city-gold-ad-for-blogger

മഴക്കാല രോഗങ്ങളും പ്രതിരോധവും ഹോമിയോപ്പതിയിലൂടെ; വിവിധ രോഗങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട വസ്തുതകളെക്കുറിച്ചും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

(www.kasargodvartha.com 07.06.2019) മഴക്കാലം പനിക്കാലം കൂടിയാണല്ലോ. ഓരോ വര്‍ഷവും കാലാവസ്ഥ-ജീവിതശൈലി മാറ്റങ്ങള്‍ മൂലം അത്ര സാധാരണമല്ലാത്ത പുതിയ രോഗങ്ങള്‍ കേരളത്തെ കീഴടക്കുകയാണ്. മഴക്കാലം ശരീരത്തിന് കൂടുതല്‍ കരുതല്‍ കൊടുക്കേണ്ട സമയമാണ്. അല്‍പ്പം ശ്രദ്ധയും സമയവും മനസുമുണ്ടെങ്കില്‍ സാംക്രമിക രോഗങ്ങളെ പടിക്ക് പുറത്ത് നിര്‍ത്താം.

മഴക്കാല രോഗങ്ങള്‍ പിടിപെടാനുള്ള പ്രധാന കാരണങ്ങള്‍

1. വേനല്‍ചൂടിന്റെ കാഠിന്യത്തില്‍ നിന്നും പെട്ടെന്ന് മഴയുടെ തണുപ്പിലേക്ക് മാറുമ്പോള്‍ രോഗാണുക്കള്‍ പെരുകുവാനുള്ള സാഹചര്യം സംജാതമാകുന്നു.
2. ശുചിത്വവും, രോഗ പ്രതിരോധശേഷിയും കുറയുന്നതിനാല്‍ രോഗങ്ങള്‍ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്നു.
3. കുടിവെള്ള സ്രോതസുകള്‍ മലിനപ്പെടുന്നത് - മഴക്കാലമാകുന്നതോടു കൂടി കരകവിഞ്ഞൊഴുകുന്ന മലിനജലവും, വിസര്‍ജ്യാവശിഷ്ടങ്ങളും കുടിവെള്ള സ്രോതസുകളെ രോഗഹേതുവാക്കുന്നു. മലിനജലം കുടിക്കുന്നതും കൈകാര്യം ചെയ്യുന്നതും, ഭക്ഷണം പാകം ചെയ്യുന്നതും, ഭക്ഷ്യവസ്തുക്കള്‍ കഴുകുന്നതും രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ ഇടയാക്കുന്നു.

മഴക്കാല രോഗങ്ങള്‍

മഴക്കാലത്ത് പ്രധാനമായും കണ്ടുവരുന്ന അസുഖങ്ങള്‍ എലിപ്പനി (Leptospirosis), ഡങ്കിപ്പനി, ചിക്കുന്‍ഗുനിയ, കുരങ്ങുപനി, ജപ്പാന്‍ ജ്വരം, ടൈഫോയിഡ്, കോളറ, മഞ്ഞപ്പിത്തം, ഒ1ച1പനി.

1)എലിപ്പനി (Leptospirosis)

Leptospirosis വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയ ഉണ്ടാക്കുന്ന അസുഖമാണ് എലിപ്പനി. രോഗാണുവാഹകരായ ജീവികളുടെ മൂത്രം വഴിയാണ് മുഖ്യമായും അസുഖം പടരുന്നത്. കൃഷിയും മൃഗങ്ങളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന ജോലികള്‍ ചെയ്യുന്നവരിലും ഇതു കാണപ്പെടാന്‍ സാധ്യത കൂടുതലാണ്. പനി, ക്ഷീണം ശരീരവേദന, തലവേദന, മൂത്രത്തിന് മഞ്ഞ നിറം, വിശപ്പില്ലായ്മ, കണ്ണിലുണ്ടാകുന്ന ചുവപ്പ് നിറം എന്നിവയാണ് പ്രധാനപ്പെട്ട രോഗലക്ഷണങ്ങള്‍, വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ രോഗം ഗുരുതരമായി ആന്തരികാവയവങ്ങളിലെ രക്തസ്രാവം മൂലം മരണം വരെ സംഭവിക്കാം. വിശദമായ രക്തപരിശോധന, മൂത്രപരിശോധന എന്നിവയില്‍ കൂടി രോഗനിര്‍ണ്ണയം സാധ്യമാണ്.

