Rescue | വയനാട്ടിൽ തിരച്ചിൽ തുടരുമെന്ന് മുഖ്യമന്ത്രി; 'ദുരിത ബാധിതർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കും'
ദുരന്തബാധിത മേഖലകളിലെ വീടുകളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി വീണ്ടെടുക്കാന്‍ സാധിക്കുമെങ്കില്‍ പൊലീസിന്‍റെ സാന്നിധ്യത്തില്‍ ഇതിന് അവസരം ഒരുക്കും
തിരുവനന്തപുരം: (KasargodVartha) വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സൈന്യം, വനം വകുപ്പ്, ഫയര്‍ ഫോഴ്സ് എന്നിവരടങ്ങിയ സംഘങ്ങള്‍ സൂചിപ്പാറ മുതല്‍ പോത്തുകല്ല് വരെയുള്ള ദുര്‍ഘടമായ മേഖലയില്‍ ഹെലികോപ്റ്ററില്‍ എത്തി തിരച്ചില്‍ നടത്തുന്നു. തിങ്കളാഴ്ച ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 224 ആയി ഉയര്‍ന്നു. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡി.എന്‍.എ പരിശോധന നടത്തുന്നു.
തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് പ്ലാന്‍റേഷനിലെ ശ്മശാനത്തില്‍ സര്‍വമത പ്രാര്‍ത്ഥനയോടെ സംസ്കരിച്ചു. വയനാട്ടില്‍ നിന്നും നൂറ്റിയമ്പതും നിലമ്പൂരില്‍ നിന്നും എഴുപത്താറും മൃതദേഹങ്ങളാണ് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. വയനാട്ടില്‍ നിന്നും 24, നിലമ്പൂരില്‍ നിന്നും 157 ഉള്‍പ്പെടെ 181 ശരീര ഭാഗങ്ങളും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് കൂടുതല്‍ സ്ഥലം ദുരന്ത നിവാരണ നിയമ പ്രകാരം ഏറ്റെടുക്കാന്‍ വയനാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 154 പേരെ കാണാതായി എന്നാണ് കണക്ക്. 88 പേര്‍ ഇപ്പോഴും ആശുപത്രികളിലാണ്.
ചൂരല്‍ മല ഭാഗത്ത് 9 ക്യാമ്പുകളിലായി 1381 പേര്‍ കഴിയുന്നു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, കുടിവെള്ളം എന്നിവയുടെ വിതരണം കാര്യക്ഷമമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മാനസികാരോഗ്യ സേവനവും നല്‍കുന്നു. കുട്ടികള്‍ക്കായി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ചാലിയാര്‍ നദിയുടെ ഇരുകരകളിലും, വനമേഖലയിലും തിരച്ചിലും, രക്ഷാ പ്രവര്‍ത്തനങ്ങളും ശക്തമാക്കാനും ഇന്ത്യന്‍ നേവി, ഇന്ത്യന്‍കോസ്റ്റ് ഗാര്‍ഡ് എന്നിവരുമായി എത്രയും പെട്ടെന്ന് ചര്‍ച്ച ചെയ്ത് മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിയെത്തിയിട്ടുണ്ടോയെന്ന് നിരീക്ഷിക്കാനും മന്ത്രിസഭാ ഉപസമിതി യോഗം നിര്‍ദേശം നല്കിയിട്ടുണ്ട്.
ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരെ സ്കൂള്‍ ക്യാമ്പുകളില്‍ നിന്ന് മാറ്റി താമസിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ മാറ്റുമ്പോള്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. വെള്ളപ്പൊക്കത്തിന്‍റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുണ്ട്. വെള്ളവും ചെളിയും ഇറങ്ങിയാല്‍ താമസയോഗ്യമാക്കാനാകുന്ന വീടുകളുണ്ട്. അങ്ങനെ സുരക്ഷിതമായ വീടുകളുള്ള ആളുകളെ വെള്ളമിറങ്ങിയാല്‍ ശുചീകരണത്തിന് ശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കും. ദുരന്തബാധിത മേഖലകളിലെ വീടുകളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി വീണ്ടെടുക്കാന്‍ സാധിക്കുമെങ്കില്‍ പൊലീസിന്‍റെ സാന്നിധ്യത്തില്‍ ഇതിന് അവസരം ഒരുക്കും.
മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ഫോണും സിം കാര്‍ഡും കണക്ടിവിറ്റിയും നല്‍കും. ദുരന്ത ബാധിത പ്രദേശങ്ങളിലെ റേഷന്‍ കടകള്‍ വഴി സൗജന്യ റേഷന്‍ വിതരണം ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരും പൊതുജനങ്ങളും സംഭാവന നല്‍കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ച് ദിവസത്തെ വേതനമെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ധാരണയായിട്ടുണ്ട്.
വയനാട് ദുരന്തത്തിന്‍റെ രക്ഷാപ്രവര്‍ത്തനത്തില്‍ കൈകോര്‍ക്കാന്‍ നിരവധി സന്നദ്ധപ്രവര്‍ത്തകരും സംഘടനകളുമാണ് മുന്നോട്ടുവന്നത്. 18,000 പേര്‍ വോളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നു.
ഉരുള്‍പൊട്ടലില്‍ മൂന്ന് അതിഥി തൊഴിലാളികളെ കാണാതാവുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. 406 പേരെയാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുള്ളത്. അതിഥി തൊഴിലാളികള്‍ക്ക് ജില്ലാഭരണസംവിധാനം കൗണ്‍സിലിങും ഭക്ഷണവും ഉറപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രാദേശിക ഭരണസംവിധാനത്തിന്റെ ഒത്താശയോടെ നടക്കുന്ന അനധികൃത മനുഷ്യവാസവും ഭൂമി കയ്യേറ്റവും അനധികൃത ഖനനവുമൊക്കെയാണ് മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിന്റെ കാരണമെന്ന് പറഞ്ഞ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ് ദുരാരോപണങ്ങളിലൂടെ ദുരന്തത്തിനിരയായ മനുഷ്യരെ അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.