End of Era | എല്ലാ പാർട്ടികളുടെയും എല്ലാ നേതാക്കൾക്കും സ്വീകാര്യനായിരുന്ന നേതാവ്; വിട, സീതാറാം യെച്ചൂരി
● 1985-ൽ പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലേക്ക്
● 1992 മുതൽ പോളിറ്റ് ബ്യൂറോ അംഗം.
● 2015ൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു
ന്യൂഡൽഹി: (KasargodVartha) എല്ലാ പാർട്ടികളുടെയും എല്ലാ നേതാക്കൾക്കും സ്വീകാര്യനായിരുന്ന നേതാവാണ് അന്തരിച്ച സീതാറാം യെച്ചൂരി. അദ്ദേഹത്തെ പോലെ ദേശീയ രാഷ്ട്രീയത്തിൽ ആ റോളിൽ തിളങ്ങാൻ കഴിയുന്ന വേറെ നേതാവ് സിപിഎമ്മിൽ ഇപ്പോഴില്ലെന്നാണ് സീതാറാം യെച്ചൂരിയുടെ വിടവാങ്ങൽ പാർട്ടിക്കുണ്ടാക്കുന്ന ആഘാതം. ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകീട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. കടുത്ത പനിയെ തുടർന്ന് ആഗസ്ത് 19 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് നില മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ഗുരുതരാവസ്ഥയിലാവുകയായിരുന്നു.
ചെന്നൈയിലെ (അന്നത്തെ മദ്രാസ്) തെലുങ്ക് സംസാരിക്കുന്ന ഒരു കുടുംബത്തിലാണ് 1952 ഓഗസ്റ്റ് 12 ന് സീതാറാം യെച്ചൂരി ജനിച്ചത്. പിതാവ് സർവേശ്വര യെച്ചൂരി ആന്ധ്രാ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ എൻജിനീയറായിരുന്നു. അമ്മ ആന്ധ്രാപ്രദേശിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥ കൂടിയായിരുന്നു. ഹൈദരാബാദിലെ ഓൾ സെയിൻ്റ്സ് ഹൈസ്കൂളിലാണ് സീതാറാം സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്.
1969-ൽ ആന്ധ്ര തെലങ്കാന പ്രക്ഷോഭം കൊടുമ്പിരികൊണ്ടപ്പോൾ സീതാറാമിനെ മാതാപിതാക്കൾ ഡൽഹിയിലേക്ക് അയച്ചു. ഡൽഹിയിലെ പ്രസിഡൻറ് എസ്റ്റേറ്റ് സ്കൂളിൽ ചേർന്നു. അവിടെ നിന്ന് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം സെൻ്റ് സ്റ്റീഫൻസ് കോളേജിൽ സാമ്പത്തിക ശാസ്ത്രത്തിന് ചേർന്നു. അതിനുശേഷം ബിരുദാനന്തര ബിരുദത്തിനായി ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) ചേർന്നു.
ജെഎൻയുവിൽ പഠിക്കുമ്പോൾ സിപിഎമ്മിൻ്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയിൽ ചേർന്നു. സർവകലാശാലയിലെ സ്റ്റുഡൻ്റ്സ് കൗൺസിൽ പ്രസിഡൻ്റുമായിരുന്നു. 1975ലെ അടിയന്തരാവസ്ഥക്കാലത്ത് ജെഎൻയുവിലെ വിദ്യാർത്ഥിയായിരുന്നു സീതാറാം. ആ സമയത്ത് ജയിലിൽ പോകേണ്ടി വന്നു. കുറേ ദിവസം ഒളിവിലും കഴിഞ്ഞു. അക്കാലത്താണ് ജെഎൻയുവിൽ വിദ്യാർത്ഥി പ്രസ്ഥാനം കലുഷിതമായത്.
ഇ എം എസ് നമ്പൂതിരിപ്പാട്, ബസബ് പുന്നയ്യ, പി സുന്ദരയ്യ തുടങ്ങിയ നേതാക്കൾ സി പി എം പൊളിറ്റ് ബ്യൂറോയിൽ ആയിരിക്കുമ്പോൾ തന്നെ പാർട്ടിക്കുള്ളിൽ വരും തലമുറ നേതൃത്വത്തെ കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്നു. തൽഫലമായി, സീതാറാം, പ്രകാശ് കാരാട്ട്, ബംഗാളിലെ ബിമൻ ബോസ്, അനിൽ ബിശ്വാസ്, ബുദ്ധദേവ് ഭട്ടാചാര്യ എന്നിവരെ കേന്ദ്ര കമ്മിറ്റിയിലും പിന്നീട് പോളിറ്റ് ബ്യൂറോയിലും ഉൾപ്പെടുത്തി. സിപിഎമ്മിൻ്റെ രണ്ടാം തലമുറ നേതാക്കളിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു സീതാറാം യെച്ചൂരി.
1978ൽ എസ്എഫ്ഐ അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറിയായി. 1984ൽ എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡൻ്റ്. പിന്നീട് സിപിഎമ്മിൻ്റെ ആന്ധ്രാപ്രദേശ് (അവിഭക്ത) സംസ്ഥാന കമ്മിറ്റി അംഗമായി. 1985-ൽ പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ പോളിറ്റ് ബ്യൂറോ അംഗം. 2015ൽ കോഴിക്കോട് നടന്ന പാർട്ടി കോൺഗ്രസിൽ സിപിഎമ്മിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്ന് രാജ്യസഭാംഗമായിരുന്നു.
2021ൽ മൂത്തമകൻ ആശിഷ് യെച്ചൂരി (35) കോവിഡ് ബാധിച്ച് ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് മരണപ്പെട്ടത് വ്യക്തിജീവിതത്തിൽ നേരിട്ട ഒരു ആഘാതമായിരുന്നു. സീതാറാം യെച്ചൂരിയുടെ മൃതദേഹം വ്യാഴാഴ്ച എയിംസിൽ സൂക്ഷിക്കും. 14നു വൈകുന്നേരം മൂന്നുമണിക്കു പാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകൾക്കുശേഷം ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകും.
#SitaramYechury, #CPI(M)Leader, #IndianPolitics, #PoliticalLegacy, #Obituary, #AIIMSDelhi