Dedication | ക്ഷേത്രങ്ങളിലേക്ക് നൂറുകണക്കിന് ഗണേശ വിഗ്രഹങ്ങൾ നിർമിച്ച് നൽകി മഹേഷ് ബായാർ; ഭൂരിഭാഗവും ഏഴടിവരെ ഉയരമുള്ളവ
* ബെംഗളൂരുവിലും സ്ഥിരമായി വിഗ്രഹങ്ങൾ നിർമിക്കുന്നു.
ഉപ്പള: (KasargodVartha) 38 വയസിനിടെ ക്ഷേത്രങ്ങളിലേക്ക് നൂറുകണക്കിന് ഗണേശ വിഗ്രഹങ്ങൾ നിർമിച്ചു നൽകി ശ്രദ്ധേയനാവുകയാണ് ഉപ്പളയിലെ മഹേഷ് ബായാർ. ഗണേശോത്സവത്തിൻ്റെ ഭാഗമായി പൂജാവിധികൾക്ക് ശേഷം നിമഞ്ജനം ചെയ്യുന്ന വിഗ്രഹങ്ങളാണ് ഉണ്ടാക്കി നൽകുന്നത്. കളിമണ്ണിൽ അതീവ സൂക്ഷ്മതയോടെയാണ് വിഗ്രഹനിർമാണം.
തച്ചുശാസ്ത്ര വിദഗ്ധനായ പിതാവ് പരേതനായ കൃഷ്ണപ്പ ആചാര്യയിൽ നിന്ന് പകർന്ന് കിട്ടിയതാണ് ഈ കലയെന്ന് ബായർ പഞ്ച ലിംഗേശ്വര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഹേഷ് പറഞ്ഞു. സഹോദരൻ ഭരത് ബായാറും വിഗ്രഹ നിർമാണത്തിൽ ഒപ്പം പങ്കാളിയാണ്. ഈ ഗണേശോത്സവത്തിൽ ഇതുവരെ 42 ഗണേശ വിഗ്രഹങ്ങൾ നിർമിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരടി മുതൽ ഏഴടി ഉയരം വരെയുള്ള വിഗ്രഹങ്ങൾ നിർമിച്ചു നൽകിയിട്ടുണ്ട്.
ഗണേശോത്സവ സീസണിൽ മാത്രമാണ് കളിമണ്ണിൽ ഗണേശ വിഗ്രഹങ്ങൾ നിർമിക്കുന്നത്. ഹൊസങ്കടി അയ്യപ്പ മന്ദിരത്തിന് കഴിഞ്ഞ ദിവസം ഏഴടി ഉയരമുള്ള വിഗ്രഹം ഉണ്ടാക്കി നൽകി. ഏഴടി ഉയരമുള്ള വിഗ്രഹം ഉണ്ടാക്കാൻ ഒരാഴ്ചയെങ്കിലും സമയം എടുക്കുമെന്ന് മഹേഷ് പറയുന്നു. ബെംഗ്ളുറിൽ ചെന്നും അവിടെ താമസിച്ച് വിഗ്രഹ ഉണ്ടാക്കി നൽകിയിട്ടുണ്ട്.
ബെംഗ്ളുറു കാശി മഠത്തിന് വേണ്ടി സ്ഥിരായി വിഗ്രഹം നിർമിക്കുന്നു. തികച്ചും പ്രകൃതിക്ക് ദേഷം ഉണ്ടാക്കാത്ത നിറങ്ങളാണ് വിഗ്രഹങ്ങളിൽ പെയിൻ്റ് ചെയ്യാൻ ഉപയോഗിക്കുന്നത്. സീസൺ അല്ലാത്ത സമയങ്ങളിൽ ക്ഷേത്രങ്ങളിലും മഠങ്ങളിലും സിമൻ്റ് കവാടങ്ങൾ, സ്റ്റാച്യൂ, ഫൈബറിൽ വിഗ്രഹങ്ങൾ ഉണ്ടാക്കൽ, ടാബ്ലോയിഡ് വർക്കുകൾ ചെയ്യുകയാണ് പ്രധാന ജോലിയെന്ന് മഹേഷ് വ്യക്തമാക്കുന്നു.
ഡിഗ്രി പഠനം കഴിഞ്ഞ ഉടനെ ശിൽപകല നിർമാണത്തിന് ഇറങ്ങുകയായിരുന്നു. പരേതയായ ശാരദയാണ് മാതാവ്. ബിന്ദു ശ്രീയാണ് ഭാര്യ. ഏകമകൾ ദൃശ്യ ലക്ഷ്മി.
#GaneshIdol #Sculptor #MaheshBayar #IndianArt #TraditionalArt #Hinduism #GaneshChaturthi #ClayArt #Art