Delay | വിദ്യാർഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയായി കൊടക്കാട് സ്കൂളിന് മുൻവശത്തെ റോഡ്; പ്രശ്‌നത്തിന് പരിഹാരമായില്ല; 2 മാസത്തെ കാലതാമസമുണ്ടാകുമെന്ന് അധികൃതർ

● സമീപത്തെ റോഡിൽ വാഹനങ്ങൾ അമിത വേഗതയിൽ സഞ്ചരിക്കുന്നു.
● വിദ്യാർത്ഥികളുടെ ജീവന് ഭീഷണി
● പരിഹരിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രദേശവാസികൾ
ചെറുവത്തൂർ: (KasargodVartha) കൊടക്കാട് കേളപ്പേജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി റോഡിൽ സ്ഥാപിക്കേണ്ട സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന് രണ്ടു മാസം കാലതാമസം ഉണ്ടാകുമെന്ന് അധികൃതർ.
സ്കൂളിന് സമീപത്തെ റോഡിൽ അമിത വേഗതയിൽ വാഹനങ്ങൾ സഞ്ചരിക്കുന്നത് കാരണം വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയാണെന്ന പരാതിയെ തുടർന്ന് വിവരാവകാശ പ്രവർത്തകൻ എം.വി. ശില്പരാജും നാട്ടുകാരും ചേർന്ന് കഴിഞ്ഞ മെയ് മാസം അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ശില്പരാജ് തുടർച്ചയായി ഇത് സംബന്ധിച്ച് വിവരങ്ങൾ തേടിയതിൻ്റെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ ഇനിയും കാത്തിരിപ്പ് വേണ്ടി വരുമെന്ന് അറിയിച്ചിരിക്കുന്നത്.
കാസർകോട്ടെ കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥൻ എസ്റ്റിമേറ്റ് പെട്ടെന്ന് തന്നെ സമർപ്പിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും നടപടികൾ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. അപകടം ഉണ്ടാകുന്നത് വരെ കാത്തിരിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്നും അടിയന്തിരമായി പരിഹാരം കാണേണ്ടതുണ്ടെന്നും ശില്പരാജ് പറഞ്ഞു.
ഒരാഴ്ചക്കുള്ളിൽ പണി പൂർത്തിയാക്കുന്നില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് ശില്പരാജും പ്രദേശവാസികളും പറയുന്നത്.
#KodakkadSchoolSafety #RoadSafety #Kerala #StudentSafety #TrafficViolation