2) ഡെങ്കിപ്പനി

ഗ്രൂപ്പ് ബി ആര്‍ബോവൈറസ് (Arbovirus) ഉണ്ടാക്കുന്ന, Aedes പെണ്‍കൊതുകുകള്‍ പരത്തുന്ന ഒരു വൈറല്‍ പനി. ശക്തമായ പനി, ശക്തമായ ശരീര വേദനയും, പേശി വേദനയും, തലവേദന, ക്ഷീണം, സന്ധികളിലും എല്ലുകളിലും വേദന, ചുവന്നുതടിച്ച പാടുകള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. ലളിതമായ രക്തപരിശോധനകളില്‍ കൂടി രോഗനിര്‍ണ്ണയം നടത്താം. രക്തത്തിലെ Platelets ക്രമാതീതമായി കുറയുന്നതു കാണപ്പെടുന്നു. ഗുരുതരമാകുമ്പോള്‍ ആന്തരിക രക്തസ്രാവം, ബോധക്ഷയം, മരണം വരെ സംഭവിക്കാം.

3) H1N1/Swineflu/പന്നിപ്പനി

ഇന്‍ഫ്ളൂവന്‍സ എ വൈറസ് വിഭാഗത്തില്‍പ്പെട്ട H1N1 വൈറസുകളാണ് രോഗ കാരണം. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് നേരിട്ട് പകരുന്നു. രോഗി ചുമക്കുമ്പോഴും, തുമ്മുമ്പോഴും, വായുവിലൂടെയും, നേരിട്ടുള്ള സമ്പര്‍ക്കം വഴിയോ ഉമിനീരില്‍ കൂടിയോ പിടിപെടുന്നു. പനി, ചുമ, തൊണ്ടവേദന, കുളിര്, ജലദോഷം, ശരീരവേദന, ക്ഷീണം മുതലായവയാണ് പ്രധാന ലക്ഷണങ്ങള്‍. അശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് തുടങ്ങിയ ഗുരുതരാവസ്ഥകള്‍ ഉണ്ടാക്കാനിടയുണ്ട്. മൂക്കിലേയും, തൊണ്ടയിലേയും സ്രവങ്ങള്‍ പരിശോധിക്കുന്നതിലൂടെ രോഗനിര്‍ണ്ണയം സാധിക്കുന്നു.

4) ചിക്കുന്‍ ഗുനിയ

Group B Arbovirus ഉണ്ടാക്കുന്ന, Aedes Aegypti കൊതുകു പരത്തുന്ന ഒരു വൈറല്‍ പനി. ശക്തമായ പനിയോടുകൂടി തലവേദന, ശരീരവേദന, സന്ധിവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍. എളുപ്പത്തില്‍ ചികിത്സിച്ച് മാറ്റാവുന്ന ഒരു അസുഖവും കൂടിയാണ് ഇത്.

5) കുരങ്ങുപനി/Kyasanur Forest Disease

Group B Arbovirus ഉണ്ടാക്കുന്ന ഒരുതരം പനിയായ കെഎഫ്ഡി അടുത്തകാലത്താണ് മലയാളികള്‍ കൂടുതലായി കേട്ടുതുടങ്ങിയത്. പെട്ടെന്നുണ്ടാകുന്ന കുളിരോടു കൂടിയ പനി, ശരീര വേദന, തലവേദന, നിര്‍ജലീകരണം, മാനസിക നിലയിലുണ്ടാകുന്ന വ്യത്യാസം, ഉന്‍മാദാവസ്ഥ എന്നിവയാണ് മുഖ്യ ലക്ഷണങ്ങള്‍. അസുഖം പടര്‍ത്തുന്നത് കുരങ്ങുകളിലും മറ്റും കാണുന്ന ഒരു തരം ചെള്ളുകളാണ്. അതിനാല്‍ കാടുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരില്‍ കൂടുതലായി കണ്ടുവരുന്നു. 5 ശതമാനം പേരില്‍ ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് ഉണ്ടാകുകയും ഇത് മരണകാരണം വരെയാകാറുണ്ട്.

