യു ഡി എഫ് വനിതാ സ്ഥാനാര്‍ത്ഥികളെ സി ഐ ടി യു പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതായി പരാതി
ചെറുവത്തൂര്‍: (www.kasargodvartha.com 28.11.2020) തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു ഡി എഫ് വനിതാ സ്ഥാനാര്‍ത്ഥികളെ വോട്ട് തേടുന്നതിനിടയില്‍ തടഞ്ഞ് നിര്‍ത്തി കൈയ്യേറ്റം ചെയ്തതായി പരാതി.
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയും മുന്‍ പഞ്ചായത്ത് അംഗവുമായ എം വി ജയശ്രീ (38), നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ചെറുവത്തൂര്‍ രണ്ടാം ഡിവിഷന്‍ സ്ഥാനാര്‍ത്ഥി കെ വല്ലി (46) എന്നിവര്‍ക്ക് നേരെയാണ് ചെറുവത്തൂരില്‍ വച്ച് കൈയ്യേറ്റ ശ്രമമുണ്ടായത്.
ബസ് സ്റ്റാന്‍ഡ് പരിസരത്തെ കണ്ണംകുളം ഭാഗത്ത് ഉച്ചകഴിഞ്ഞ് ഒന്നരയോടെ വീടുകളില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയപ്പോഴാണ് കൈയ്യേറ്റം നടന്നതെന്ന് സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞു.
സി ഐ ടി യു പ്രവര്‍ത്തകരായ മൂന്ന് പേരുടെ നേതൃത്വത്തിലാണ് കൈയ്യേറ്റംനടന്നതെന്ന് യു ഡി എഫ് നേതാക്കള്‍ ആരോപിച്ചു. വോട്ട് ചോദിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിലുള്ള ഇത്തരം നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൈയ്യേറ്റവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ചന്തേര പൊലീസിനും എം വി ജയശ്രീയും കെ വല്ലിയും പരാതി നല്‍കി.
സംഭവത്തില്‍ യു ഡി എഫ് ചെയര്‍മാന്‍ പൊറായ്ക്ക് മുഹമ്മദ്, കണ്‍വീനര്‍ ഒ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രതിഷേധിച്ചു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
Keywords: Kasaragod, News, Kerala, CITU, UDF, Election, Police, Cheruvathur, Top-Headlines, Complaint that UDF women candidates were assaulted by CITU activists