തീരത്തെ കണ്ണീരിലാഴ്ത്തിയ കറുത്ത ഞായർ; നീന്തലിൽ പ്രാഗൽഭ്യം ഇല്ലാത്ത സുഹൃത്തിന് രക്ഷാ ജാകെറ്റ് കൈമാറി സ്വയം മരണം വരിച്ച് രതീഷ് നാടിന് തേങ്ങലായി
Jul 5, 2021, 14:11 IST
കാസർകോട്: (www.kasargodvartha.com 05.07.2021) ഞായറാഴ്ച രാവിലെ കാസർകോടിനെ തേടിയെത്തിയത് ഒരു ദുരന്ത വാർത്തയായിരുന്നു. കസബ കടപ്പുറത്തു നിന്നു പോയ വള്ളം കീഴൂർ ഭാഗത്ത് അപകടത്തിൽപെട്ട വാർത്ത ശരിക്കും തീരത്തെ ഞെട്ടിച്ചു. നാല് പേർ അത്ഭുതകരമായി രക്ഷപ്പെട്ടങ്കിലും മൂന്ന് പേരെ കാണാതാവുകയായിരുന്നു.
കാണാതായ സഹോദരങ്ങൾക്ക് വേണ്ടി നാട് കണ്ണീരോടെ പ്രാർഥിച്ചു. ഒരിറ്റ് ജീവൻ എങ്കിലും ബാക്കിവെച്ച് കടലമ്മ അവരെ തിരികെ ഏൽപ്പിക്കണമെന്ന്. പക്ഷെ ആ പ്രാർഥനയ്ക്കിടെ 24 മണിക്കൂറുകൾക്കിപ്പുറത്തെ തെരച്ചിലിനൊടുവിൽ മൂന്ന് പേരുടെയും ചേതനയറ്റ ശരീരം കണ്ടെത്തി. കാസര്‍കോട് കസബ കടപ്പുറത്തെ ശശിയുടെ മകന്‍ സന്ദീപ് (33), അമ്പാടിയുടെ മകന്‍ രതീശന്‍ (30), ഷണ്‍മുഖന്റ മകന്‍ കാര്‍ത്തിക്ക് (29) എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ കണ്ടെത്തിയത്.
എന്നാൽ മരണശേഷവും പാണ്ടു എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന രതീഷിന്റെ ജീവത്യാഗമാണ് ഇപ്പോൾ തീരത്തെ കണ്ണീരണിയിക്കുന്നത്. തിരയിൽപെട്ട് തോണി കീഴ്മേൽ മറിഞ്ഞ് ഏഴ് പേരും കടലിൽ വീണ സമയത്ത് തന്റെ കൈയ്യിലുള്ള രക്ഷാ ജാകെറ്റ് കൂടയുള്ള ഷിബിലിന് കൊടുത്ത് സ്വയം മരണത്തെ സ്വീകരിക്കുകയിരുന്നു രതീഷ്. നന്നായി നീന്താനറിയാവുന്നതിനാൽ നീന്തൽ കൂടുതൽ അറിയാത്ത ഷിബിലിന് രക്ഷാ ജാകെറ്റ് കൊടുത്ത് കരയിലേക്ക് നീന്തി വരുന്നതിനിടയിൽ കൈകാലുകൾ കുഴഞ്ഞ് ആഴങ്ങളിലേക്ക് താഴ്ന്ന് പോവുകയായിരുന്നു.
ഞായറാഴ്ച പുലർചെ 5.45നാണ് വള്ളങ്ങൾ കടലിലേക്കു പോയത്. കാലാവസ്ഥ അത്ര അനുകൂലമല്ലായിരുന്നു. ആദ്യ നാല് വള്ളങ്ങൾ കടന്നു പോയി. പിന്നാലെയെത്തിയ വള്ളമാണ് അപകടത്തിൽ പെട്ടത്. തലേന്ന് നന്നായി മീൻ ലഭിച്ചതിനാൽ തൊഴിലാളികൾ വലിയ പ്രതീക്ഷയോടെയാണ് കടലിലേക്കു പോയത്. എന്നാൽ അത് ഇത്രയും വലിയ ദുരന്തമായി മാറുമെന്ന് ആരും കരുതിയില്ല. 30 അടിയോളം ആഴമുള്ള ഭാഗത്താണ് വള്ളം മറിഞ്ഞത്. ഇവിടെ മണൽതിട്ടകളുമുണ്ട്. മുൻപ് കനത്ത തിരയിൽ ഏഴോളം വള്ളങ്ങൾ മറിഞ്ഞ സംഭവവും ഈ പുലിമുട്ടിന് സമീപമുണ്ടായിട്ടുണ്ട്.
‘മുന്നിൽ പോയ നാലു വള്ളങ്ങൾ പുലിമുട്ട് കടന്നു മുന്നോട്ടു പോയിരുന്നു. ഞങ്ങൾ പുലിമുട്ട് കടന്നതും വലിയ തിരയെത്തി വള്ളത്തെ മറിച്ചു. മൂന്നു പേർ പിടിവിട്ടു പോയി. ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. തിരിഞ്ഞു നോക്കിയാൽ കടലിൽ വീഴും. വള്ളത്തിൽ പിടിവിടാതെ ഞങ്ങൾ മുറുകെ പിടിച്ചു. കനത്ത തിരയിൽ പുലിമുട്ടിന് തെക്കു ഭാഗത്തേക്ക് വള്ളമെത്തി. അവിടുത്തെ തീരത്തെത്തിയപ്പോൾ നാട്ടുകാർ രക്ഷിച്ചു’ അപകടത്തിൽ നിന്നും രക്ഷപെട്ട് ആശുപത്രിയിൽ കഴിയുന്ന മണിക്കുട്ടൻ പറഞ്ഞു.
കസബ കടപ്പുറത്തെ സോമന്റെ മകന്‍ രവി (40), ലക്ഷ്മണന്റെ മകന്‍ ഷിബിന്‍ (30), വസന്തന്റെ മകന്‍ ശശി (30) എന്നിവരാണ് അപകടത്തിൽ നിന്നും രക്ഷപെട്ട മറ്റുള്ളവർ.
അതേസമയം നിരന്തരം അപകടമുണ്ടാകുന്ന മേഖലയാണെന്നും ഹാര്‍ബറിനോട് അനുബന്ധിച്ച പുലിമുട്ടിന്‍റെ അശാസ്ത്രീയ നിര്‍മാണമാണ് അപകടത്തിന് കാരണമെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. കോസ്റ്റല്‍ പൊലീസിന്‍റെ രക്ഷാപ്രവര്‍ത്തന ബോട് എത്താന്‍ താമസിച്ചെന്നും തൊഴിലാളികള്‍ ആരോപിച്ചു.
Keywords: Kerala, News, Kasaragod, Top-Headlines, Death, Sea, Kizhur, Boat, Accidental Death, Accident, Boat accident, Black Sunday on the coast; Ratheesh's death after handing over life jacket to a friend.
< !- START disable copy paste -->