city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Depression | എന്താണ് വിഷാദ രോഗം? കുട്ടികളിലെയും കൗമാരക്കാരിലെയും ലക്ഷണങ്ങളും, ഒപ്പം ചികിത്സാ രീതികളും അറിയാം

കൊച്ചി: (KasargodVartha) വളരെ ഗൗരവമേറിയതും ഉടനടി ചികിത്സആവശ്യമുള്ളതുമായ ഒരു രോഗമാണ് ഡിപ്രഷന്‍ അഥവ വിഷാദരോഗം. ദു:ഖം, ഭാവിയെക്കുറിച്ചുള്ള അശുഭചിന്തകള്‍, സ്വയം മതിപ്പില്ലായ്മ എന്നിവയെല്ലാം വിഷാദരോഗത്തിനു അടിമയാകുന്ന ഒരു രോഗി അനുഭവിക്കുന്ന വികാരങ്ങളാണ്. വിഷാദത്തിന് അടിമപ്പെട്ട ഒരാളെ രോഗിക്കോ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ തിരിച്ചറിയാന്‍ കഴിയില്ല, എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ചികിത്സ ലഭിക്കാനും വൈകുന്നു.

എന്നിരുന്നാലും ഈ രോഗം പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ കഴിയും എന്നുള്ളതാണ് വലിയ ആശ്വാസം. അതുകൊണ്ടുതന്നെ അസുഖം ശ്രദ്ധയില്‍പെട്ടു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് ആവശ്യമാണ്. വൈകുന്തോറും രോഗത്തിന്റെ തീവ്രത കൂടും.

Depression | എന്താണ് വിഷാദ രോഗം? കുട്ടികളിലെയും കൗമാരക്കാരിലെയും ലക്ഷണങ്ങളും, ഒപ്പം ചികിത്സാ രീതികളും അറിയാം
 
ചികിത്സ

രോഗത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് മരുന്നോ സൈകോതെറാപ്പിയോ അല്ലെങ്കില്‍ ഇവ രണ്ടും ചികിത്സക്കായി ഡോക്ടര്‍മാര്‍ തിരഞ്ഞെടുക്കുന്നു. രോഗിയുടെ ജീവിത സാഹചര്യമെല്ലാം ഡോക്ടര്‍മാര്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. അതിന് അനുസരിച്ച് അവര്‍ ചികിത്സ നല്‍കുന്നു. രോഗി മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്ന് നോക്കേണ്ടതിന്റെ ഉത്തരവാദിത്തം കുടുംബത്തിനാണ്. വിഷാദ രോഗം ബാധിച്ചവരില്‍ ആത്മഹത്യാ പ്രവണത കൂടുതലായതിനാല്‍ എപ്പോഴും ഒരു ശ്രദ്ധ ഉണ്ടായിരിക്കണം.

ഇന്‍ഡ്യയില്‍ 30 വയസ്സിനു താഴെയുള്ളവരിലാണ് ഇത്തരത്തില്‍ ആത്മഹത്യാ പ്രവണത കൂടുതലെന്നാണ് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. അവിവാഹിതരായ പുരുഷന്മാരും, വിവാഹിതരായ സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നു.

എന്താണ് വിഷാദരോഗം?

രോഗിയുടെ ചിന്തകളെ ബാധിച്ച് അതിലൂടെ അവരുടെ പ്രവൃത്തികളെ നിയന്ത്രിക്കുന്ന ഗുരുതരവും സാധാരണവുമായ ഒരു രോഗമാണിത് എന്ന് വൈദ്യശാസ്ത്രം പറയുന്നു. പലതരം വിഷാദരോഗങ്ങള്‍ ഉണ്ട്. ഇവയെ മന:ശാസ്ത്രഞ്ജന്‍മാര്‍ തിരിച്ചറിഞ്ഞ് വിശകലനം നടത്തിയിട്ടുണ്ട്. 

മേജര്‍ ഡിപ്രഷന്‍, പേഴ് സിസ്റ്റന്റ് ഡിപ്രസ്സീവ് ഡിസോര്‍ഡര്‍, ബൈപോളാര്‍ ഡിസോര്‍ഡര്‍, സീസണല്‍ അഫക്ടീവ് ഡിസോര്‍ഡര്‍, സൈകോട്ടിക്ക് ഡിപ്രഷന്‍, പോസ്റ്റപാര്‍ട്ടം ഡിപ്രഷന്‍, പ്രീമെനുസ്ട്രല്‍ ഡിസിഫോറിക്ക് ഡിസോര്‍ഡര്‍, സിറ്റുവേഷനല്‍ ഡിപ്രഷന്‍, എടിപ്പിക്കല്‍ ഡിപ്രഷന്‍ എന്നിവ ഇതില്‍പെടുന്നു.

