ബുറെവി ചുഴലിക്കാറ്റ് മൂന്നിന് കന്യാകുമാരി തീരത്ത്; സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: (www.kasargodvartha.com 01.12.2020) ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം ചൊവ്വാഴ്ച ബുറെവി ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. ഇതിനെതുടര്‍ന്ന് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തെക്കന്‍ തീരത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് (പ്രീ സൈക്ലോണ്‍ വാച്ച്) പ്രഖ്യാപിച്ചു.
ഡിസംബര്‍ മൂന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 'ബുറെവി' ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തെത്തുമെന്നാണു നിഗമനം. തുടര്‍ന്ന് കേരള തീരത്തോടു ചേര്‍ന്ന് അറബിക്കടലിലേക്കു നീങ്ങും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യാഴാഴ്ച നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ന്യൂനമര്‍ദം ഇപ്പോള്‍ ശ്രിലങ്കന്‍ തീരത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
കന്യാകുമാരിക്ക് ആയിരം കിലോമീറ്റര്‍ അകലെയാണ് നിലവില്‍ സ്ഥാനം. ഇത് തമിഴ്‌നാട് തീരത്തേക്ക് എത്തുമെന്നതാണ് കേരളത്തിന് ആശങ്കയാകുന്നത്. തീരമേഖലയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. നാവികസേനയുടേയും വ്യോമസേനയുടേയും സഹായം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Cyclone Burevi, Red alert, Districts, Cyclone Burevi: Red alert issued in four districts