STU | 'കുടിവെള്ള വിതരണ മാഫിയകൾക്ക് ഒത്താശ', കാസർകോട് നഗരസഭയുടെ ശുദ്ധജല വിതരണ യൂണിറ്റ് അച്ചുപൂട്ടാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം അധികൃതർ ശ്രമിക്കുന്നുവെന്ന് എസ് ടി യു
കാസർകോട്: (KasaragodVartha) ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ കുടിക്കാൻ ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യുന്നതിന് വേണ്ടി കാസർകോട് നഗരസഭ കൗൺസിൽ 2015ൽ അനുമതി നൽകി വനിതാ വികസന കോർപ്പറേഷൻ മുഖാന്തരം പ്രവർത്തനം ആരംഭിച്ച കാസർകോട് വിദ്യാനഗറിലെ പ്യുയർ വാട്ടർ (Pure Water) യൂണിറ്റ് എന്ന സ്ഥാപനത്തെ സ്വകാര്യ കുടിവെള്ള വിതരണ മാഫിയകൾക്ക് വേണ്ടി അടച്ചുപൂട്ടാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം അധികൃതർ ശ്രമിക്കുകയാണെന്ന് എസ് ടി യു ജില്ലാ സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി.
കാസർകോട് നഗരസഭ അപേക്ഷ നൽകി ഒമ്പത് വർഷം കഴിഞ്ഞിട്ടും ലൈസൻസ് നൽകാൻ തയ്യാറാവാത്ത ഫുഡ് സേഫ്റ്റി അധികൃതർ സ്വകാര്യ കുടിവെള്ള മാഫിയകൾ നടത്തുന്ന വെള്ളം വിതരണത്തിനായി ഒത്താശ ചെയ്യുകയാണ്. 2015 ജൂലായ് 24ന് ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗം ചെലവ് കുറഞ്ഞ രീതിയിൽ ശുദ്ധീകരിച്ചതായ കുടിവെള്ളത്തിന്റെ ഉൽപാദനവും വിതരണവും നടത്തുവാൻ കഴിയുമെന്ന രീതിയിൽ പദ്ധതി നടപ്പിലാക്കാൻ അനുമതി നൽകിയിരുന്നു. കേരള വാട്ടർ അതോറിറ്റിയുടെ ലബോറട്ടറിയിൽ 15 ദിവസത്തിലൊരിക്കൽ പരിശോധനയ്ക്ക് അയച്ച് സർക്കാർ അനുമതിയോടെ നിർവഹണ ഏജൻസിയായ കേരള വനിത വികസന കോർപ്പറേഷൻ മുഖേന ശുദ്ധജലവിതരണ പദ്ധതി നടപ്പിലാക്കാനും തീരുമാനിച്ചിരുന്നു.
കാസർകോട് നഗരസഭ അംഗീകാരം നൽകി നല്ല നിലയിൽ പ്രവർത്തിച്ചു വരികയും സാധാരണക്കാരന് കുറഞ്ഞ ചെലവിൽ ശുദ്ധീകരിച്ച ജലം വിതരണം നടത്തി വരികയും ചെയ്തിരുന്ന കുടുംബശ്രീ സംരംഭമായ പ്യുയർ വാട്ടർ കാസർകോട് യൂണിറ്റ്, സ്വകാര്യ കുടിവെള്ള വിതരണ മാഫിയക്ക് വേണ്ടി അടച്ചുപൂട്ടാനുള്ള നീക്കം ഭക്ഷ്യ സുരക്ഷാ വിഭാഗം അധികൃതർ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അപേക്ഷ നൽകി ഒമ്പത് വർഷം പിന്നിട്ടിട്ടും പ്യുവർ വാട്ടർ കാസർകോട് യൂണിറ്റിന് ലൈസൻസ് നൽകാൻ ഫുഡ് സേഫ്റ്റി അധികൃതർ തയ്യാറാവാത്തത് നീതീകരിക്കാനാവില്ല. ഇത് സ്വകാര്യ ശുദ്ധജല വിതരണ മാഫിയകളെ സഹായിക്കാൻ വേണ്ടിയാണെന്നും യോഗം കുറ്റപ്പെടുത്തി.
സ്വകാര്യ ശുദ്ധജല വിതരണ മാഫിയകൾക്ക് ചുളുവിൽ ലൈസൻസും അനുമതിയും നൽകുന്ന ഫുഡ് സേഫ്റ്റി അധികൃതർ കാസർകോട് നഗരസഭയുടെ ഒമ്പത് വർഷം മുൻപ് നൽകിയ അപേക്ഷ അവഗണിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം. പാവപ്പെട്ട ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ ശുദ്ധജലം ലഭ്യമാകുന്ന കുടുംബശ്രീ സംരംഭത്തിന്റെ പ്രവർത്തനം തടസപ്പെടുത്തിയാൽ ശക്തമായ പ്രക്ഷോഭ സമരങ്ങൾ നടത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
പ്രസിഡണ്ട് എ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എ അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീർ, സെക്രട്ടറി ഷറീഫ് കൊടവഞ്ചി, സെക്രട്ടേറിയറ്റ് അംഗം പി.പി.നസീമ, ജില്ലാ ഭാരവാഹികളായ മുംതാസ് സമീറ, ഷംസുദ്ദീൻ ആയിറ്റി, എം.എ മക്കാർ മാസ്റ്റർ, പി.ഐ.എ ലത്തീഫ്, എൽ.കെ ഇബ്രാഹിം, എ.ജി അമീർ ഹാജി, മൊയ്തീൻ കൊല്ലമ്പാടി, ഉമ്മർ അപ്പോളോ, ബീഫാത്തിമ ഇബ്രാഹിം, യൂനുസ് വടകരമുക്ക് സംസാരിച്ചു.