Delay | കാസർകോട് ചന്ദ്രഗിരി ജംഗ്ഷനും പാലത്തിനുമിടയിലെ റോഡ് പണി എന്ന് തീരും? ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം; ജനം ദുരിതത്തിൽ
● 12 ദിവസം കഴിഞ്ഞിട്ടും പണി പൂർത്തിയായിട്ടില്ല.
● ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു.
കാസർകോട്: (KasargodVartha) കാസർകോട് ചന്ദ്രഗിരി ജംഗ്ഷനും പാലത്തിനുമിടയിലെ റോഡ് പണി ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം. ഇത് പൊതുജനങ്ങളെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. സെപ്റ്റംബർ 19 മുതലാണ് പ്രവൃത്തികൾക്ക് തുടക്കമായത്. 10 ദിവസം കൊണ്ട് പണി പൂർത്തിയാക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ 12 ദിവസം കഴിഞ്ഞിട്ടും പണി പൂർത്തിയായിട്ടില്ല.
ഇനിയും ഏറെ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് സൂചന. റോഡിന്റെ പണി അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം. റോഡ് നിർമാണ പ്രവർത്തനങ്ങൾ കാരണം ഒക്ടോബർ അഞ്ച് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. വാഹനങ്ങൾ ദേശീയപാത വഴി തിരിച്ചു പോകേണ്ടി വരുന്നതിനാൽ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു.
പൊതുമരാമത്ത് റോഡ്സ് വിഭാഗം നടത്തുന്ന ഈ അറ്റകുറ്റപ്പണികളിൽ കാലാവസ്ഥ അനുകൂലമായിട്ടും ജോലിക്കാർ സ്ഥിരമായി എത്താത്ത സ്ഥിതിയാണെന്ന ആക്ഷേപവും ഉയർന്നുവന്നിട്ടുണ്ട്. ചന്ദ്രഗിരി പാലത്തിലടക്കം ഈ പാതയിലെ റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ ജനജീവിതത്തെ ദുസഹമാക്കിയിരുന്നു. മഴക്കാലത്ത് റോഡ് തകർന്ന് കുഴികൾ രൂപപ്പെടുന്നത് ഇവിടെ സാധാരണമാണ്. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം കാണാതെ അധികൃതർ അലംഭാവം കാട്ടുന്നത് യാത്രക്കാരിൽ നിന്ന് വിമർശനത്തിന് വഴിവെച്ചിരുന്നു.
കുഴികളിൽ വീണ് അപകടങ്ങൾ ദിനംപ്രതി സംഭവിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ആദ്യം മുതൽ തന്നെ സംസ്ഥാന പാതയുടെ നിർമാണം അശാസ്ത്രീയമായിരുന്നു എന്ന ആരോപണം ശക്തമാണ്. കനത്ത മഴയെ താങ്ങാനാവാത്തത്ര ദുർബലമായ അടിത്തറയാണ് ഈ റോഡിനുള്ളത്. ഇതിന്റെ ഫലമായി, മഴപെയ്താൽ ഉടൻ തന്നെ റോഡ് തകർന്ന് കുഴികൾ രൂപപ്പെടുന്നത് സാധാരണമാണ്.
വർഷം തോറും പലവട്ടം റോഡ് തകരുന്നുണ്ടെങ്കിലും കണ്ണിൽ പൊടിയിടാൻ താൽക്കാലികമായ അറ്റകുറ്റപ്പണികൾ മാത്രമേ നടത്താറുള്ളൂ. എന്നാൽ, ദിവസങ്ങൾക്കകം വീണ്ടും റോഡ് അതേ അവസ്ഥയിലാകും. പ്രായോഗികമായ പരിഹാരം കാണുന്നതിൽ അധികൃതർ പരാജയപ്പെടുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികളും ഇത്തരത്തിലാകരുതെന്നാണ് ജനങ്ങൾ പറയുന്നത്.
യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് എസ്ഡിപിഐ
ചന്ദ്രഗിരി ജംഗ്ഷനും പാലത്തിനുമിടയിലെ റോഡിന്റെ പണി പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച് ജനങ്ങൾ നേരിടുന്ന പ്രയാസത്തിന് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്ഡിപിഐ മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ഫൈസൽ കോളിയടുക്കം, സെക്രട്ടറി മനാഫ് സിറാജ് നഗർ എന്നിവർ പറഞ്ഞു.
#Kasaragod #roadconstruction #delay #traffic #publicgrievance #Kerala #infrastructure #accident