6) ജപ്പാന്‍ ജ്വരം

Group B Arbovirus ഉണ്ടാക്കുന്ന ഒരുതരം പനി. ക്യൂലക്സ് വിഭാഗത്തില്‍പെട്ട കൊതുകുകള്‍ ആണ് അസുഖം പരത്തുന്നത്. പന്നികളിലും, കന്നുകാലികളിലും, പക്ഷികളിലും മറ്റും കാണപ്പെടുന്ന വൈറസ് മനുഷ്യരില്‍ എത്തിക്കുകയും രോഗം പരത്തുകയും ചെയ്യുന്നത് ക്യൂലക്സ് കൊതുകുകളാണ്. പനി, കുളിര്, തലവേദനയോടു കൂടി തുടങ്ങുന്ന പനി തലച്ചോറിനെ ബാധിക്കുമ്പോള്‍ അപസ്മാരം, മാനസിക നിലയിലുണ്ടാകുന്ന വ്യത്യാസം, കോമ എന്നിവയുണ്ടാകുന്നു. ശരീരത്തിന്റെ ഒരു ഭാഗമോ, കൈകാലുകളോ തളരുകയോ/ചലനം നഷ്ടപെടുകയോ എന്നിവയും ഉണ്ടാകുന്നു.

7) ടൈഫോയിഡ്

Salmonella Typhi എന്ന ബാക്ടീരിയ ആണ് ഇത് ഉണ്ടാക്കുന്നത്. മലിനമാക്കപ്പെട്ട വെള്ളം, ആഹാരം, പാല്‍, ഐസ്‌ക്രീം മുതലായവ വഴി രോഗം പടരുന്നു. തുടര്‍ച്ചയായ പനി, തലവേദന, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, വയറുവേദന, മലബന്ധം, വയറിളക്കം എന്നിവ ഉണ്ടാകാം. തുടര്‍ച്ചയായ പനി (ഒരു ദിവസത്തെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ Temparature 1.50F/10C ല്‍ കുറവ്) വയറിലും, നെഞ്ചിലും ചുവന്ന പാടുകള്‍ ഉണ്ടാകും. ഗുരുതരമാകാത്ത ടൈഫോയിഡ് മൂന്നാം ആഴ്ചയോടു കൂടി പൂര്‍വ്വ ആരോഗ്യ സ്ഥിതിയിലേക്ക് മടങ്ങി വരും.
രക്തപരിശോധന (TC, DC, WIDAL Test) എന്നിവ, മൂത്രം/മലം പരിശോധനയില്‍ കൂടി രോഗനിര്‍ണ്ണയം സാധ്യമാണ്.

8) കോളറ

Vibrio Cholera എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു അസുഖം. വയറിളക്കം, ഛര്‍ദ്ദി, രോഗികളുടേയും രോഗാണുവാഹകരുടേയും മലത്തില്‍ കൂടി മറ്റുള്ളവരിലേക്ക് എത്തുന്നു. കഴിക്കുന്ന ഭക്ഷണം, വെള്ളം ഇവയിലൂടെ ശരീരത്തിനുള്ളില്‍ എത്തുന്നു. വേദനയില്ലാത്ത വയറിളക്കം, കഞ്ഞിവെള്ളം പോലെ വയറിളകുക, ചര്‍ദ്ദി മുതലായവ ലക്ഷണങ്ങളാണ്. നിര്‍ജ്ജലീകരണം, ഷോക്ക് എന്നിവ സംഭവിക്കാം. വായ വരളുക, മൂത്രം പോകുന്നത് കുറയുക എന്നിവ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. മലം പരിശോധിക്കുന്നതിലൂടെ രോഗനിര്‍ണ്ണയം സാധിക്കുന്നു. നിര്‍ജ്ജലീകരണം തടയാന്‍ ഒആര്‍എസ് ചികിത്സ സഹായിക്കുന്നു.

9) മഞ്ഞപ്പിത്തം (Hepatitis A&E)

ആര്‍എന്‍എ വിഭാഗത്തില്‍പ്പെട്ട വൈറസ് ആണ് അസുഖം ഉണ്ടാക്കുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് അസുഖം പടരുന്നത്. കക്കൂസ് മാലിന്യവുമായി കലര്‍ന്ന ജലമോ, ഭക്ഷ്യവസ്തുക്കളോ ഉള്ളിലെത്തുന്നതു വഴി രോഗം പടര്‍ന്നു പിടിക്കുന്നു. കണ്ണിലെ വെള്ള മഞ്ഞനിറമാവുക, മൂത്രത്തിന് മഞ്ഞയോ ചുവപ്പോ നിറമാവുക, ചര്‍മ്മം മഞ്ഞ നിറമാവുക, ഛര്‍ദ്ദി, ഓക്കാനം, വിശപ്പില്ലായ്മ, പനി, തലവേദന, എന്നിവയാണ് മുഖ്യലക്ഷണങ്ങള്‍.