മേജര്‍ ഡിപ്രഷന്‍ അല്ലെങ്കില്‍ ക്ലിനിക്കല്‍ ഡിപ്രഷന്‍ ഒരു തരം വിഷാദരോഗമാണ്. സ്ഥിരമായ ഒരു വിഷാദഭാവമാണ് ഇതിന്റെ പ്രധാന ലക്ഷണം. ഇത്തരക്കാരില്‍ എല്ലാ പ്രവൃത്തികളിലും താല്‍പ്പര്യകുറവ് പ്രകടമായിരിക്കും. സ്വാഭാവത്തിലും ശാരീരിക ലക്ഷണങ്ങളിലും വ്യത്യാസം കാണാന്‍ കഴിയും. ഉറക്കകുറവ്, വിശപ്പില്ലായ്മ, ഉന്മേഷമില്ലായ്മ, ശ്രദ്ധകുറവ്, എല്ലാത്തിനും പുറമേ സ്വയം ഒന്നിനും കൊള്ളില്ല എന്നൊരു തോന്നലും ഈ രോഗികളില്‍ കാണാന്‍ കഴിയും. ആത്മഹത്യ ചിന്തകള്‍ കൂടുതല്‍ ആയിരിക്കും.

കുട്ടികളിലെയും കൗമാരക്കാരിലെയും വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍

കുട്ടിയുടെ പെരുമാറ്റം, സാധാരണ നിലയിലുള്ള സാമൂഹിക ജീവിതത്തെയും കുടുംബജീവിതത്തെയും സ്‌കൂള്‍ ജീവിതത്തെയും തടസ്സപ്പെടുത്തുന്ന തരത്തിലുള്ളതാണെങ്കില്‍ വിഷാദരോഗം അസ്വാഭാവിക നിലയിലായിരിക്കും എന്നുവേണം കരുതാന്‍. കൗമാരക്കാരില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ ലക്ഷണങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ അവര്‍ വിഷാദരോഗം മൂലം ബുദ്ധിമുട്ടുന്നുവെന്ന് കണക്കാക്കാം.

കൗമാരപ്രായത്തിലുള്ളവരില്‍ കണ്ടു വരുന്ന വിഷാദരോഗം, പതിവ് പ്രവൃത്തികളില്‍ ഉള്ള താല്പര്യക്കുറവിലേക്കും സന്തോഷമില്ലായ്മിലേക്കും നയിക്കുന്ന കടുത്ത മാനസിക ക്രമക്കേടാണ്. കൂടാതെ വികാരവിചാരങ്ങള്‍ക്കും സ്വഭാവത്തിനും ശാരീരിക, വൈകാരിക ഭാവങ്ങള്‍ക്കും കടുത്ത ആഘാതമേല്‍പ്പിക്കുന്നതുമായിരിക്കും. കൗമാരപ്രായക്കാരിലേയും മുതിര്‍ന്നവരിലേയും വിഷാദരോഗ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്.

ജീവിതത്തില്‍ സങ്കീര്‍ണമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതിനനുസരിച്ച് വിദ്യാര്‍ഥികള്‍ വൈകാരികമായി സ്വയം പാകപ്പെടേണ്ടത് അത്യാവശ്യമാണ്. സ്‌കൂളിലെയും കോളജിലേയും വെല്ലുവിളികള്‍, സ്വതന്ത്രമായി ജീവിക്കാന്‍ പഠിക്കല്‍, വീടു വിട്ടു താമസിക്കേണ്ടി വരുന്നത്, പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കല്‍, ഉറക്കത്തിന്റെ താളംതെറ്റല്‍ ഇവയെല്ലാം വിദ്യാര്‍ത്ഥികളെ വിഷാദരോഗത്തിലേക്ക് തള്ളിവിട്ടേക്കാം.

കാരണമില്ലാതെ സ്‌കൂളിലോ കോളജിലോ പോകാതിരിക്കുക, മയക്കുമരുന്ന് ഉപയോഗം, കുറഞ്ഞ ഗ്രേഡ് തുടങ്ങിയവയുമായും വിഷാദരോഗം ബന്ധപ്പെട്ടിരിക്കുന്നു. മൊബൈല്‍ ഫോണുകളുടേയും കംപ്യൂടറുകളുടേയും അമിതമായ ഉപയോഗവും വിഷാദരോഗത്തിനു കാരണമായേക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിദ്യാര്‍ഥികളിലെ വിഷാദരോഗം നേരത്തെ തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ കാര്യക്ഷമമായി നിയന്ത്രിക്കാനും ആത്മഹത്യ പോലുള്ള പ്രവണതകള്‍ തടയാന്‍ കഴിഞ്ഞേക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വിഷാദ രോഗത്തെ എങ്ങനെ തിരിച്ചറിയാം?

