Injured | ചാത്തമംഗലം കോളജില്‍ റാഗിങ്: വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം
കോഴിക്കോട്: (KasargodVartha) ചാത്തമംഗലം കോളജില്‍ വിദ്യാര്‍ഥിക്ക് റാഗിങില്‍ ക്രൂരമര്‍ദനമേറ്റതായി പരാതി. ഒന്നാംവര്‍ഷ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥി മുഹമ്മദ് റിശാനിനെ പരിക്കുകളോടെ കോഴിക്കോട് മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 'കണ്ണിന് താഴെ ഗുരുതര പരുക്കേറ്റിട്ടുണ്ട്. മര്‍ദനത്തില്‍ അവന്‍ അബോധാവസ്ഥയിലായി. കണ്ണിന്റെ കാഴ്ചയെയടക്കം ബാധിക്കാന്‍ സാധ്യതയുണ്ട്, അത്രയും ക്രൂരമായ മര്‍ദനമാണ് നടന്നത്' -വിദ്യാര്‍ഥികള്‍ പറഞ്ഞു.
'കോളജിന് അകത്തുനിന്നെടുത്ത കുട്ടികളുടെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നത്. ഈ ഫോടോ നീക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് ഞങ്ങള്‍ പറഞ്ഞു. കോളജിനകത്തെ ഒരു ടെറസില്‍ നിന്നെടുത്ത ചിത്രമായിരുന്നു അത്. ഇതില്‍ പ്രകോപിതരാകുന്നത് എന്തിനാണെന്ന് അറിയില്ല. നിലവിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ അവിടെ നിന്ന് ഫോടോയെടുത്തപ്പോള്‍ മുമ്പ് അവരുടെ സീനിയേഴ്‌സ് പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചിരുന്നു എന്നാണ് പറഞ്ഞത്' - കുട്ടികള്‍ കൂട്ടിച്ചേര്‍ത്തു.
മര്‍ദിക്കുമെന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നു. ഇനിയും നിങ്ങള്‍ ആ പോസ്റ്റ് മാറ്റിയില്ലെങ്കില്‍ നമുക്ക് തിങ്കളാഴ്ച കാണാം, നല്ല വൃത്തിക്ക് കാണാം എന്നായിരുന്നു ഞായറാഴ്ച സീനിയര്‍ വിദ്യാര്‍ഥി അയച്ച സന്ദേശത്തില്‍ പറയുന്നത്. ഇതിന് പിന്നാലെ 20 ഓളം വരുന്ന സംഘം തങ്ങളെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചെന്നാണ് ജൂനിയര്‍ വിദ്യാര്‍ഥികള്‍ പറയുന്നത്. കണ്ടാലറിയുന്ന കുറച്ച് വിദ്യാര്‍ഥികള്‍ ഞങ്ങളെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണെന്നും നിരന്തരം ഭീഷണിയുണ്ടെന്നും കുട്ടികള്‍ പറയുന്നു.
Keywords: News, Kerala, Kerala News, Kozhikode, Chathamangalam, Complaint, Attack, Students, College, Crime, Top-Headlines, Chathamangalam: Complaint that student attacked by senior students.