Extra Coaches | തിരക്ക് ഒഴിവാക്കുന്നതിനായി മാവേലി എക്സ്പ്രസിന് അധിക എസി 3-ടയർ കോച് അനുവദിച്ചു
Jan 23, 2024, 17:14 IST
കാസർകോട്: (KasargodVartha) തിരക്ക് ഒഴിവാക്കുന്നതിനായി മാവേലി എക്സ്പ്രസിന് അധിക കോച് അനുവദിച്ചു. ജനുവരി 24 മുതൽ 28 വരെ മംഗ്ളുറു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16603 മംഗ്ളുറു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസിലും ജനുവരി 25 മുതൽ 29 വരെ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ.16604 തിരുവനന്തപുരം സെൻട്രൽ - മംഗ്ളുറു സെൻട്രൽ മാവേലി എക്സ്പ്രസിലും എസി 3-ടയർ കോചാണ് അധികമായി അനുവദിച്ചിരിക്കുന്നത്.
< !- START disable copy paste -->
അതേസമയം, ദക്ഷിണ റെയിൽവേ നിരവധി എക്‌സ്‌പ്രസ് ട്രെയിനുകളിലെ സെകൻഡ് ക്ലാസ് സ്ലീപർ കംപാർട്മെന്റുകൾക്ക് പകരം ത്രീ ടയർ എസി കോചുകൾ സ്ഥാപിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് പല ട്രെയിനുകളിലും സെകൻഡ് ക്ലാസ് സ്ലീപർ കോചുകളുടെ എണ്ണം കുറയാൻ ഇടയാക്കും. അടുത്ത അഞ്ച്-ആറ് വർഷത്തിനുള്ളിൽ എക്‌സ്പ്രസ്, സൂപർഫാസ്റ്റ് ട്രെയിനുകളിലെ എല്ലാ സെകൻഡ് ക്ലാസ് കംപാർട്മെന്റുകൾക്കും പകരം എസി കോചുകൾ ഘടിപ്പിക്കുന്നതിനുള്ള ഗൗരവമായ ചർച്ചകൾ റെയിൽവേ ബോർഡിൽ നടക്കുന്നുണ്ടെന്നാണ് റിപോർട്.
ഞായറാഴ്‌ച മുതൽ എറണാകുളം—നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസിലെ (ട്രെയിൻ നമ്പർ 12617) ഒരു സ്ലീപർ കോച് എസി 3-ടയർ കോചാക്കി മാറ്റിയിട്ടുണ്ട്. നേരത്തെ ട്രെയിനിൽ 11 സ്ലീപർ കോചുകളും മൂന്ന് എസി ത്രീ ടയർ കോചുകളും രണ്ട് എസി ടു ടയർ കോചുകളുമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ, 10 സ്ലീപർ കോചുകൾ, നാല് ത്രീ-ടയർ എസി കോചുകൾ, രണ്ട് എസി ടു-ടയർ കോചുകൾ എന്നിങ്ങനെയാണ് നില. ഒരു യാത്രക്കാരന് എറണാകുളത്ത് നിന്ന് നിസാമുദ്ദീനിലേക്കുള്ള സെകൻഡ് ക്ലാസ് സ്ലീപർ ടികറ്റ് നിരക്ക് 925 രൂപയും ത്രീ ടയർ എസി ടികറ്റിന് 2,370 രൂപയുമാണ് നിരക്ക്. സാധാരണക്കാർക്ക് ഇത് അധിക സാമ്പത്തിക ബാധ്യത വരുത്തുമെന്നാണ് ആക്ഷേപം.