Road Damage | ചന്ദ്രഗിരി-കാഞ്ഞങ്ങാട് സംസ്ഥാന പാത ഗതാഗതയോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ്; ഇല്ലെങ്കിൽ സമരം
* ഇത് സംബന്ധിച്ച് പല തവണ പരാതി ഉന്നയിച്ചിട്ടും അധികൃതർ അനാസ്ഥ കാണിക്കുന്നതായി മാഹിൻ ഹാജി ആരോപിച്ചു.
* ഇനിയിപ്പോൾ അധികൃതർ ഇടപെടലുകൾ നടത്തുന്നില്ലെങ്കിൽ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കാസർകോട്: (KasargodVartha) ചന്ദ്രഗിരി-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ വ്യാപകമായ കുഴികളും തകർന്ന റോഡും യാത്രക്കാർക്ക് ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. റോഡേത് കുഴിയേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. ചിലസ്ഥലങ്ങളിൽ വലിയ ഗർത്തങ്ങൾ തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് പരാതിയുമായി മുസ്ലിം ലീഗ് ജില്ലാ നേതൃത്വം രംഗത്തെത്തി.
ഈ റോഡിലെ അപകടാവസ്ഥ സംബന്ധിച്ച് പല തവണ പരാതി ഉന്നയിച്ചിട്ടും അധികൃതർ അനാസ്ഥ കാണിക്കുന്നതായി മാഹിൻ ഹാജി ആരോപിച്ചു. ഇത് കാരണം ഈ റോഡിൽ നിരവധി അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ഇനിയിപ്പോൾ അധികൃതർ ഇടപെടലുകൾ നടത്തുന്നില്ലെങ്കിൽ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അധികൃതർ ഇടപെടൽ നടത്താത്തത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും മാഹിൻ ഹാജി കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ എ.എം കടവത്ത്, ഒൺ ഫോർ അബ്ദുറഹിമാൻ, എ.ജി.സി. ബഷീർ അബ്ദുല്ല കുഞ്ഞി ചെർക്കള, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്, അബ്ദുല്ലകുഞ്ഞി കിഴൂർ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള, എ.പി. ഉമ്മർ, അൻവർ കോളിയടുക്കം, ഗഫൂർ എരിയാൽ തുടങ്ങിയവർ നിവേദന സമർപ്പണത്തിൽ പങ്കെടുത്തു.
ചന്ദ്രഗിരി-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കുഴികൾ നികത്തി റോഡ് അറ്റകുറ്റപ്പണികൾ നടത്തി യാത്രക്കാർക്ക് അപകടരഹിതമായ സഞ്ചാരം ഉറപ്പാക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.