Road Damage | ഉദ്യോഗസ്ഥരുടെ മൂക്കിന് താഴെ സർവീസ് റോഡിൽ പാതാളക്കുഴികൾ; ദേശീയപാതയിൽ യാത്രാദുരിതം
വെള്ളക്കെട്ടിനകത്തുള്ള ഗർത്തങ്ങൾ കാണാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ നിത്യ സംഭവമാണ്
മൊഗ്രാൽ: (KasargodVartha) ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ മൊഗ്രാൽ ഷാഫി മസ്ജിദിനടുത്ത് സർവീസ് റോഡിൽ വലിയ പാതാളക്കുഴികൾ രൂപപ്പെട്ടത് യാത്രാദുരിതം വർധിപ്പിക്കുന്നു. കലുങ്കിലൂടെ കുത്തിയൊലിച്ച് വരുന്ന വെള്ളത്തെ തടയാൻ ദേശീയപാത നിർമ്മാണ കമ്പനി അധികൃതർ നടത്തിയ 'തട്ടിക്കൂട്ട്' പ്രവൃത്തിയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായതെന്നാണ് ആക്ഷേപം.
കലുങ്കിൽ നിന്നു വരുന്ന മഴവെള്ളം സർവീസ് റോഡിലൂടെ ഒഴുകിയാണ് ഇവിടെ വലിയ പാതാള കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. വെള്ളക്കെട്ടിനകത്തുള്ള ഗർത്തങ്ങൾ കാണാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ നിത്യ സംഭവമാണ്. നിർമ്മാണ കമ്പനി ഉദ്യോഗസ്ഥസംഘം താമസിക്കുന്ന വീടിന് തൊട്ടുമുമ്പിലാണ് ഈ തകർച്ച എന്നത് ഏറെ കൗതുകമുളവാക്കുന്നു. ഇത് വലിയ അനാസ്ഥയാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
കുഴിയടക്കാൻ പലപ്രാവശ്യവും കല്ലും, ജെല്ലിപ്പൊടികളും കൊണ്ടിട്ടുവെങ്കിലും അതൊക്കെ മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഇത് വെള്ളം ഒഴുകിപ്പോകുന്ന ഓവുചാലിലാണ് വീഴുന്നത്. ഇതുമൂലം ഓവുചാൽ തന്നെ മൂടപ്പെട്ട അവസ്ഥയിലുമാണ്. ഇത് സമീപപ്രദേശങ്ങളിൽ വലിയ വെള്ളക്കെട്ടിനും കാരണമായിട്ടുണ്ട്. ടാർ ലാഭിക്കാനുള്ള ഈ കൺകെട്ട് വിദ്യയാണ് ഇപ്പോൾ വിനയായിരിക്കുന്നതെന്നാണ് വിമർശനം.