ആറേക്കര്‍ ഭൂമിയില്‍ പൊന്നുവിളയിക്കുന്ന പാത്തിക്കരയിലെ വീട്ടമ്മയ്ക്ക് പുരസ്‌കാരം
Oct 24, 2020, 13:32 IST
സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (www.kasargodvartha.com 24.10.2020) പ്രതിസന്ധികള്‍ ഒരു തടസ്സമായില്ല. പാത്തിക്കരയിലെ കെ പി ഡോളി എന്ന വീട്ടമ്മയ്ക്ക് കാസര്‍കോട് ജില്ലയിലെ മികച്ച വനിതാ പച്ചക്കറി കര്‍ഷകയ്ക്കുള്ള പുരസ്‌ക്കാരം.
ബളാല്‍ പഞ്ചയാത്തിലെ പാത്തിക്കര എന്ന മലഞ്ചെരുവിലെ ആറേക്കര്‍ ഭൂമിയില്‍ ഡോളി നട്ടുനനച്ചു വളര്‍ത്തിയ വിളകള്‍ എല്ലാം ചേര്‍ന്നാണ് 30 വര്‍ഷത്തെ തന്റെ കഠിനാധ്വാനത്തിന് ഇവര്‍ക്ക് കാര്‍ഷിക വികസനക്ഷേമ വകുപ്പിന്റെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
മഴമറ കൃഷി രീതികളാണ് ഡോളിക്ക് പുരസ്‌ക്കാരം നേടി കൊടുത്തത്. ഡോളിക്ക് 28വയസ്സ് പ്രായമുള്ളപ്പോഴായിരുന്നു ഇവരുടെ ഭര്‍ത്താവ് ജോസഫ് മരിച്ചത്. ഇതോടെ മാനസികമായും തളര്‍ന്നു. മൂന്ന് മക്കളെ പോറ്റി വളര്‍ത്തുവാനും ദുഃഖത്തില്‍ നിന്നും കരകയറുവാനും ഡോളി കണ്ടെത്തിയ മാര്‍ഗ്ഗം കൃഷിയായിരുന്നു. ഇന്ന് പാത്തിക്കരയിലെ ഡോളിയുടെ കൃഷിയിടത്തില്‍ ഇല്ലാത്ത വിളവുകള്‍ഒന്നും തന്നെയില്ല.
തെങ്ങും, കമുങ്ങും, കുരുമുളകും, റബ്ബറും, വാഴയും തുടങ്ങി എല്ലാ ഫലവൃക്ഷങ്ങളും ഇവിടെയുണ്ട്. ഇടവിളയായി നെല്‍ കൃഷിയുമുണ്ട് .കൂടാതെ പയര്‍, തക്കാളി, ഞരമ്പന്‍, പടവലം, വെണ്ട, മത്തന്‍, വഴുതിന തുടങ്ങിയ പച്ചക്കറികള്‍ക്ക് പുറമെ പരീക്ഷണടിസ്ഥാനത്തില്‍ ചെയ്ത മഞ്ഞുകാല വിളകളായ കോളിഫ്‌ലവര്‍, കാബേജ്, തക്കാളി, കാരറ്റ്, ഉള്ളി തുടങ്ങിയവയും ഡോളിയുടെ കൃഷി ഭൂമിയില്‍ വിളയുന്നുണ്ട്.
നാല് പശുക്കള്‍ ഉള്ളതുകൊണ്ട് പാലിന് പുറമെ ചാണകവും ഗോമൂത്രവും കൊണ്ട് സ്വന്തമായി ഉണ്ടാക്കുന്ന ജൈവവളവും ജൈവ കീടനാശിനിയുമാണ് ഡോളി വിളകള്‍ക്ക് ഉപയോഗിക്കുന്നത്. തെങ്ങിന് തടമെടുക്കലും, തേങ്ങയിടലും, ടാപ്പിംഗും, കറവയും, കിളയ്ക്കലും കുഴിയെടുക്കലും എന്നുവേണ്ട കൃഷിയിടത്തിലെ എല്ലാ കാര്യങ്ങളും പരസഹായം ഇല്ലാതെ സ്വന്തമായാണ് ഡോളി ചെയ്യുന്നത്.
വീടിന്റെ മട്ടുപ്പാവിലും വീടുവളപ്പിലും പ്ലാസ്റ്റിക് ടെന്റിനുള്ളില്‍ നടത്തുന്ന മഴമറ കൃഷി രീതിയിലൂടെയാണ് ഡോളി മഴക്കാലത്ത് പച്ചക്കറി കൃഷിവിളയിക്കുന്നത്.ആറുവര്‍ഷമായി തെങ്ങിന്റെ ഇടവിള കൃഷിയായി കരനെല്‍ കൃഷിയും ഡോളി ചെയ്യുന്നു. 20കിലോഗ്രാം നെല്‍വിത്ത് വിതച്ചാല്‍ 80കിലോഗ്രാമോളം വിളവ് ലഭിക്കുമെന്ന് ഡോളി പറയുന്നു.
അടുക്കള മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ വീട്ടുവളപ്പില്‍ റിങ് കമ്പോസ്റ്റുകളും കുഴികളും സ്ഥാപിച്ചിട്ടുണ്ട്.
ഡോളിയുടെ മായമില്ലാത്ത പച്ചക്കറികള്‍ വെള്ളരിക്കുണ്ടിലെ ഇക്കോ ഷോപ്പിലും ആഴ്ച ചന്തയിലുമാണ് വിറ്റഴിക്കുന്നത്. കൃഷിയറിവുകള്‍ സമൂഹത്തിലേക്ക് പങ്കുവയ്ക്കാന്‍ ഡോളി പച്ചക്കറി എന്നപേരില്‍ സ്വന്തമായി യൂറ്റൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.
കാര്‍ഷിക രംഗത്തെ ജില്ലയിലെ മികച്ച പുരസ്‌ക്കാരം നേടിയ ഡോളിയെ ബളാല്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു. പ്രസിഡണ്ട് എം രാധാമണി പഞ്ചായത്തിന്റെ ഉപഹാരം കൈമാറി. വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം. കൃഷി ഓഫീസര്‍ അനില്‍ സെബാസ്റ്റ്യൻ. തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതിസന്ധികള്‍ മറികടന്ന് കൃഷിയിലൂടെ മുന്നേറിയ തനിക്ക് ലഭിച്ച പുരസ്‌കാരം എന്റെ സ്വന്തം നാടിനു സമര്‍പ്പിക്കുന്നതായി കെ പി ഡോളി എന്ന തടത്തില്‍ ഡോളി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: News, Kasaragod, Top-Headlines, Vellarikundu, Award, House-wife, Housewife, Cultivation, Land, Pathikkara, Award to a housewife from Pathikkara who cultivates gold on six acres of land.
< !- START disable copy paste -->
< !- START disable copy paste -->