ഭക്ഷണം

ഭക്ഷണ ക്രമത്തിലുള്ള പ്രകടമായ മാറ്റമാണ് ഇതില്‍ പ്രധാനം. ഒരുപാട് കഴിക്കുകയോ അല്ലെങ്കില്‍ തീരെ കഴിക്കാതെ ഇരിക്കുകയോ ചെയ്യും. ചുറ്റുപാടുമുള്ള കാര്യങ്ങളിലൊന്നും ശ്രദ്ധയുണ്ടാകില്ല. അനാവശ്യമായ ചിന്തകള്‍ ഇവരെ നിരന്തരം അലട്ടിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കാന്‍ മറന്നു പോകും. അല്ലെങ്കില്‍ യാന്ത്രികമായി ഭക്ഷണം കഴിക്കും. അവര്‍ പോലും അറിയാതെ അമിതമായി ഭക്ഷണം കഴിക്കുന്ന പ്രവണത ഉണ്ടാവുകയും ഇത് ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യുന്നു.

അമിതമായ ഉറക്കം അല്ലെങ്കില്‍ ഉറക്കകുറവ്


രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഉറങ്ങുന്നതാണ് മറ്റൊരു പ്രശ്‌നം. കടുത്ത മനോവിഷമത്തില്‍ നിന്നുള്ള ഓടിയൊളിക്കലായാണ് ഉറക്കത്തെ കാണുന്നത്. മാത്രമല്ല കടുത്ത ഉന്മേഷ കുറവും ഇവരെ ഉറക്കത്തിലേക്ക് നയിക്കും. ചില സന്ദര്‍ഭങ്ങളില്‍ ഉറക്കമില്ലായ്മയും ഇവരെ അലട്ടാറുണ്ട്. ഇത് കൂടുതല്‍ അപകടമാണ്. ശരീരത്തിന്റെ ചയാപചയപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ തകരാറിലാവും.

ദേഷ്യം

ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടെന്ന് ദേഷ്യപ്പെടുകയും നിയന്ത്രണമില്ലാതെ പെരുമാറുകയും ചെയ്യും. വിഷാദരോഗം ശരീരത്തിലെ ഹോര്‍മോണുകളെ ബാധിക്കുന്നതാണ് ഇതിന് കാരണം.

സന്തോഷിക്കാന്‍ കഴിയില്ല

ഒരിക്കല്‍ സന്തോഷം നല്‍കിയിരുന്ന പല പ്രവൃത്തികളും പിന്നീട് സന്തോഷിപ്പിക്കില്ല. എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞ് കൊണ്ടുള്ള ഒരു ജീവിതമാണ് ഇവര്‍ ഇഷ്ടപ്പെടുക.

മറവി

ചിന്തകളെ ഉറപ്പിച്ച് നിര്‍ത്താന്‍ കഴിയില്ല. ദൈനദിന ജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും മറന്നുപോകും. മനസ്സില്‍ തിങ്ങി നിറഞ്ഞിരിക്കുന്ന ദുഖവും ശൂന്യതാബോധവും ഓര്‍മ്മശക്തി, തീരുമാനമെടുക്കാനുള്ള കഴിവ്, ജോലി ചെയ്യാനുള്ള കഴിവ് ഇവയെ പ്രതികൂലമായി ബാധിക്കും.

സ്വയം വിലക്കുറച്ചുകാണുക

സ്വയം വിലക്കുറച്ചുകാണുക വിഷാദരോഗത്തിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്. തനിക്കൊന്നും ചെയ്യാനാവില്ലെന്ന തോന്നലാണ് ഇവര്‍ക്ക്. ഇത്തരക്കാരെ ബഹുമാനിക്കാന്‍ മറ്റുള്ളവര്‍ തയാറാവില്ല. ഇത് കൂടുതല്‍ ദു:ഖത്തിലേക്കും വേണ്ടാത്ത ചിന്തകളിലേക്കും ഇവരെ നയിക്കും.

അമിത ഉത്കണ്ഠ


അമിത ഉത്കണ്ഠയാണ് വിഷാദരോഗത്തിന്റെ മറ്റൊരു ലക്ഷണം. ഉള്ളിലുള്ള പരിഭ്രമം ചിലപ്പോള്‍ ഇവര്‍ പുറമേ പ്രകടിപ്പിക്കും. ഹൃദയമിടിപ്പ് വേഗത്തിലാവുക, അമിതമായി വിയര്‍ക്കുക ഉറങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവ അവയില്‍ ചിലതാണ്. അതുകൊണ്ടുതന്നെ അമിത ഉത്ക്കണ്ഠ തോന്നുന്നുവെങ്കില്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്.

Keywords: Depression: What It Is, Symptoms, Causes, Treatment, and More, Kochi, News, Depression, Treatment, Symptoms, Health, Health Tips, Doctors, Warning, Kerala News. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia