Criticism | 'പാർടി രൂപീകരിക്കാനില്ല, ജനമാകെ പാർടിയായി മാറിയാൽ ഒപ്പമുണ്ടാകും', നിലമ്പൂരിലെ വിശദീകരണ യോഗത്തിൽ പി വി അൻവർ; മുഖ്യമന്ത്രിക്കും പൊലീസിനും നേരെ കടന്നാക്രമണം
നിലമ്പൂർ: (KasaragodVartha) ചന്തക്കുന്നില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസ് സംവിധാനത്തെയും കടന്നാക്രമിച്ച് പി വി അൻവർ എംഎൽഎ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പൊലീസ് വീഴ്ചകൾ അൻവർ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർടി രൂപീകരിക്കാനില്ലെന്നും ജനമാകെ പാർടിയായി മാറിയയാൾ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
വെള്ളരിക്കാ പട്ടണമായി കേരളം മാറി. ഞാൻ വിശ്വസിച്ച ഒരുമനുഷ്യനുണ്ടായിരുന്നു, പിണറായി വിജയൻ. എൻ്റെ മനസിൽ ബാപ്പയുടെ സ്ഥാനമായിരുന്നു. മുഖ്യമന്ത്രിക്കും പാർടിക്കും നേരെ നടന്ന ആക്രമങ്ങളെ ഞാൻ പ്രതിരോധിച്ചു. ഇപ്പോൾ കയ്യും വെട്ടും കാലും വെട്ടും എന്നു പറയുന്നു. മുഖ്യമന്ത്രി തന്നെ കള്ളനാക്കിയപ്പോൾ ഇറങ്ങിത്തിരിക്കുകയായിരുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുമായി 37 മിനിറ്റ് സംസാരിച്ചു. പിണറായി എന്ന സൂര്യൻ കെട്ടുപോയെന്നും ഗ്രാഫ് പുജ്യത്തിൽ ആയെന്നും പറഞ്ഞു. ശശിയാണ് കാരണക്കാരൻ എന്നു പറഞ്ഞു. എ ഡി ജി പി അജിത് കുമാർ ക്രമസമാധാനത്തിൽ നിൽക്കുന്നത് പ്രശ്‌നമാണെന്നു പറഞ്ഞു. എന്തിനാണ് അജിത്കുമാറിനെ മുഖ്യമന്ത്രി ചേർത്തു പിടിച്ചിരിക്കുന്നതെന്നും സാധാരണ പൊലീസുകാർക്ക് പോലും പീഡനമാണെന്നും അൻവർ പറഞ്ഞു.
സ്വർണക്കടത്ത് വിഷയത്തിൽ പത്രസമ്മേളനത്തിൽ അജിത് കുമാർ എഴുതിക്കൊടുത്ത വാറോല വായിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. സഖാക്കളാണ് എന്നെ എം എൽ എ ആക്കിയത്. നിങ്ങൾ എന്റെ കാലുകൊണ്ടുപോയാൽ ഞാൻ വീൽ ചെയറിൽ വരും. എന്നെ വെടിവച്ചു കൊല്ലേണ്ടിവരും. അല്ലെങ്കിൽ ജയിലിൽ അടക്കേണ്ടിവരുമെന്നും അൻവർ വ്യക്തമാക്കി.
ഒരാള്‍ വിഷയം ഉന്നയിച്ചാൽ വിഷയത്തിനു പകരം അവന്റെ പേരാണ് നോക്കുന്നത്. എന്റെ പേര് അൻവർ എന്നായതുകൊണ്ട് മുസ്‍ലിം വർഗീയവാദിയാക്കാൻ ശ്രമിക്കുകയാണ്. ബ്രീടീഷുകാരോട് പോരാടി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുപാട് ത്യാഗം സഹിച്ച കുടുംബമാണ് തന്റേതെന്നും അൻവർ പറഞ്ഞു.
അന്തരിച്ച പുഷ്പനെ അനുസ്‌മരിച്ചായിരുന്നു അൻവറിന്റെ പ്രസംഗത്തിന്റെ തുടക്കം. വലിയ ജനക്കൂട്ടമാണ് അൻവറിനെ കേൾക്കാനായി തടിച്ചുകൂടിയത്. മുദ്രാവാക്യം വിളികളോടെ ഊഷ്മളമായാണ് ജനക്കൂട്ടം അന്‍വറിനെ വേദിയിലേക്ക് എത്തിച്ചത്.
#PVAnvar #KeralaPolitics #GoldSmuggling #Corruption #IndiaPolitics