Bus | 'അമിത വേഗതയും, വിദ്യാർഥികൾ അടക്കമുള്ളവർക്ക് ചെളി അഭിഷേകവും'; ബസിനെ പിറകിൽ നിന്ന് വന്ന് തടഞ്ഞ് ഇരുചക്രവാഹനക്കാർ; ഡ്രൈവറെ താക്കീത് ചെയ്തു
കാസർകോട് നിന്ന് തലപ്പാടിയിലേക്ക് പോകുന്ന ബസാണ് തടഞ്ഞത്
കുമ്പള: (KasaragodVartha) മൊഗ്രാലിൽ നിന്ന് അമിത വേഗതയിൽ, മൂന്ന് സ്റ്റോപ്പുകളിൽ യാത്രക്കാരെ കയറ്റാതെ ഓടിച്ചു പോയ ബസിനെ പിറകിൽ നിന്ന് വന്ന ഇരുചക്രവാഹനക്കാർ തടഞ്ഞു ഡ്രൈവറെ താക്കീത് ചെയ്തു. ശക്തമായ മഴയിൽ യാത്രക്കാരെ കയറ്റാതെ, പള്ളിയിലേക്ക് പ്രാർഥനയ്ക്ക് പോകുന്ന വിശ്വാസികളെയും, സ്കൂൾ വിദ്യാർത്ഥികളെയും മറ്റും ചളി അഭിഷേകത്തിൽ മുക്കിയാണ് ബസ് യാത്ര തുടർന്നതെന്നാണ് ആക്ഷേപം.
അമിത വേഗതയിലായതിനാൽ സർവീസ് റോഡിലെ ചളിവെള്ളം മുഴുവനും ഇവരുടെ ദേഹത്താണ് പതിച്ചത്. ഇതിൽ പ്രകോപിതരായ, ബസിന് പിറകിൽ വരികയായിരുന്ന ഇരുചക്രവാഹനക്കാരാണ് കുമ്പള മാവിനക്കട്ടയിൽ വാഹനം കുറുകെയിട്ട് ബസ് തടഞ്ഞു ഡ്രൈവറെ താക്കീത് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കാസർകോട് നിന്ന് തലപ്പാടിയിലേക്ക് പോകുന്ന ബസാണ് തടഞ്ഞത്.
അതേസമയം, മഴ ശക്തമായ സാഹചര്യത്തിൽ ദേശീയപാതയിലെ യാത്ര ദുരിതമായി മാറിയിരിക്കുകയാണ്. സർവീസ് റോഡിലടക്കം വെള്ളം നിറഞ്ഞുനിൽക്കുന്ന അവസ്ഥയാണ്. നടപ്പാതകളുടെയും ഓവുചാലുകളുടെയും നിർമാണം പൂർത്തിയാകാത്തതിനാൽ കാൽനട യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു.