Demand | 'വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ ഇനി പുതിയ കരിങ്കൽ ക്വാറികൾക്ക് അനുമതി നൽകരുത്'; താലൂക്ക് വികസനസമിതി യോഗത്തിൽ പ്രമേയം
താലൂക്ക് പരിധിയിലെ വിവിധ ക്വാറികളുടെ പ്രവർത്തനം ജലബോംബുകളായി വയനാടിലേതിന് പോലെ സമാനമായ ദുരന്തത്തിന് വഴി വെക്കുമെന്നാണ് പ്രമേയം പറയുന്നത്
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ കരിങ്കൽ ക്വാറികൾക്ക് അനുമതി നൽകരുതെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ പ്രമേയം പാസാക്കി. വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ വിവിധ ക്വാറികളുടെ പ്രവർത്തനം ജലബോംബുകളായി വയനാടിലേതിന് പോലെ സമാനമായ ദുരന്തത്തിന് വഴി വെക്കുമെന്നാണ് പ്രമേയം പറയുന്നത്.
ദുരന്തം ജില്ലയിൽ ഏറ്റവും കൂടുതൽ ക്വാറികൾ നിലവിൽ പ്രവർത്തിച്ചു വരുന്ന വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ടെന്നും അതിനാൽ പുതിയ ക്വാറികൾക്ക് അനുമതി നൽകരുതെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. തിങ്കളാഴ്ച നടന്ന താലൂക്ക് വികസനസമിതി യോഗത്തിലെ പ്രമേയം യോഗത്തിൽ പങ്കെടുത്ത മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അംഗീകരിച്ചു. ഈ വിഷയം ജില്ലാ ഭരണകൂടത്തിന്റെയും മൈനിംഗ് ആൻഡ് ജിയോളാജി വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചു.
യോഗത്തിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി കെ രവി, പി ശ്രീജ, വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മാഈൽ, വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.