കാസർകോട്ട് കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു; ബെഡുകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ മെഡികൽ ഓഫീസർ; ഓക്‌സിജൻ വാർ റൂം ഉടൻ, ഈ നിർദേശങ്ങൾ കർശനമായി പാലിക്കണം
May 6, 2021, 17:35 IST
കാസർകോട്: (www.kasargodvartha.com 06.05.2021) കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായതോടെ ജില്ലയിലെ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു. എന്നാൽ ബെഡുകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ മെഡികൽ ഓഫീസർ ഡോ. രാജൻ കാസർകോട് വാർത്തയോട് പറഞ്ഞു.
ഇപ്പോൾ ബെഡുകളുടെ എണ്ണത്തിൽ കുറവില്ല. ബ്ലോക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് കൺട്രോൾ സെൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും (സി എഫ് എൽ ടി സി) പ്രവർത്തിക്കുന്നു. ഇതിന് പുറമെ 41 തദ്ദേശ സ്ഥാപനങ്ങളും ഡൊമിസിലറി കെയർ സെൻ്റർ (ഡിസിസി) ഉടൻ പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. വീടുകളിൽ വേണ്ടത്ര സൗകര്യമില്ലാത്ത കോവിഡ് ബാധിതർക്ക് ഡൊമിസിലറി കെയർ സെൻ്ററിൽ ബന്ധപ്പെട്ട ആവശ്യമായ സൗകര്യം ഒരുക്കും. ഇവിടങ്ങളിൽ സ്റ്റാഫും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലയിൽ ഐസിയു ബെഡുകൾ ആവശ്യത്തിനുണ്ട്. 250 ഓളം ബെഡുകൾ കൂടുതലായി സജ്ജീകരിച്ചിട്ടുണ്ട്. ഓക്‌സിജൻ ക്ഷാമവും നേരിടുന്നില്ല. ഓക്‌സിജൻ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഡോ. മനോജ് നോഡൽ ഓഫീസറായി വാർ റൂം ഉടൻ ഒരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ബെഡുകളുടെ കാര്യത്തിൽ പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. വ്യാഴാഴ്ച ജില്ലയില്‍ 1056 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആകെ പോസിറ്റിവിറ്റി ശതമാനം 18.9 ആണ്. നിലവില്‍ 13301 പേരാണ് കോവിഡ് ചികിത്യിലുള്ളത്. 17264 പേര്‍ നിരീക്ഷണത്തിലുമുണ്ട്.
ജാഗ്രത കൈവെടിയരുതെന്നാണ് അധികൃതർ വ്യകതമാക്കുന്നത്. സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, മാസ്ക് കൃത്യമായി ഉപയോഗിച്ചു മുഖം മറയ്ക്കുക, സാമൂഹിക അകലം പാലിക്കുക, വയോധികരും കുട്ടികളും ഗർഭിണികളും രോഗികളും വീടുവിട്ട് പുറത്തിറങ്ങരുത്, പരമാവധി യാത്രകൾ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.
Keywords: Kasaragod, Kerala, COVID-19, Corona, Treatment, Patient's, Case, Top-Headlines, Covid: No need to panic for beds, Says DMO.