Reacts | 'പ്രതികൾക്ക് ലഭിച്ചത് അർഹിക്കുന്ന ശിക്ഷ, നീതി ലഭിച്ചു'; ഒരു മക്കൾക്കും ഇത്തരത്തിൽ പിതാവിനെ നഷ്ടപ്പെടാതിരിക്കട്ടെയെന്ന് മുഹമ്മദ് ഹാജിയുടെ മകൻ
മുഹമ്മദ് ഹാജിയുടെ മകൻ ശിഹാബ് കൊലപാതകത്തിൽ ദൃക്സാക്ഷിയായിരുന്നു
കാസർകോട്: (KasargodVartha) അട്കത്ബയല്‍ ബിലാല്‍ മസ്ജിദിന് സമീപത്തെ സി എ മുഹമ്മദ് ഹാജിയെ (56) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ തന്നെയാണ് ലഭിച്ചതെന്ന് മകൻ ശിഹാബ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. ഒരു മക്കൾക്കും ഇത്തരത്തിൽ പിതാവിനെ നഷ്ടപ്പെടാതിരിക്കട്ടെയെന്നും മകൻ പറഞ്ഞു.
ഈ കേസ് നല്ല നിലയിൽ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ, കേസ് വാദിച്ച അഭിഭാഷകർ, കൂടെ നിന്ന നാട്ടുകാർ, സുഹൃത്തുക്കൾ എന്നിവർക്കും വിധി പറഞ്ഞ കോടതിയോടും നന്ദിയുണ്ടെന്നും ശിഹാബ് കൂട്ടിച്ചേർത്തു.
2008 ഏപ്രിൽ 18ന് ശിഹാബുമൊത്ത് പള്ളിയിലേക്ക് ജുമുഅ നിസ്കാരത്തിന് പോകുമ്പോഴാണ് മുന്നിലായിരുന്ന പിതാവിനെ പ്രതികൾ കണ്മുന്നിൽ വെച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. കേസിലെ ദൃക്‌സാക്ഷിയാണ് ശിഹാബ്. കൂടാതെ അയൽവാസിയായ മാഹിൻ എന്നയാളും കൃത്യം നടത്തുന്നത് നേരിട്ട് കണ്ട സാക്ഷിയായിരുന്നു. ഇരുവരുടെയും മൊഴികളാണ് കേസിൽ നിർണായകമായത്.
കൊലപാതക കേസിൽ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), കെ ശിവപ്രസാദ് എന്ന ശിവൻ (40), കെ അജിത് കുമാർ എന്ന അജ്ജു (35), കെ ജി കിഷോർ കുമാർ എന്ന കിഷോർ (39) എന്നിവരെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്.