Disaster Relief | വയനാടിനെ പുനർജനിപ്പിക്കാൻ കാസർകോട്ട് നിന്നുള്ള സഹായം തുടരുന്നു
കാസർഗോഡ് : (KasargodVartha) വയനാട് ഉരുൾപ്പൊട്ടലിന്റെ ദുരിതത്തിൽ നിന്ന് കരകയറാൻ കാസർഗോഡ് ജില്ലയിലെ വിവിധ മേഖലകളിലുള്ളവർ ഒന്നിച്ചു നിൽക്കുന്നു.
നിരവധി ജീവിതങ്ങളെ താറുമാക്കിയ പെട്ടെന്നുള്ള മണ്ണിടിച്ചിലിൽ അനേകം പേർ ജീവനോടെ തന്നെ മണ്ണിലടക്കപ്പെട്ടു. നിരവധി കുടുംബങ്ങൾ താമസസ്ഥലം നഷ്ടപ്പെട്ടു. കുട്ടികളുടെ സ്വപ്നങ്ങൾ തകർന്നു. ഒരു നാടിന്റെ പുഞ്ചിരി അസ്തമിച്ചു.
ഈ ദുരന്തത്തിന്റെ തീവ്രത അനുഭവിച്ചത് വയനാട്ടുകാരെ മാത്രമല്ല, കേരളത്തിലെ മറ്റ് ജില്ലകളിലെ ജനങ്ങളെയും ആയിരുന്നു. സഹായഹസ്തങ്ങളുടെ ഒഴുക്ക് തുടർന്നുകൊണ്ടേയിരുന്നു. അതിൽ പ്രധാനമായ ഒരു ജില്ലയാണ് കാസർകോട്.
ഈ സാഹചര്യത്തിൽ, കാസർകോട് ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും വയനാടിന് സഹായഹസ്തം നീട്ടി. ജനങ്ങളുടെയും സംഘടനകളുടെയും സാമൂഹിക പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമായിരുന്നു ഇത്.
ഓട്ടോ തൊഴിലാളികളുടെ സംഭാവന
കാസർകോട് ജില്ലയിലെ ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) അംഗങ്ങൾ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കാസർകോട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ നളിനാക്ഷൻ ഉദ്ഘാടനം നിർവഹിച്ച ഈ പദ്ധതിയിൽ ചെർക്കളയിൽ പി. അപ്പുക്കനും നിലേശ്വരത്ത് പോലീസ് സബ് ഇൻസ്പെക്ടർ എം.വി വിഷ്ണുപ്രസാദും ഫ്ലാഗ് ഓഫ് ചെയ്തു. യൂണിയൻ ഏരിയ പ്രസിഡണ്ട് എ.ആർ. ധന്യവാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ രാമൻ, യോഗീഷ് എന്നിവർ സംസാരിച്ചു. ഷാഫി എ സ്വാഗതം പറഞ്ഞു. ചെർക്കളയിൽ ഡിവിഷൻ പ്രസിഡണ്ട് അബ്ദുൽ കരീം പി.എം അധ്യക്ഷനായ ചടങ്ങിൽ ഏരിയ സെക്രട്ടറി പി.കുഞ്ഞിരാമൻ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി എ.എം വിജയൻ സ്വാഗതം പറഞ്ഞു. നിലേശ്വരത്ത് കെ മുരളിധരൻ അദ്ധ്യക്ഷനായ ചടങ്ങിൽ യൂണിയൻ ജില്ലാ സെക്രട്ടറി കെ ഉണ്ണിനായർ, കെ.രാജേഷ്, ടി വിനാരായണൻ, ടിഗോപാലൻ, ഷമിം, ഹരിഷ് കരുവച്ചേരി, മോഹനൻ പിവി, ബാലൻ പികെ, രാമചന്ദ്രൻ കെ വി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഒവി രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
വിദ്യാർത്ഥികളുടെ കരുതൽ
പാലക്കുന്നു കരിപ്പോടി എ.എൽ.പി. സ്കൂളിലെ കുട്ടികൾ സ്വരൂപിച്ച തുക വില്ലേജ് ഓഫീസർ സതീശൻ പൊയ്യക്കോടിന് കൈമാറി. കൊച്ചുകുട്ടികളുടെ ഈ ഉദാരമനസ്കത പ്രശംസനീയമാണ്. പി.ടി.എ പ്രസിഡൻ്റ് ജഗദീശ് ആറാട്ടുകടവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക പി. ആശ, എസ്. ആർ. ജി. കൺവീനർ പി. പി. മുഹമ്മദ് സലീം, പി. വി. രഞ്ജിത്ത്, പി. ബേബി സജ്നി എന്നിവർ സംസാരിച്ചു.
എരോൽ പ്രതിഭ ക്ലബ്ബിന്റെ സഹായം
എരോൽ പ്രതിഭ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് 41000 രൂപ ജില്ലാ കലക്ടർക്ക് കൈമാറി. ക്ലബ്ബ് പ്രസിഡന്റ് രാഗേഷ് നാഗത്തിങ്കാൽ നേതൃത്വം നൽകിയ ഈ സംരംഭം വയനാടിന്റെ പുനർനിർമ്മാണത്തിന് ഉത്തമ ഉദാഹരണമാണ്. വാർഡ് മെമ്പർ ശ്രീമതി. സിന്ധു ഗംഗാധരൻ, ക്ലബ്ബ് യുഎഇ കമ്മിറ്റി പ്രസിഡന്റ് ശ്രീകൃഷ്ണൻ പതിക്കാൽ, രക്ഷാധികാരി ശ്രീ. മധുസൂദനൻ കൗസ്തുഭം, സെക്രട്ടറി ശശിധരൻ നാഗത്തിങ്കാൽ, വനിതാ കമ്മറ്റി സെക്രട്ടറി ശ്രീമതി. പ്രിയ വിജയദാസ് എന്നിവർ ചേർന്ന് കലക്ടർക്ക് തുക കൈമാറി.
ഒരുമയുടെ കരുത്ത്
ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്, പ്രതിസന്ധികളിൽ ജനങ്ങളുടെ ഐക്യമാണ് പരിഹാരം എന്നതാണ്. ചെറിയ സഹായങ്ങൾ ചേർന്ന് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നതിന് ഇത് തെളിവാണ്.വയനാടിന്റെ പുനരുദ്ധാരണത്തിന് കാസർകോട് നിന്നും ലഭിക്കുന്ന പിന്തുണ അഭിനന്ദനാർഹമാണ്..