Pearle Maaney | 'നിതാര ശ്രീനിഷിന്റെ നൂലുകെട്ടായിരുന്നു, 28 ദിവസമായി'; രണ്ടാമത്തെ കുഞ്ഞിനെ പരിചയപ്പെടുത്തി പേളി മാണി
Feb 10, 2024, 12:04 IST
കൊച്ചി: (KasargodVartha) 2019ല്‍ ആയിരുന്നു നടിയും അവതാരകയുമായ പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹം നടന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിന്റെ മത്സരാര്‍ഥികളായിരുന്നു ഇരുവരും. ഇവിടെ വച്ചാണ് പേളിയും ശ്രൂനിഷും കാണുന്നതും പ്രണയത്തിലാകുന്നതും. ഗെയിം സ്ട്രാറ്റജിയാണെന്ന് ഏവരും വിധിയെഴുതിയ ഈ ബന്ധം, ഷോയ്ക്ക് ശേഷം പിന്നാലെ ഏവരെയും ഞെട്ടിച്ചുകൊണ്ട് വിവാഹത്തിലേക്ക് കടക്കുകയായിരുന്നു. ശേഷം 2021 മെയ് 21ന് ഇവര്‍ക്ക് ആദ്യ കണ്‍മണി നില ജനിക്കുകയും ചെയ്തു.
2024 ജനുവരി 13നാണ് പേളി മാണി രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുഞ്ഞാണെന്നും അമ്മയും മകളും സുഖമായിരിക്കുന്നുവെന്നും പറഞ്ഞ് ശ്രീനിഷ് ആയിരുന്നു സന്തോഷം പങ്കുവച്ചത്. പിന്നാലെ ആശുപത്രിയില്‍ നിന്നും കുഞ്ഞിനൊപ്പമുള്ള ചിത്രം പേളിയും പങ്കുവച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഗര്‍ഭിണിയായത് മുതല്‍ കുഞ്ഞിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ പുതിയ കുഞ്ഞിനെ വരവേറ്റതിന് ശേഷം പേളി സേഷ്യല്‍ മീഡിയയില്‍ അത്ര സജീവമായിരുന്നില്ല.
അതിനാല്‍ പേളിഷ് ആരാധകരുടെ കണ്ണ് താരകുടുംബത്തിലേ പുതിയ അതിഥിയിലേക്കാണ്. എന്നാല്‍ കണ്‍മണി ജനിച്ച് ഒരു മാസമാകാനായിട്ടും യാതൊരു തരത്തിലുള്ള വിവരങ്ങളും ലഭിച്ചില്ലെന്നത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ പേളി കുഞ്ഞിന്റെ നൂലുകെട്ടല്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.
തന്റെ രണ്ടാമത്തെ കുഞ്ഞിനെയും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പേളി പരിചയപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞിന്റെ നൂല് കെട്ട് വിശേഷം പങ്കുവച്ചുകൊണ്ട് ഒപ്പം കുഞ്ഞിന്റെ പേര് എന്താണെന്ന് കൂടി വ്യക്തമാക്കിയാണ് താരം കുഞ്ഞുവാവയെ പരിചയപ്പെടുത്തിയത്.
'നിതാര ശ്രീനിഷ്' എന്നാണ് കുഞ്ഞിന്റെ പേര്. 'ഞങ്ങളുടെ കുഞ്ഞ് മാലാഖയ്ക്ക് ഇന്ന് 28 ദിവസം തികയുകയാണ്. അവളുടെ നൂലുകെട്ടായിരുന്നു, ഊഹിച്ചാല്ലോ? ഞങ്ങളുടെ ഹൃദയം സന്തോഷത്താല്‍ നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ കൈകളും നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാര്‍ഥനകളും അനുഗ്രഹങ്ങളും ഞങ്ങള്‍ക്കൊപ്പം വേണം', എന്നാണ് പേളി മാണി കുറിച്ചത്. ഒപ്പം ശ്രീനിഷിനും മൂത്ത മകള്‍ നില ശ്രീനിഷിനൊപ്പവുമുള്ള ചിത്രങ്ങളും പേളി ഷെയര്‍ ചെയ്തിട്ടുണ്ട്.
നിരവധി പേരാണ് പേളിക്കും കുടുംബത്തിനും ആശംസകളുമായി രംഗത്ത് എത്തിയത്. നിലയെ പോലെയാണ് നിതാരയെന്നാണ് പലരും പറയുന്നത്. ഇത് ബേബി നില എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ശ്രീനിഷ് പങ്കുവെച്ച പോസ്റ്റും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മകളുടെ കുഞ്ഞിക്കാലുകളോട് മുഖം ചേര്‍ത്തുവെച്ചുള്ള ചിത്രമാണ് ശ്രീനിഷ് പങ്കിട്ടത്. ഇതോടെ കമന്റ് ബോക്‌സ് നിറയെ കുട്ടി താരത്തെ പറ്റിയായിരുന്നു. നിലുകുട്ടിയെ കാണിച്ചപോലെ ന്യൂബോണ്‍ വാവയെ കാണിക്കുന്നില്ലല്ലോ...? പേരും മുഖവും കാണാന്‍ വെയിറ്റിങ് എന്നിങ്ങനെ എല്ലാമാണ് കമന്റുകള്‍ വന്നത്. ഇത്തരം പരിഭവങ്ങള്‍ക്കെല്ലാം പിന്നാലെയാണ് താരകുടുംബം പുതിയ അതിഥിയെ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയത്.
Keywords: News, Kerala, Kerala-News, Entertainment,Top-Headlines, Actress, Pearle Maaney, Introduce, Srinish, Second Baby, Nitara Srinish, Name, Instagram, Social Media, Child, Birth, Noolukettu, Actress Pearle Maaney introduces her second baby Nitara Srinish.