Accident | ഓടോറിക്ഷയും സ്കൂൾ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 സ്ത്രീകൾ ഉൾപെടെ 5 പേർ മരിച്ചു
Sep 25, 2023, 18:37 IST
ബദിയഡുക്ക: (www.kasargodvartha.com) ഓടോറിക്ഷയും സ്കൂൾ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് സ്ത്രീകൾ ഉൾപെടെ അഞ്ച് പേർ മരിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.20 മണിയോടെയാണ് ബദിയഡുക്ക പള്ളത്തടുക്കയിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
സഹോദരിമാരായ മൊഗ്രാൽ പുത്തൂർ മൊഗറിലെ ബീഫാത്വിമ (58), മൊഗ്രാൽപുത്തൂർ കടവത്ത് ദിടുപ്പയിലെ ഉമ്മു ഹലീമ (55), ബെള്ളൂരിലെ നഫീസ (50), ഇവരുടെ പിതാവിന്റെ അനുജന്റെ ഭാര്യ ബീഫാത്വിമ (72), ഓടോറിക്ഷ ഡ്രൈവർ തായലങ്ങാടി സ്വദേശിയും മൊഗറിൽ താമസക്കാരനുമായ എഎച് അബ്ദുർ റൗഫ് (58) എന്നിവരാണ് മരിച്ചത്.മാന്യ ഗ്ലോബൽ പബ്ലിക് സ്കൂളിൻ്റെ ബസ് കൂട്ടികളെ പെർളയിൽ ഇറക്കി തിരിച്ചു വരുമ്പോഴാണ് മൊഗ്രാൽ പുത്തൂർ മൊഗറിൽ നിന്നും പെർളയിലെ മരണ വീട്ടിലേക്ക് സ്ത്രീകളെയും കയറ്റി പോകുകയായിരുന്ന ഓടോറിക്ഷയുമായി കൂട്ടിയിടിച്ചത്. സ്കൂൾ കുട്ടികളെയെല്ലാം ഇറക്കിക്കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്നു സ്കൂൾ ബസ്. മൃതദേഹങ്ങൾ കാസർകോട് ജെനറൽ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകട വിവരമറിഞ്ഞ് കാസർകോട് ജെനറൽ ആശുപത്രിയിലേക്ക് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.











