Protest | നവീൻ ബാബുവിൻ്റെ മരണം: കാസർകോട്ട് റവന്യൂ ജീവനക്കാരുടെ കൂട്ടായ്മ ബുധനാഴ്ച കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും
● ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കും
● അഴിമതി ആരോപണം ഉയർന്നതിന് പിന്നാലെയാണ് മരണം.
● നവീൻ ബാബു നേരത്തെ കാസർകോട്ട് ഏറെനാൾ സേവനമനുഷ്ഠിച്ചിരുന്നു.
കാസർകോട്: (KasargodVartha) കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് റവന്യൂ ജീവനക്കാരുടെ കൂട്ടായ്മ ബുധനാഴ്ച കൂട്ട അവധിയെടുക്കും. സംഘടനാ വ്യത്യാസമില്ലാതെ എല്ലാ റവന്യൂ ജീവനക്കാരും ഈ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവർ കാസർകോട് വാർത്തയോട് പ്രതികരിച്ചു. ജില്ലയിലെ വിവിധ ഓഫീസുകളിലെ ജീവനക്കാർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.
ജീവനക്കാർ കൂട്ട അവധിയെടുക്കുന്നത് മൂലം ജില്ലയിലെ റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഭാഗികമായി സ്തംഭിക്കാനിടയുണ്ട്. ചൊവ്വാഴ്ച രാവിലെ നവീൻ ബാബുവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ചൊവ്വാഴ്ച പത്തനംതിട്ടയിലേക്ക് ട്രെയിനിൽ പോകേണ്ടതായിരുന്നു.
എന്നാൽ രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇതിന് മണിക്കൂറുകൾക്ക് മുൻപ്, കണ്ണൂർ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എഡിഎമിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ക്ഷണിക്കാതെയെത്തിയ ദിവ്യ ഈ ആരോപണം ഉന്നയിച്ചത്.
ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിൻ്റെ നടപടിയിലാണ് ദിവ്യ വിമർശനം ഉന്നയിച്ചത്. സ്ഥലം മാറ്റം വന്നതിന് ശേഷം രണ്ട് ദിവസം മുൻപ് അനുമതി നൽകിയെന്നും അത് എങ്ങനെയെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനുള്ളിൽ വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നവീൻ ബാബുവിന്റെ അപ്രതീക്ഷിത വിയോഗം ഉണ്ടായത്. നവീൻ ബാബു നേരത്തെ കാസർകോട്ടും ഏറെനാൾ എഡിഎം ആയും ഡെപ്യൂടി കലക്ടറായും സേവനമനുഷ്ഠിച്ചിരുന്നു.
#KasaragodNews #KeralaNews #RevenueDepartment #ADMDeath #Protest #CorruptionAllegation #JusticeForNaveenBabu