city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിജെപി ജില്ലയില്‍ നടത്തിയത് ആസൂത്രിതമായ അക്രമം; ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞതിനാല്‍ രോഗി മരിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: പി. കരുണാകരന്‍ എംപി

കാസര്‍കോട്: (www.kasargodvartha.com 04/01/2017) ചെറുവത്തൂരില്‍ ബിജെപി സംഘടിപ്പിച്ച പദയാത്രയ്ക്കിടെ അക്രമം നടത്തുകയും പിന്നീട് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജില്ലയിലുടനീളം അക്രമം അഴിച്ചുവിടുകയും ചെയ്തത് ബിജെപി നേതാക്കളുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് പി.കരുണാകരന്‍ എംപിയും സിപിഎം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രനും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

സിപിഎമ്മിന്റെ ശക്തികേന്ദ്രത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തുകയും പോലീസ് നിര്‍ദേശിച്ച സ്ഥലത്തുകൂടി പോകാതെ പ്രകടനം വഴിതിരിച്ച് വിട്ട് അക്രമം നടത്തുകയുമായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു. സിപിഎം നേതാക്കളും പോലീസും ഇടപെട്ട് നടത്തിയ സമാധാന നീക്കങ്ങളാണ് വലിയ സംഘര്‍ഷം ഒഴിവാക്കിയതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹര്‍ത്താല്‍ അനുകൂലികള്‍ കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ വൈകിയ വെള്ളരിക്കുണ്ടിലെ ജോണ്‍ എന്ന വ്യാപാരി മരിക്കാനിടയായ സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ജില്ലയില്‍ എത്രയോ ബന്ദും ഹര്‍ത്താലും ഇതിനു മുമ്പും നടന്നിട്ടുണ്ട്. എവിടെയും ഇത്തരത്തില്‍ രോഗികളെ കൊണ്ടുപോകുന്നത് തടഞ്ഞതിന്റെ പേരില്‍ ഒരു അനിഷ്ട സംഭവവുമുണ്ടായിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ബിജെപിയുടെ നടപടിയെ തുടര്‍ന്നുണ്ടായ മരണത്തില്‍ സിപിഎം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

മറ്റു പാര്‍ട്ടികളുടെ സംഘടനാ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന രീതി സിപിഎമ്മിനില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ബിജെപി മുന്‍കൂട്ടി തന്നെ പ്ലാന്‍ ചെയ്ത് ആക്രമം നടത്താന്‍ വേണ്ടി മാത്രമാണ് ഇത്തരമൊരു യാത്ര സംഘടിപ്പിച്ചതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ചുമട്ടുതൊഴിലാളികളായ രണ്ട് സിഐടിയു പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ ചെറുവത്തൂര്‍ വഴി വരുമ്പോള്‍ തടയാന്‍ വലിയ ജനക്കൂട്ടമാണ് ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയില്‍ തടിച്ചുകൂടിയത്. സിപിഎം നേതാക്കളായ കെ.പി സതീഷ് ചന്ദ്രനും, എംഎല്‍എ എം.രാജഗോപാലും, മുന്‍ എം എല്‍ എ കെ.കുഞ്ഞിരാമനും മറ്റും ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയും വലിയ അക്രമം ഉണ്ടാകുന്നത് ഒഴിവാക്കുകയുമാണ് ചെയ്തത്. പൊതുയോഗം കഴിഞ്ഞ് പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ മറ്റ് പലവഴിക്കും തിരിച്ചയക്കാന്‍ പോലീസും സിപിഎമ്മും വലിയ രീതിയിലുള്ള ശ്രമങ്ങളാണ് നടത്തിയത്. എന്നിട്ടും ബോധപൂര്‍വ്വം കുഴപ്പമുണ്ടാക്കാന്‍ വേണ്ടിമാത്രമാണ് ജില്ലയ്ക്കു പുറത്തു നിന്നുള്ള ഒരു ബിജെപി നേതാവും ജില്ലയിലെ ബിജെപി നേതാക്കളും റോഡില്‍ കുത്തിയിരുന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.

ചീമേനിയില്‍ പ്രസംഗിച്ച ഒരു നേതാവ് എകെജി സെന്റര്‍ തല്ലിപൊളിച്ച് അകത്തുകടന്ന് ബിജെപി പൊതുയോഗം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത് സാധാരണക്കാരായ പാര്‍ട്ടിക്കാര്‍ ക്ഷമിച്ചെന്ന് വരില്ലെന്നും നേതാക്കള്‍ പറഞ്ഞു. അക്രമം ഒഴിവാക്കാന്‍ ചീമേനിയിലെ പാര്‍ട്ടി പ്രവര്‍ത്തകരോടെല്ലാം അവിടെ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത് സംഘര്‍ഷം ഒഴിവാക്കാനാണ്. അവസാന ബിജെപി പ്രവര്‍ത്തകരും ചെറുവത്തൂരില്‍ നിന്നും പോയ ശേഷമാണ് സിപിഎം നേതാക്കള്‍ തിരിച്ചുപോയത്. എന്നിട്ടും സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്ന് പറയുന്നത് ബാലിശമാണെന്നും നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നീലേശ്വരം ചാത്തമത്ത് ബൂത്ത് ഏജന്റായിരുന്ന ബിജെപി പ്രവര്‍ത്തകനെ തടഞ്ഞുവെച്ച് താന്‍ ഇനി ബിജെപിയില്‍ പ്രവര്‍ത്തിക്കില്ലെന്ന് തൃക്കരിപ്പൂര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ എഴുതിവാങ്ങിയ സംഭവം യഥാര്‍ത്ഥത്തില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരില്‍ നിന്നും അയാളെ ഒരു പരിക്കുപോലുമേല്‍ക്കാതെ രക്ഷപ്പെടുത്താനാണെന്നും സതീഷ് ചന്ദ്രന്‍ പറഞ്ഞു. എംപിയായിരുന്ന തന്നെയും വോര്‍ക്കാടിയിലും പൈവളിഗെയിലും ബിജെപി പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും മുമ്പ് തടഞ്ഞിരുന്നുവെന്നും ഇതു സംബന്ധിച്ച് കേസുള്ളതായും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി പി.കരുണാകരന്‍ പറഞ്ഞു.

എം.പിക്കു പോലും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സംഭവമുണ്ടായിട്ടും നിസാരമായ സംഭവങ്ങളുടെ പേരില്‍ ബിജെപി അക്രമം അഴിച്ചുവിടുന്നത് പ്രതിഷേധാര്‍ഹമാണെന്നും എം.പി കുറ്റപ്പെടുത്തി.
ബിജെപി ജില്ലയില്‍ നടത്തിയത് ആസൂത്രിതമായ അക്രമം; ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞതിനാല്‍ രോഗി മരിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: പി. കരുണാകരന്‍ എംപി

Keywords:  Kasaragod, Kerala, Harthal, Top-Headlines, P.Karunakaran-MP, BJP, District, Attacks: CPM against BJP.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia