Liquor Store | ചെറുവത്തൂരിലെ വിവാദ മദ്യശാല അച്ചാംതുരുത്തിയില്‍ തുടങ്ങാന്‍ നീക്കം, ശക്തമായ എതിര്‍പ്പുമായി പ്രദേശവാസികൾ, ഉദ്യോഗസ്ഥരെ തടഞ്ഞു
Feb 6, 2024, 19:49 IST
ചെറുവത്തൂര്‍: (KasargodVartha) വിവാദമായ കണ്‍സ്യൂമര്‍ ഫെഡ് മദ്യശാല അച്ചാംതുരുത്തിയിലേക്ക് മാറ്റാനുള്ള നീക്കം പ്രദേശവാസികൾ തടഞ്ഞു. സ്ഥലപരിശോധനക്കെത്തിയ കണ്‍സ്യൂമര്‍ഫെഡ് ഉദ്യോഗസ്ഥരായ കെ വി വേണുഗോപാല്‍, ബാബുരാജ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപ് എന്നിവരെ അച്ചാംതുരുത്തിയിൽ തടഞ്ഞ് തിരിച്ചയച്ചു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത് മെമ്പര്‍ പി വി ശ്രീജിത്ത്, വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ട് എന്‍ കെ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശവാസികൾ തടഞ്ഞത്.
ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഒരു മാസം മുമ്പ് പ്രവര്‍ത്തനം ആരംഭിക്കുകയും പിറ്റേ ദിവസം തന്നെ അടച്ചുപൂട്ടുകയും ചെയ്ത കണ്‍സ്യൂമര്‍ഫെഡ് മദ്യശാലയാണ് ഗ്രാമീണ മേഖലയായ അച്ചാംതുരുത്തിയില്‍ തുടങ്ങാന്‍ ശ്രമം നടത്തിവന്നത്. ചെറുവത്തൂരില്‍ നിലവിലുള്ള ബാറിന് രണ്ട് കിലോമീറ്റര്‍ ദൂരെ മാറി മാത്രമേ മദ്യശാല തുടങ്ങാന്‍ പാടുള്ളൂവെന്നാണ് സിപിഎം നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. ഇവിടെ സമരം നടത്തിവന്ന സിഐടിയു പ്രവര്‍ത്തകര്‍ നേതൃത്വം നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചിരുന്നു.
ചെറുവത്തൂരിന്റെ അനുയോജ്യമായ ഏതെങ്കിലും സ്ഥലത്ത് മദ്യശാല തുടങ്ങാമെന്നാണ് സിപിഎം നേതൃത്വം അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പടിഞ്ഞാറന്‍ മേഖലയായ അച്ചാംതുരുത്തിയില്‍ മദ്യശാല തുടങ്ങാന്‍ അവിടുത്തെ കെട്ടിട ഉടമ തയ്യാറായത്. എന്നാല്‍ ജനവാസകേന്ദ്രമായ പ്രദേശത്ത് മദ്യശാല തുടങ്ങുന്നത് വലിയ സമൂഹ്യവിപത്തിന് കാരണമാകുമെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. അച്ചാംതുരുത്തിയില്‍ മദ്യശാല തുടങ്ങുന്നതിനോട് സിപിഎമിന് എതിര്‍പ്പില്ലെന്നാണ് വിവരം.
ബാര്‍ ഉടമയും സിപിഎം ഉന്നത നേതാവും തമ്മിലുള്ള ഒത്തുകളിയാണ് കണ്‍സ്യൂമര്‍ഫെഡ് മദ്യശാല ചെറുവത്തൂരിന് വളരെ അധികം ദൂരെയുള്ള അച്ചാംതുരുത്തിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ആരോപണം. മദ്യശാല വിവാദം സിപിഎമിനെ ചെറുതൊന്നുമല്ലാത്ത രീതിയിലാണ് പിടിച്ചുകുലുക്കിയത്. പാര്‍ടിക്കെതിരെ ശബ്ദമുയര്‍ത്താതിരുന്ന പലരും പാര്‍ടി തീരുമാനത്തെ എതിര്‍ത്തുകൊണ്ട് രംഗത്തുവന്നത് സിപിഎമിന് വലിയ രീതിയിലുള്ള തിരിച്ചടിയാണ് ഉണ്ടാക്കിയത്. സിഐടിയു പ്രവര്‍ത്തകര്‍ ദിവസങ്ങളോളം പ്രഖ്യാപന സമരവും നടത്തിയത് നേതൃത്വത്തിന് വെല്ലുവിളിയായി തീര്‍ന്നിരുന്നു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Controversial liquor store in Cheruvathur to Achamthuruthi.