Allegation | എഡിജിപിക്കെതിരെ പി വി അൻവർ എംഎൽഎ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ; ആഭ്യന്തര വകുപ്പ് എന്ത് നടപടിയെടുക്കും?
അജിത് കുമാർ കൊല്ലിച്ചിട്ടുണ്ടെന്നും സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നുമടക്കം ഭരണകക്ഷി എംഎൽഎ വെളിപ്പെടുത്തി
മലപ്പുറം: (KasargodVartha) എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വി അൻവർ എംഎൽഎ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ. അജിത് കുമാർ കൊല്ലിച്ചിട്ടുണ്ടെന്നും സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നുമടക്കം ഭരണകക്ഷി എംഎൽഎ വെളിപ്പെടുത്തിയ സാഹചര്യത്തിൽ ആഭ്യന്തര വകുപ്പ് എന്ത് നടപടിയെടുക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അൻവറിന്റെ ആരോപണങ്ങളോട് എഡിജിപി പ്രതികരിച്ചിട്ടില്ല. എന്നാൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വിശദീകരണം നൽകിയേക്കുമെന്ന് വിവരമുണ്ട്.
മന്ത്രിമാരുടെ ഫോൺ കോളുകൾ എഡിജിപി ചോർത്തിയെന്ന് വാർത്താസമ്മേളനത്തിൽ പി വി അൻവർ ആരോപിച്ചിട്ടുണ്ട്. ഇനിയും പല ഫോൺ കോളുകൾ പുറത്തുവിടാനുണ്ട്. ഗതികേട് കൊണ്ടാണ് ശബ്ദരേഖ പുറത്തുവിട്ടത്. സർക്കാരിനെ വിശ്വസിച്ച് ഏൽപ്പിച്ച ഉദ്യോഗസ്ഥരുടെ തനിനിറം പുറത്തുകാണിക്കാൻ ഇതല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല. കേരള ജനതയോട് ക്ഷമ ചോദിക്കുന്നുവെന്നും അൻവർ പറഞ്ഞു.
എഡിജിപി എം ആർ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു ഗ്രൂപ്പ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. നവകേരള സദസിനിടെ എസ്‌പി ശശിധരൻ പാർട്ടിക്കാർക്കെതിരെ പതിനൊന്ന് കേസുകൾ ചുമത്തിയത് ഇതിന് ഉദാഹരണമാണ്. പാവപ്പെട്ട ഡിവൈഎഫ്ഐക്കാരെ ജയിലിലിട്ടു. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ ന്യായമായും ഉൾക്കൊള്ളാതെ ഈ പാർട്ടിയെയും സർക്കാരിനെയും ഇല്ലാതാക്കാന പ്രവർത്തിക്കാൻ ശ്രമിക്കുന്ന ഒരു ഗ്രൂപ്പാണ് ഇവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവിനെതിരെ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിൽ കഴമ്പില്ലെന്നു പറഞ്ഞാണ് പൊലീസ് വിഷയം തള്ളിയത്. എന്നെ കേരളീയ പൊതുസമൂഹത്തിൽ വിശ്വാസംഇല്ലാത്തവനാക്കി. ക്രിമിനലിസത്തിൻ്റെ അങ്ങേയറ്റമാണ് എം ആർ. അജിത്കുമാർ. അജിത് കുമാറിൻ്റെ റോൾമോഡൽ ദാവൂദ് ഇബ്രാഹിം ആണോയെന്നു സംശയിച്ചുപോകും. അദ്ദേഹം ചെയ്തുകൂട്ടിയ കാര്യങ്ങൾ ദാവൂദ് ഇബ്രാഹിമിനെ പോലുള്ളവരുടെ ജീവചരിത്രം പഠിച്ചവനെ സാധിക്കുകയുള്ളൂവെന്നും അൻവർ പറഞ്ഞു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാർ കൊലപാതകം ചെയ്യിച്ചു. കോഴിക്കോട് മാമി എന്നൊരാളെ ഒരു വർഷം മുൻപ് കാണാതായിട്ടുണ്ട്. കൊന്നുകളഞ്ഞു എന്നാണ് കരുതുന്നത്. എടവണ്ണ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബിജുവിന്റെ ഫോൺ ചോർത്തിയിരുന്നു. ഇതിന് പിന്നിലും താത്പര്യങ്ങളുണ്ടായിരുന്നു. അജിത് കുമാറിന്റെ റോൾ മോഡൽ ദാവൂദ് ഇബ്രാഹിം ആണ്. ഇയാൾ കൊന്നിട്ടുണ്ട്, കൊല്ലിച്ചിട്ടുണ്ട്, ആത്മഹത്യ ചെയ്യിച്ചിട്ടുണ്ടെന്നും എംഎൽഎ ആരോപിച്ചു.
എം ആർ അജിത് കുമാറും സുജിത് ദാസുമടക്കം ചെയ്യുന്ന കാര്യങ്ങളുടെ പഴി മുഖ്യമന്ത്രിക്കാണ്. വിശ്വസ്‌തർ കിണറുകുഴിച്ച് വെച്ചിരിക്കുന്നു. ഇത്രയും കള്ളത്തരം നടക്കുന്നു. വിശ്വസിച്ച് ഏൽപിച്ചത് പി ശശിയെയാണ്. അദ്ദേഹം പരാജയപ്പെട്ടുവെന്നും പിവി അൻവർ ആരോപിച്ചിട്ടുണ്ട്. പിണറായി വിജയന്റെ വിശ്വസ്തരെന്ന് അറിയപ്പെടുന്ന ക്രമസമാധാന ചുമതലയുള്ള എഡിപജിപി എംആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഭരണകക്ഷി എംഎൽഎ തന്നെ വാളോങ്ങുന്നത് സിപിഎമ്മിനെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.