തോണി തകര്‍ന്ന് കാണാതായ മൂന്ന് മീന്‍പിടുത്ത തൊഴിലാളികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
കാസര്‍കോട്: (www.kasargodvartha.com 05.07.2021) കാസര്‍കോട് അഴിമുഖത്ത് മീന്‍പിടുത്തത്തിനിടെ തോണി തിരമാലയില്‍പ്പെട്ട് തകര്‍ന്ന് കണ്ടാതായ മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കാസര്‍കോട് കസബ കടപ്പുറത്തെ ശശിയുടെ മകന്‍ സന്ദീപ് (33) ,അമ്പാടിയുടെ മകന്‍ രതീശന്‍ (30), ഷണ്‍മുഖന്റ മകന്‍ കാര്‍ത്തിക്ക് (29) എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ കണ്ടെത്തിയത്.
സന്ദീപിന്റെയും രതീഷിന്റെയും മൃതദേഹം കോട്ടിക്കുളത്ത് കരയ്ക്കടിയു കയായിരുന്നു. രതീഷിന്റെ മൃതദേഹം ബേക്കലിനടുത്ത് കടലില്‍ തെരെച്ചില്‍ നടത്തുകയായിരുന്ന മത്സ്യതൊഴിലാളികള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച പുലര്‍ചെ ആറു മണിയോടെയായിരുന്നു കാസര്‍കോട് അഴിമുഖത്തിന് സമീപം പുലിമുട്ടിനടുത്ത് വെച്ച് ഫൈബര്‍ തോണി ശക്തമായ തിരമാലയില്‍പ്പെട്ട് തകര്‍ന്ന് മൂന്ന് പേരെ കാണാതായത്.
ദുരന്തം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടെങ്കിലും നേവിയുടെ ഹെലികോപ്ടറോ ഫിഷറീസിന്റെ രക്ഷാ ബോടോ എത്തിയിരുന്നില്ല. കോസ്റ്റല്‍ പൊലീസിന്റെയും മീന്‍പിടുത്ത തൊഴിലാളികളുടെയും നേതൃത്വത്തിലായിരുന്നു തെരച്ചില്‍. അപകടത്തില്‍ നിന്നും അത്ഭുതകരമായി പരിക്കുകളോടെ രക്ഷപ്പെട്ട കസബ കടപ്പുറത്തെ സോമന്റെ മകന്‍ രവി (40), ലക്ഷ്മണന്റെ മകന്‍ ഷിബിന്‍ (30), ഭാസ്‌ക്കരന്റെ മകന്‍ മണികുട്ടന്‍ (35), വസന്തന്റെ മകന്‍ ശശി (30) എന്നിവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫൈബര്‍ തോണി ശക്തമായ തിരമാലയില്‍പ്പെട്ട് തകരുകയായിരുന്നു. ഭാഗീകമായി തകര്‍ന്ന നിലയില്‍ തോണി പിന്നീട് കരയ്ക്കടിഞ്ഞു. എംഎല്‍എ മാരും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ശ്രമങ്ങള്‍ നടത്തിയിരുന്നു.
Keywords: Kasaragod, News, Kerala, Missing, Dead body, Fishermen, Hospital, Kasaragod, News, Kerala, Missing, Dead body, Fishermen, Hospital, Treatment, Bodies of three fishermen who went missing after boat capsized found Treatment, Bodies of three fishermen who went missing after boat capsized found.