ശ്രദ്ധിക്കേണ്ട വസ്തുതകള്‍

-കുട്ടികള്‍, പ്രായമായവര്‍ ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
-നിലവില്‍ ആസ്ത്മ, അലര്‍ജി കൊണ്ടുള്ള തുമ്മല്‍ വാതരോഗങ്ങള്‍ മുതലായവ ഉള്ളവര്‍ മഴക്കാലത്ത് ഈ അസുഖങ്ങള്‍ കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ മുന്‍കരുതലുകള്‍ ആവശ്യമാണ്.
-കാന്‍സര്‍, പ്രമേഹം തുടങ്ങിയ ദീര്‍ഘകാല രോഗങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

മുന്‍കരുതലുകള്‍

വ്യക്തിശുചിത്വവും, പരിസരശുചിത്വവുമാണ് പകര്‍ച്ചവ്യാധികളെ തുടച്ചുനീക്കുന്നതിനുള്ള ഏറ്റവും പ്രഥമ മാര്‍ഗ്ഗം.

-പുറത്തുപോയി വന്നതിനുശേഷവും, മലമൂത്രവിസര്‍ജനത്തിനു ശേഷവും ആഹരത്തിന് മുന്‍പും കൈകള്‍ നന്നായി സോപ്പിട്ട് കഴുകി വൃത്തിയാക്കുക.
-ആഹാര പദാര്‍ത്ഥങ്ങള്‍ അതാതു സമയത്ത് പാകം ചെയ്ത് ചെറു ചൂടോടെ കഴിക്കുക.
-ആഹാരപദാര്‍ത്ഥങ്ങള്‍ ഈച്ചയും മറ്റും കടക്കാതെ അടച്ചു വയ്ക്കുക.
-കുടിവെള്ളം തിളപ്പിച്ചത് മാത്രം ഉപയോഗിക്കുക
-പുറത്തുപോകുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുക
-രോഗീപരിചരണം നടത്തുന്നവര്‍ ഗ്ലൗസ്, മാസ്‌കുകള്‍ എന്നിവ ധരിക്കുക.
-നന്നായി ഉണങ്ങിയ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക
-രണ്ടു നേരം കുളിക്കുകയും (ഇളം ചൂടു വെള്ളത്തില്‍) വസ്ത്രങ്ങള്‍ മാറുകയും ചെയ്യുക.
-ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും ടവല്‍ കൊണ്ട് മറച്ചു പിടിക്കുക.

പരിസരശുചിത്വം

-മാലിന്യ സംസ്‌കരണം: മഴക്കാലം തുടങ്ങാന്‍ കാത്തു നില്‍ക്കാതെ ജൈവ-ഖര മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുക.
-വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
-മലിനജലം കുടിവെള്ള സ്രോതസ്സുകളുമായി കലരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുക.
-മഴക്കാല രോഗങ്ങളില്‍ ഭൂരിഭാഗവും പകര്‍ത്തുന്നത് കൊതുകുകളാണ്. ലക്ഷക്കണക്കിന് കൊതുകു ലാര്‍വകള്‍ക്ക് വളരാന്‍ 1 അടപ്പ്/സ്പൂണ്‍ വെള്ളം തന്നെ ധാരാളം. ആയതിനാല്‍ വെള്ളം കെട്ടിനില്‍ക്കാനുള്ള എല്ലാ സാഹചര്യങ്ങളും (ശുദ്ധജലമായാലും മലിനജലമായാലും) ഒഴിവാക്കണം. ശുദ്ധജലത്തില്‍ പെരുകുന്ന കൊതുകുകളാണ് (Aedes) ഡങ്കിപ്പനി പോലുള്ള അസുഖങ്ങള്‍ പരത്തുന്നത്. കൊതുകുകളുടെ മുട്ട വിരിയാന്‍ 7-10 ദിവസം ആണ് എടുക്കുന്നത്. അതിനാല്‍ ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ ആയി ആചരിക്കുക. അതായത് നമ്മുടെ പരിസരത്ത് വെള്ളം കെട്ടി നില്‍ക്കുന്ന ടയറുകള്‍, ചകിരിതുണ്ടുകള്‍, ചിരട്ട, പ്ലാസ്റ്റിക്ക് കുപ്പികള്‍, അടപ്പുകള്‍, ചെറിയ കളിപ്പാട്ടങ്ങള്‍, വിറകു മൂടിയ ഷീറ്റ്, ഫ്രിഡ്ജിന്റെ അടിയില്‍/പിറകിലുള്ള ട്രെ, ചെടിച്ചട്ടി എന്നിവയില്‍ കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കി കളയുക. ഇതിനുള്ള സൗകര്യം ഇല്ലെങ്കില്‍ പരിസ്ഥിതി സൗഹൃദ കീടനാശിനികള്‍, മണ്ണെണ്ണ മുതലായവ, മിനറല്‍ ഓയില്‍ എന്നിവ ഉപയോഗിക്കാം. ജലാശയങ്ങളിലും മറ്റും  (കൃഷിയിടങ്ങളിലെ കുളങ്ങള്‍, വലിയ ടാങ്കുകള്‍, ജലംഭരണികള്‍ എന്നിവയില്‍ കൂത്താടി ഭോജികളായ മത്സ്യങ്ങളെ (ഗപ്പി) നിക്ഷേപിക്കുക.)രോഗിയെ കൊതുകു കടി ഏല്‍ക്കാതെ കൊതുകു വലയ്ക്കുള്ളില്‍ കിടത്തുക, കൊതുകു കടി ഏല്‍ക്കാതെ ദേഹം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. മുറികളുടെ ജനാലകളും എയര്‍ ഹോളുകളും കൊതുകു കടക്കാത്ത തരത്തിലുള്ള വല കെട്ടി സംരക്ഷിക്കുക.

