Invitation | സ്വിദ്ദീഖ് നദ് വിക്ക് അന്തർദേശീയ അറബിക് സമ്മേളനത്തിലേക്ക് ക്ഷണം
വിവിധ സെഷനുകളിൽ, അറബ്-മുസ്ലിം, മുസ് ലിമേതര രാജ്യങ്ങളിലെ അറബിക് പണ്ഡിതരും അക്കാദമിക് വിദഗ്ധരും ബുദ്ധിജീവികളും അവരുടെ പഠനങ്ങൾ അവതരിപ്പിക്കും.
അബുദാബി: (KasargodVartha) യു.എ.ഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിൽ ഒക്ടോബർ 10 മുതൽ 12 വരെ ദുബായിൽ നടക്കുന്ന അന്തർദേശീയ അറബിക് സമ്മേളനത്തിൽ സ്വിദ്ദീഖ് നദ് വി ചേരൂർക്ക് ക്ഷണം ലഭിച്ചു.
അറബിക് ലാംഗ്വേജ് ഇൻറർനാഷണൽ കൗൺസിൽ സംഘടിപ്പിക്കുന്ന പത്താമത് സമ്മേളനം മൂന്ന് ദിവസങ്ങളിലായി നടക്കും. വിവിധ സെഷനുകളിൽ, അറബ്-മുസ്ലിം, മുസ് ലിമേതര രാജ്യങ്ങളിലെ അറബിക് പണ്ഡിതരും അക്കാദമിക് വിദഗ്ധരും ബുദ്ധിജീവികളും അവരുടെ പഠനങ്ങൾ അവതരിപ്പിക്കും. 'ഇസ്ലാമിക ബാലസാഹിത്യത്തിലെ ഇന്ത്യൻ പണ്ഡിതരുടെ സംഭാവനകൾ' എന്ന വിഷയത്തിൽ സ്വിദ്ദീഖ് നദ് വി തന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിക്കും.
തളങ്കര മാലിക് ദീനാർ ഇസ്ലാമിക് അക്കാദമിയുടെ മുൻ പ്രിൻസിപ്പലായ ഫൈസി-നദ് വി, ഇപ്പോൾ ചെങ്കള ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമിയിലെ അക്കാദമിക് ഡയറക്ടറാണ്. സമസ്ത ജില്ലാ സെക്രട്ടറി, സമസ്ത നാഷണൽ എജുക്കേഷൻ കൗൺസിലിന്റെ (എസ് എൻ ഇ സി) അക്കാദമിക് കൗൺസിൽ അംഗം, സമസ്തയുടെ കീഴിലുള്ള ഫാദില-ഫദീല കോഴ്സ് അക്കാദമിക് കൗൺസിൽ അംഗം, കോഴിക്കോട് ഇസ്ലാമിക് സെന്റർ എക്സിക്യൂട്ടീവ് മെമ്പർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു. ബഹുമുഖ പണ്ഡിതനും എഴുത്തുകാരനും ആയ നദ്‌വി, അറബിയും ഉർദുവും ഉൾപ്പെടെ നിരവധി ഭാഷകളിൽ കൃതികൾ രചിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ ചേരൂർ സ്വദേശിയാണ് അദ്ദേഹം. പരിപാടിയിൽ പങ്കെടുക്കാൻ അടുത്ത മാസം ആദ്യവാരം ദുബായിലേക്ക് പോകും.