Matrimonial Ad | '30 വർഷം മുമ്പ് മരിച്ച മകൾക്ക് വരനെ വേണം'; കാരണമിതാണ്! വേറിട്ടൊരു വൈവാഹിക പരസ്യം
മംഗ്‌ളുറു: (KasaragodVartha) 30 വർഷം മുമ്പ് മരിച്ച മകൾക്ക് വരനെ തേടി മംഗ്‌ളുറു പുത്തൂർ താലൂക് പരിധിയിലെ ഒരു കുടുംബം പ്രാദേശിക പത്രത്തിൽ നൽകിയ വേറിട്ട പരസ്യം ചർച്ചയായി. 'കുലേ മദിമേ' അല്ലെങ്കിൽ 'പ്രേത മധുവെ' എന്നറിയപ്പെടുന്ന ആചാരം നടപ്പിലാക്കാൻ അനുയോജ്യമായ വരന്റെ ആത്മാവിനെയാണ് കുടുംബം തേടുന്നത്. ദക്ഷിണ കന്നഡയും ഉഡുപ്പിയുമടക്കം തുളുനാട്ടിൽ പ്രചാരത്തിലുള്ള ആചാരമാണ് 'കുലേ മദിമേ' അഥവാ മരിച്ചവരുടെ ആത്മാക്കൾ തമ്മിലുള്ള വിവാഹം.
കുലാൽ ജാതി, ബംഗേര ഗോത്രത്തിൽ പെട്ട ഒരു പെൺകുട്ടിക്ക് ആൺകുട്ടിയെ അന്വേഷിക്കുന്നു, 30 വർഷം മുമ്പാണ് കുട്ടി മരിച്ചത്, 30 വർഷം മുമ്പ് മരിച്ച അതേ ജാതിയിൽപ്പെട്ട മറ്റൊരു ബാരിയിൽ പെട്ട ആൺകുട്ടിയുണ്ടെങ്കിൽ, കുടുംബം പ്രേത മധുവെ ആചാരത്തിന് തയ്യാറാണെങ്കിൽ ബന്ധപ്പെടണമെന്നാണ് പരസ്യത്തിൽ പറയുന്നത്. ബന്ധപ്പെടാനുള്ള വിശദ വിവരങ്ങളും നൽകിയിട്ടുണ്ട്.
പത്രത്തിൽ പരസ്യം പ്രസിദ്ധീകരിച്ചതു മുതൽ കുറഞ്ഞത് 50 പേരെങ്കിലും താൽപ്പര്യം പ്രകടിപ്പിച്ച് എത്തിയിട്ടുണ്ടെന്ന് മരിച്ച പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇൻഡ്യ റിപോർട് ചെയ്‌തു. ചടങ്ങുകൾ നടത്തുന്നതിനുള്ള തീയതി ഉടൻ തീരുമാനിക്കുമെന്നും അവർ പറഞ്ഞു.
'പെൺകുഞ്ഞിന്റെ മരണത്തിന് ശേഷം പിന്നീട് അപ്രതീക്ഷിതമായി കുടുംബത്തിന് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. മുതിർന്നവരിൽ നിന്ന് ഉപദേശം തേടിയപ്പോൾ ഇതിന് കാരണം വിവാഹിതയായിട്ടില്ലാത്ത മരിച്ച പെൺകുട്ടിയുടെ അസ്വസ്ഥമായ മനസാണെന്ന് മനസിലാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് വീട്ടുകാർ അവൾക്ക് വിവാഹം നടത്താൻ തീരുമാനിക്കുകയും അതിനനുസരിച്ച് പരസ്യം നൽകുകയും ചെയ്തത്', ബന്ധുക്കൾ വ്യക്തമാക്കി.
മരിച്ച വ്യക്തികളുടെ ആത്മാക്കൾക്കോ പ്രേതങ്ങൾക്കോ വേണ്ടിയുള്ള വിവാഹങ്ങൾ നടത്തുന്നത് തുളുനാട്ടിൽ അസാധാരണമല്ല. തുളു വിശ്വാസമനുസരിച്ച്, മരണശേഷം ഒരാൾ സ്വർഗത്തിലോ നരകത്തിലോ പോകുമെന്ന സങ്കൽപമില്ല. പകരം, മരിച്ചയാൾ, പ്രായം കണക്കിലെടുക്കാതെ, അവരുടെ സന്തോഷവും സങ്കടവും അനുഭവിച്ചുകൊണ്ട് അവരുടെ കുടുംബത്തോടൊപ്പം കഴിയുന്നതായി വിശ്വസിക്കപ്പെടുന്നു. അതിനാൽ, ഇവർ മരിച്ചയാൾക്ക് ഭക്ഷണം നൽകുകയും അവിവാഹിതരായി മരണപ്പെട്ടാൽ അവർക്ക് വിവാഹം നടത്തുകയും ചെയ്യുന്നു.