-വ്യായാമം
രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനുള്ള കൃത്യമായ ശാരീരിക വ്യായാമം ആവശ്യമാണ്. മുറിക്കുള്ളില്‍ വെച്ച് തന്നെ യോഗ നടത്തണം. നടത്തം, സ്‌കിപ്പിങ്, ജോഗ്ഗിങ് എന്നിവ ചെയ്യാം.

-ഭക്ഷണം
സാധാരണ ആരോഗ്യവാനായ ഒരാള്‍ക്ക് വിശ്രമം, എളുപ്പം ദഹിക്കാവുന്ന ലളിതമായ ആഹാരങ്ങള്‍, ആവശ്യത്തിന് ശുദ്ധജലം കുടിക്കല്‍, ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള മരുന്നുകള്‍ എന്നിവയിലൂടെ പൂര്‍ണ്ണമുക്തി ലഭിക്കുന്നു. നാട്ടില്‍ ലഭ്യമായ പഴങ്ങളും പച്ചക്കറികളും കഴിക്കാം. പ്രാരംഭ രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ സ്വയം ചികിത്സ ഒഴിവാക്കി അഗീകൃത യോഗ്യതയുള്ള ഒരു ഹോമിയോ ഡോക്ടറെ കണ്ട് അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണമുള്ള ഔഷധങ്ങള്‍ സേവിക്കേണ്ടതാണ്. നിര്‍ദേശമനുസരിച്ചുള്ള പരിശോധനകളും നടത്തേണ്ടതാണ്. സംസ്ഥാന സര്‍ക്കാറിന്റെ RAECH എന്ന സാംക്രമിക രോഗ പ്രതിരോധ സെല്‍ കണ്ടെത്തിയ പ്രതിരോധ ഔഷധങ്ങള്‍ എല്ലാ സര്‍ക്കാര്‍-പ്രൈവറ്റ് ഹോമിയോപ്പതി സ്ഥാപനങ്ങളിലും ലഭ്യമാണ്.

പനിമരണം ഉണ്ടാകുമ്പോള്‍ മാത്രം തുടങ്ങുന്ന ബോധവല്‍ക്കരണ ക്ലാസ്സുകളിലും പ്രതിരോധ മരുന്നു വിതരണത്തിലും പരിസര ശുചീകരണ യജ്ഞത്തിലും ഒതുങ്ങാതെ സമഗ്രമായ ഒരു സാമൂഹിക- ആരോഗ്യ ജീവിത ശൈലി പരിവര്‍ത്തനത്തിലൂന്നി കൊണ്ടുള്ള അനുകരണീയമായ മാറ്റത്തിനാണ് നാം ഊന്നല്‍ കൊടുക്കേണ്ടത്.

മഴക്കാല രോഗങ്ങളും പ്രതിരോധവും ഹോമിയോപ്പതിയിലൂടെ; വിവിധ രോഗങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട വസ്തുതകളെക്കുറിച്ചും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, health, Top-Headlines, Fever, Common Monsoon Diseases and Prevention Tips
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia