Call for Justice | അബ്ദുൽ സത്താറിന്റെ വീട് സിപിഎം, സിഐടിയു നേതാക്കൾ സന്ദർശിച്ചു; കേസുമായി മുന്നോട്ടുപോകാനുള്ള എല്ലാ സഹായവും നൽകും
● കൊലക്കുറ്റം ചുമത്തി സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് കുടുംബം.
● കേസുമായി മുന്നോട്ടുപോകാനുള്ള എല്ലാ സഹായവും വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു നേതാക്കൾ.
കാസർകോട്: (KasargodVartha) എസ്‌ഐ പിടിച്ചുവച്ച ഓട്ടോറിക്ഷ നാലുദിവസം പിന്നിട്ടിട്ടും വിട്ടുനൽകാത്തതിനുപിന്നാലെ മരിച്ച നിലയിൽ കണ്ടെത്തിയ ഡ്രൈവർ കുദ്രോളി അബ്ദുൽ സത്താറിന്റെ വീട് സിപിഎം, സിഐടിയു നേതാക്കൾ സന്ദർശിച്ചു.
എസ്ഐ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തി സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നാണ് മകന്റെയും കുടുംബാംഗങ്ങളുടെയും ആവശ്യം. എസ്‌ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് നേതാക്കൾ ഉറപ്പുനൽകിയതിന് പിന്നാലെയാണ് സസ്‌പെൻഷൻ ഉത്തരവിറങ്ങിയത്. ഹോംഗാർഡ് വൈ കൃഷ്‌ണനെ അഗ്നിരക്ഷാ സേനയിലേക്ക് തിരിച്ചയച്ചും ഉത്തരവിറങ്ങി.
നേതാക്കൾ കുടുംബത്തെ ആശ്വസിപ്പിക്കുകയും മകൻ അബ്ദുൽ ഷാനിസിനെ കണ്ട് കേസുമായി മുന്നോട്ടുപോകാനുള്ള എല്ലാ സഹായവും വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. അബ്ദുൽ സത്താർ താമസിച്ചിരുന്ന മംഗളൂരുവിലെ വാടക അപ്പാർട്ട്‌മെന്റിലെത്തിയാണ് നേതാക്കൾ കുടുംബത്തെ സന്ദർശിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സുമതി, ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ, ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) നേതാക്കളായ എ ആർ ധന്യവാദ്, ഷാഫി ചാലക്കുന്ന് എന്നിവരാണ് കുടുംബത്തെ സന്ദർശിച്ചത്.
#JusticeForAbdulSattar, #PoliceBrutality, #CommunitySupport, #CITU, #CPM, #KasargodNews