Festival | തീർഥമാസ സ്നാനത്തിന് ഉപ്പള ഐല ക്ഷേത്ര കടപ്പുറത്ത് ഒത്തുകൂടിയത് വൻ ഭക്തജനക്കൂട്ടം; കടൽക്കര മനുഷ്യ തിരമാലകളെ പോലെ ആർത്തിരമ്പി
* സുരക്ഷാ സന്നാഹവുമായി പൊലീസും ഫയർ ഫോഴ്‌സും ഉണ്ടായിരുന്നു
ഉപ്പള: (KasargodVartha) നൂറ്റാണ്ടുകൾ പഴക്കമേറിയ ഉപ്പള ഐല ഭഗവതി ക്ഷേത്രം, ഉപ്പള ദുർഗാ പരമേശ്വരി ക്ഷേത്രം എന്നിവയ്ക്ക് സമീപത്തെ കടപ്പുറത്ത് ഒത്തുകൂടിയത് പതിനായിരക്കണക്കിന് പേർ. കടൽക്കരയിൽ സ്ത്രീകളും കുട്ടികളും പുരുഷാരവും ചേർന്ന് മനുഷ്യ തിരമാലകളെ പോലെ കടപ്പുറത്ത് ആർത്തിരമ്പുന്ന കാഴ്ചയാണ് പുലർച്ചെ നാലുമണിക്ക് പൂജ കഴിഞ്ഞ ശേഷം ഉച്ചയ്ക്ക് 12 മണി വരെ കണ്ടത്.
തീർഥമാസത്തിൽ കടലിൽ കുളിച്ച് പ്രാർഥിച്ചാൽ സർവ ചർമ രോഗങ്ങൾക്കും ശമനമുണ്ടാകുമെന്നും ദേവീ കടാക്ഷം ലഭിക്കുമെന്നുള്ള വിശ്വാസമാണ് പുതുതലമുറയും പഴയ തലമുറയും ചേർന്ന് ചിട്ടയൊന്നും തെറ്റാതെ കൊണ്ടാടുന്നത്. കടലിൽ മീൻ പിടിച്ച് ഉപജീവനം നടത്തുന്ന ബോവി വിഭാഗക്കാരുടെ പ്രധാന ആചാര ക്ഷേത്രങ്ങൾക്ക് സമീപത്തെ ബീചിലാണ് ഈ തീർഥസ്നാനം നടന്നത്. എല്ലാവർഷവും ചടങ്ങിനെത്താറുണ്ടെന്നാണ് കുറേയേറെ പേർ പറയുന്നത്.
കാസർകോട് ജില്ലക്കാർ മാത്രമല്ല വിട്ള, പുത്തൂർ, ഉപ്പിനങ്ങാടി ഉൾപെടെയുള്ള ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുവരെ ആളുകൾ തലേന്നാൾ തന്നെ ക്ഷേത്രത്തിലെ മൈതാനത്തും റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിലുമായി വിശ്രമിച്ച് സ്നാനത്തിൽ പങ്കുകൊണ്ടു. കടപ്പുറമാകെ ഒഴുകിയെത്തിയപ്പോൾ വിശ്വാസികളെ കൊണ്ട് പ്രദേശം വീർപ്പ് മുട്ടി. ജനങ്ങൾക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും സുരക്ഷയൊരുക്കാനും ക്ഷേത്ര കമിറ്റിക്ക് പുറമെ പൊലീസ്, അഗ്നിരക്ഷാ സേന, ക്ലബുകൾ, വിവിധ സന്നദ്ധ സംഘടനകൾ പ്രദേശവാസികളും രംഗത്തുണ്ടായിരുന്നു.
ഇത്രയും വലിയ ജനക്കൂട്ടം ഒരുമിച്ച് പങ്കെടുക്കുന്ന തീർഥസ്നാനം അപൂർവമാണെന്ന് ക്ഷേത്ര ഭാരവാഹികളും ആചാരക്കാരുമായ കരുണാകരഗട്ടി, വിനു പൂജാരി എന്നിവരും പറഞ്ഞു. ബ്രഹ്മണരാണ് ക്ഷേത്രത്തിലെ പൂജാകർമങ്ങൾക്ക് കാർമികത്വം വഹിക്കുന്നത്. വെറ്റിലയും മറ്റും കടലിലേക്ക് എറിഞ്ഞ് കുളിച്ചു കയറുന്ന ഭക്തർക്ക് മുഖ്യകാർമികൻ വിജയമയ്യപ്രസാദം നൽകി. കടൽ പ്രക്ഷുബ്ധമായതിനാൽ കർശന നിയന്ത്രണത്തോടെയായിരുന്നു സ്നാനം. ഇത്തവണ മാറി നിന്നതിനാൽ ഭംഗിയായി സ്നാനം നടത്താൻ കഴിഞ്ഞുവെന്ന് ഭക്തജനങ്ങൾ പറഞ്ഞു.