Special | വിദ്യാർഥികൾ മേൽപാലം ഉപയോഗപ്പെടുത്തുന്നില്ല; ട്രെയിനുകൾ കയറുന്നത് പാളം മുറിച്ചുകടന്ന്; ആശങ്കയോടെ റെയിൽവേ സ്റ്റേഷൻ ജീവനക്കാർ
* റെയിൽവേ അധികൃതർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല.
* മംഗ്ളുറു - കാസർകോട് റൂട്ടിൽ ട്രെയിൻ സർവീസുകൾ വർദ്ധിച്ചതോടെ അപകട സാധ്യത കൂടി.
കുമ്പള: (KasargodVartha) റെയിൽവേ സ്റ്റേഷൻ മാസ്റ്ററുടെയും, ജീവനക്കാരുടെയും നിർദേശവും, മുന്നറിയിപ്പും വിദ്യാർഥികൾ ചെവി കൊള്ളുന്നില്ല. കുമ്പള റെയിൽവേ സ്റ്റേഷനിൽ വിദ്യാർത്ഥികൾ രാവിലെ മംഗ്ളുറു ഭാഗത്തേക്കുള്ള ട്രെയിൻ കയറുന്നത് റെയിൽപ്പാളം മുറിച്ചുകടന്ന്. ഇവിടെ മേൽപ്പാല സൗകര്യം ഉണ്ടായിട്ടും വിദ്യാർത്ഥികൾ അത് ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് പരാതി.
സ്റ്റേഷൻ മാസ്റ്ററും, റെയിൽവേ ജീവനക്കാരും പലപ്രാവശ്യവും വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് ചെവി കൊള്ളുന്നില്ലെന്നാണ് ആക്ഷേപം. പോരാത്തതിന് ഇപ്പോൾ ട്രെയിൻ സമയം അറിയിക്കാനുള്ള അനൗൺസ്മെന്റ് സംവിധാനവും സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെയും പാളം മുറിച്ച് കടക്കാതിരിക്കാൻ നിർദേശം നൽകാറുമുണ്ട്.
മംഗ്ളുറു - കാസർകോട് റൂട്ടിൽ ഇപ്പോൾ വന്ദേ ഭാരത് അടക്കം കൂടുതൽ ട്രെയിനുകൾ ഓടിത്തുടങ്ങിയിട്ടുണ്ട്. പോരാത്തതിന് ആഘോഷ സീസണുകളിൽ അനുവദിക്കുന്ന ട്രെയിനുകൾ വേറെയും. അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾ പാളം മുറിച്ച് കിടക്കുന്നത് വളരെ ആശങ്കയോടെയാണ് സ്റ്റേഷൻ ജീവനക്കാരും, സ്റ്റേഷനിൽ എത്തുന്ന മറ്റു യാത്രക്കാരും നോക്കിക്കാണുന്നത്.
-
ഈ വാർത്ത പങ്കിടുക, അഭിപ്രായങ്ങൾ ചുവടെ രേഖപ്പെടുത്തുക, അവബോധം സൃഷ്ടിക്കുക, മാറ്റം കൊണ്ടുവരിക.