Demand | കേരളത്തിന് പ്രത്യേക റെയിൽവേ പാക്കേജ് പ്രഖ്യാപിക്കണമെന്ന് റസാഖ് പാലേരി
● കാസർകോട്-പാലക്കാട് റെയിൽ പ്രക്ഷോഭ യാത്ര ആരംഭിച്ചു.
● 'പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കാത്തത് കൊണ്ട് യാത്രക്കാർ ബുദ്ധിമുട്ടുന്നു'
● സംസ്ഥാന സർക്കാരും എംപിമാരും ആവശ്യത്തെ പിന്തുണയ്ക്കണമെന്ന് റസാഖ് പാലേരി
കാസർകോട്: (KasargodVartha) കേരളത്തിലെ റെയിൽവേ യാത്ര ദുരിതം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ സ്പെഷ്യൽ റെയിൽവേ പാക്കേജ് പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. കാസർകോട് നിന്ന് പാലക്കാട് വരെ നടത്തുന്ന റെയിൽ പ്രക്ഷോഭ യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നിലപാട് കാരണം കേരളത്തിലെ റെയിൽ യാത്ര ദുരിതപൂർണമായിരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദക്ഷിണ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന ആദ്യത്തെ പത്ത് സ്റ്റേഷനുകളിൽ മൂന്നെണ്ണം കേരളത്തിലാണെങ്കിലും സംസ്ഥാനത്തോട് തികഞ്ഞ അവഗണനയാണ് കേന്ദ്രം കാണിക്കുന്നത്. യാത്രക്കാരുടെ വർദ്ധനവിനനുസരിച്ച് പുതിയ ട്രെയിൻ സർവ്വീസുകൾ ആരംഭിക്കാത്തതിനാൽ എല്ലാ ട്രെയിനുകളും നിറഞ്ഞു കവിഞ്ഞാണ് ഓടുന്നത്.
അശാസ്ത്രീയമായ സമയക്രമം, ആധുനികമല്ലാത്ത സിഗ്നൽ സംവിധാനം എന്നിവയാണ് മറ്റു പ്രശ്നങ്ങൾ. മലബാർ മേഖലയിലാണ് ഈ പ്രശ്നം കൂടുതൽ രൂക്ഷമായിരിക്കുന്നത്. ട്രെയിനുകളിലെ തിരക്കിൽ ശ്വാസം മുട്ടി സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ ബോധരഹിതരാകുന്ന സംഭവങ്ങൾ പതിവായിരിക്കുന്നു. കോവിഡ് കാലത്ത് നിർത്തലാക്കിയ പല സർവീസുകളും ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല. പാസഞ്ചർ ട്രെയിനുകളുടെ എണ്ണം പോരായ്മയും റിസർവ്ഡ് കമ്പാർട്ട്മെന്റുകളുടെ അഭാവവും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു.
കേരളത്തിൽ രണ്ട് റെയിൽവേ ഡിവിഷനുകളാണുള്ളത്. പാലക്കാട് ഡിവിഷനെ വിഭജിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു. കേരളത്തിലെ ട്രെയിനുകളിലെ കോച്ചുകൾ കാലപ്പഴക്കമായതും വൃത്തിഹീനമായതുമാണ്. അടിസ്ഥാന യാത്രാ സൗകര്യങ്ങൾ ഒരുക്കാതെ റെയിൽവേ സ്റ്റേഷനുകളെ മാളുകളാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിന് വേണ്ടി ഒരു സ്പെഷ്യൽ റെയിൽവേ പാക്കേജ് തയ്യാറാക്കണമെന്നാണ് പ്രക്ഷോഭ യാത്രയുടെ ആവശ്യം. ഈ ആവശ്യത്തോട് സംസ്ഥാന സർക്കാരും കേരളത്തിലെ എംപിമാരും പിന്തുണ നൽകണമെന്നും റസാഖ് പാലേരി അഭ്യർത്ഥിച്ചു.
കാസർകോട് പാസഞ്ചർ അസോസിയേഷൻ പ്രസിഡണ്ട് നിസാർ പെറുവാട് റസാഖ് പാലേരിക്ക് പതാക കൈമാറി പ്രക്ഷോഭയാത്ര ഉദ്ഘാടനം ചെയ്തു. നാസർ ചെർക്കള, സുരേന്ദ്രൻ കരിപ്പുഴ, ജബീന ഇർഷാദ്, പ്രേമ ജി പിഷാരടി, മിർസാദ് റഹ്മാൻ, മുഹമ്മദ് വടക്കേക്കര, ടി.കെ അഷ്റഫ്, സി എച്ച് മുത്തലിബ്, റാസിഖ് മഞ്ചേശ്വരം, എ.ജി ജുവൈരിയ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി സി എച്ച് ബാലകൃഷ്ണൻ, അബ്ദുല്ലത്തീഫ് കുമ്പള, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹമീദ് കക്കണ്ടം, അമ്പുഞ്ഞി തലക്ലായി, നഹാർ കടവത്ത്, സി എ യൂസുഫ്, എൻ എം റിയാസ്, ഇസ്മായിൽ മൂസ, സുബൈർ തളങ്കര, ഷെരീഫ് നായന്മാർ മൂല, കെ ടി ബഷീർ, അബ്ദുൽ ഖാദർചട്ടഞ്ചാൽ എന്നിവർ നേതൃത്വം നൽകി.
കാഞ്ഞങ്ങാട് നൽകിയ സ്വീകരണത്തിന് റെയിൽവെ പാസഞ്ചേർസ് അസോസിയേഷൻ കാഞ്ഞങ്ങാട് പ്രസിഡണ്ട് ടി. മുഹമ്മദ് അസ്‌ലം, ജില്ലാ ട്രഷറർ മഹമൂദ് പള്ളിപ്പുഴ, അബ്ദുറഹ്മാൻ കണ്ണംകുളം, സജീർ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
തൃക്കരിപ്പൂർ നൽകിയ സ്വീകരണത്തിന് ജില്ലാ വൈസ് പ്രസിഡണ്ട് മജീദ് നരിക്കോടൻ, മണ്ഡലം പ്രസിഡന്റ് എൻ കെ പി ഹസ്സൻ, മണ്ഡലം സെക്രട്ടറി വി കെ അഫ്സൽ, തൃക്കരിപ്പൂർ, പടന്ന പഞ്ചായത്ത് ഭാരവാഹികളായ എവി അഷ്റഫ്, പി കെ അഷ്റഫ്, സുമേഷ് തൃക്കരിപ്പൂർ തുടങ്ങിയവർ നേതൃത്വം നൽകി.
#KeralaRailway #RashakPaleri #SpecialPackage #PassengerRights #RailwayIssues #Protest