Railway | ആശങ്ക വേണ്ട, മംഗ്ളുറു സ്റ്റേഷനെ അടർത്തിമാറ്റില്ല; പാലക്കാട് ഡിവിഷൻ വിഭജിക്കാൻ പദ്ധതിയില്ലെന്ന് റെയിൽവേ
'മംഗ്ളൂറിൽ നടന്നത് വികസന ചർച്ചകൾ മാത്രം'
പാലക്കാട്: (KasargodVartha) ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷൻ വിഭജിക്കുന്നതിനെക്കുറിച്ചും, പ്രത്യേകിച്ച് മംഗ്ളുറു സ്റ്റേഷൻ ഒരു പുതിയ സോണിലേക്കോ ഡിവിഷനിലേക്കോ മാറ്റുന്നതിനെക്കുറിച്ചും മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ദക്ഷിണ റെയിൽവേ. ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും ഊഹാപോഹങ്ങൾ മാത്രമാണെന്നും റെയിൽവേ വ്യക്തമാക്കി.
പാലക്കാട് ഡിവിഷൻ വിഭജനം സംബന്ധിച്ച് യാതൊരു ചർച്ചകളോ നിർദേശങ്ങളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ അരുൺ കുമാർ ചതുർവേദി പറഞ്ഞു. മംഗ്ളൂറിൽ നടന്ന ജനപ്രതിനിധികളും റെയിൽവേ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ച മംഗ്ളുറു മേഖലയിലെ റെയിൽ വികസനവും കണക്റ്റിവിറ്റി മെച്ചപ്പെടുത്തലും സംബന്ധിച്ചായിരുന്നു. പാലക്കാട് ഡിവിഷൻ വിഭജനം ചർച്ചയുടെ വിഷയമായിരുന്നില്ല.
തെറ്റായ വാർത്തകൾ പൊതുജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത് റെയിൽവേ അധികാരികൾക്ക് മനസിലായിട്ടുണ്ട്. പാലക്കാട് ഡിവിഷനിൽ യാതൊരു വിഭജനവും നടക്കാൻ പോകുന്നില്ലെന്ന് ഉറപ്പ് നൽകുന്നുവെന്നും ദക്ഷിണ റെയിൽവേ വ്യക്തമാക്കി.
പാലക്കാട് റെയിൽവേ ഡിവിഷൻ ഇല്ലാതാക്കാൻ പ്രധാന വരുമാന സ്രോതസായ മംഗ്ളുറു സ്‌റ്റേഷനെ അടിർത്തിമാറ്റാൻ ശ്രമം നടക്കുന്നുവെന്ന പ്രചാരണങ്ങൾക്കിടയിലാണ് റെയിൽവേ നിലപാട് വ്യക്തമാക്കിയത്. കർണാടത്തിൽനിന്നുള്ള കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണയുടെ നേതൃത്വത്തിൽ ബുധനാഴ്‌ച മംഗ്ളൂറിൽ യോഗം ചേർന്നതിന് പിന്നാലെയാണ് ഡിവിഷൻ വിഭജനം വ്യാപക ചർച്ചയായത്.