Fish | എങ്ങും ചെമ്മീൻ; ഒരിടവേളയ്ക്ക് ശേഷം മീൻ വിപണി ഉണർന്നു
മീൻ ക്ഷാമത്തിനൊപ്പം ട്രോളിങ് നിരോധനം കൂടി തുടങ്ങിയതോടെയാണ് മീനുകൾക്ക് തീപിടിച്ച വിലയായത്
മൊഗ്രാൽ: (KasaragodVartha) കഴിഞ്ഞ മൂന്ന് മാസമായി നിലനിന്നിരുന്ന മീൻ ക്ഷാമത്തിന് നേരിയ വിരാമം. മീൻ ചന്തകളിലും വിൽപന ശാലകളിലും ചെമ്മീൻ യഥേഷ്ടം എത്തിയതോടെയാണ് വിപണി ഉണർന്നത്. ഇത് കുതിച്ചുയർന്ന വിലയിൽ കുറവ് വരുത്താനും സഹായിച്ചു. അഞ്ഞൂറും അതിനു മുകളിലും വിലയുണ്ടായിരുന്ന ചെമ്മീനാണ് ഇപ്പോൾ കിലോയ്ക്ക് 150 മുതൽ 200 രൂപ വിലയിൽ വിൽപന കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നത്.
400 ൽ എത്തിയ മത്തിക്ക് 250 മുതൽ 300 രൂപ വരെയാണ് വില. തെക്കൻ കേരളത്തിൽ മീൻപിടുത്തക്കാർക്ക് ചെമ്മീൻ ചാകര ലഭിച്ചതോടുകൂടിയാണ് മാർകറ്റുകളിൽ ചെമ്മീന് വില ഇടിഞ്ഞത്. കഴിഞ്ഞ ദിവസം, മീൻ പിടുത്ത ബോടുകൾക്കു ചെമ്മീൻ, മത്തി, കൊഴുവ എന്നിങ്ങനെ മീൻസമ്പത്തു ലഭിച്ചു തുടങ്ങി. ഈ പ്രതിഭാസം മൺസൂൺ സീസണിൽ ചാകരക്കു തുടക്കം കുറിക്കുന്നുവെന്നാണ് തൊഴിലാളികൾ വിലയിരുത്തുന്നത്.
മീൻ ക്ഷാമത്തിനൊപ്പം ട്രോളിങ് നിരോധനം കൂടി തുടങ്ങിയതോടെയാണ് മീനുകൾക്ക് തീപിടിച്ച വിലയായത്. നിരോധനം മീൻപിടുത്തം കുറയ്ക്കുകയും വിപണിയിൽ ലഭ്യമായ മീൻ ഏതാനും ഇനങ്ങളിലേക്ക് പരിമിതപ്പെടുത്തുകയും ചെയ്തു. ട്രോളിംഗ് നിരോധനം അവസാനിക്കും വരെ ഉയർന്ന വില തുടരുമെന്നാണ് വിപണന മേഖലയിൽ നിന്ന് ലഭിക്കുന്ന വിവരം. 52 ദിവസം നീളുന്ന നിരോധനം ജൂലൈ 31 ന് അവസാനിക്കും.