.com) ദേശീയപാത വികസനത്തിന്റെ പേരിൽ കുടിവെള്ളം കിട്ടാതെ വലയുന്ന ജനങ്ങളുടെ ദുരിതം സർകാരും ജലവിഭവ വകുപ്പും കാണുന്നില്ലെന്ന് പരാതി. ദേശീയപാത വികസനത്തെ തുടർന്ന് കഴിഞ്ഞ മൂന്നുമാസമായി മൊഗ്രാൽ കടവത്ത് പ്രദേശത്ത് കുടിവെള്ളം തടസപ്പെട്ട് കിടക്കുകയാണ്. ശുദ്ധജലത്തിന് വില കൂട്ടുന്ന തിരക്കിലും, ഗാർഹിക ഉപയോക്താക്കളുടെ കുടിശികയുടെ കണക്കുകൂട്ടുന്ന തിരക്കിലും ഇതൊന്നും ശ്രദ്ധിക്കാൻ അധികൃതർക്ക് സമയമില്ലെന്നാണ് ആക്ഷേപം.
കുമ്പള ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളമാണ് തടസപ്പെട്ട് കിടക്കുന്നത്. ശുദ്ധജല വിഷയമായിട്ട് പോലും പരിഹരിക്കാനുള്ള നടപടികളിൽ ജല അതോറിറ്റി അധികൃതരും, ദേശീയപാത നിർമാണ കംപനി അതികൃതരും കൈമലർത്തുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. മൊഗ്രാൽ കടവത്ത് പുഴയോര മേഖലയായതിനാൽ ഇവിടെ ചില വീടുകളിലെ വെള്ളത്തിന് ഉപ്പ് രസമുള്ളതായി പറയുന്നു. ഇതേ തുടർന്നാണ് ജല അതോറിറ്റിയുടെ വെള്ളം ഉപയോഗിക്കുന്നത്. എന്നാലിത് തടസപ്പെട്ടതോടെ വീണ്ടും ഉപ്പുവെള്ളം കുടിക്കേണ്ട അവസ്ഥയാണെന്നാണ് ഇവരുടെ പരാതി.
![Drinking water | ദേശീയപാത വികസനത്തിൽ കുടിവെള്ളം മുട്ടി; ദുരിതത്തിലായി മൊഗ്രാൽ കടവത്തുകാർ; അധികൃതർ ഇടപെടുന്നില്ലെന്ന് ആക്ഷേപം](https://www.kasargodvartha.com/static/c1e/client/114096/downloaded/833a0d065a847da21e7ad3b1a4698c2a.jpg)
കുടിവെള്ളത്തിനുണ്ടായ തടസം വീട്ടമ്മമാരെയും, കുട്ടികളെയും ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. ദേശീയപാത നിർമാണ ജോലിക്കിടയിൽ കുടിവെള്ള പൈപുകൾ യഥാസമയം മാറ്റിസ്ഥാപിക്കാൻ അധികൃതർ കാണിച്ച അലംഭാവമാണ് കുടിവെള്ളം തടസപ്പെടാൻ കാരണമായതെന്നാണ് ആരോപണം. ദേശീയപാതയുടെ പണി എപ്പോൾ തീരുമെന്നോ, ശുദ്ധജല പൈപുകൾ പുനസ്ഥാപിക്കുമെന്നോ അതികൃതർ വ്യക്തമാക്കുന്നുമില്ലെന്നും പ്രദേശവാസികൾ പറയുന്നു. വിഷയത്തിൽ ജനപ്രതിനിധികളുടെ അടിയന്തിര ഇടപെടൽ വേണമെന്നാണ് ഇവരുടെ ആവശ്യം.
Keywords: Drinking water, Water Authority, Complaint, Mogral, River, Kasaragod, News, Top-Headlines, National highway, Salt-water, Drinking water blocked in development of national highway.