Explanation | 'ചിത്രീകരണത്തിനിടെ അനുമതിയില്ലാതെ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു'; വിജയ് ചിത്രം 'ഗോട്ട്' സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കലക്ടര്‍
ഷൂടിങ്ങിന് അനുമതിയുണ്ടായിരുന്നുവെങ്കിലും സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് അനുമതിയില്ലായിരുന്നു
സ്‌ഫോടനം, തീപിടിത്തം തുടങ്ങിയവയുടെ ചിത്രീകരണങ്ങള്‍ക്ക് പ്രത്യേക അനുമതി ആവശ്യമാണ്.
,
തുടര്‍ചയായി സംഘട്ടനങ്ങളും സ്‌ഫോടനങ്ങളും നടന്നത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി
ചെന്നൈ:(KasargodVartha) ചിത്രീകരണത്തിനിടെ അനുമതിയില്ലാതെ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചെന്ന സംഭവത്തില്‍ വിജയ് ചിത്രം 'ഗോട്ട്' സിനിമയുടെ നിര്‍മാതാക്കളോട് വിശദീകരണം തേടി പുതുച്ചേരി ജില്ലാ കലക്ടര്‍ എ കുലോതുംഗന്‍. ഷൂടിങ്ങിന് അനുമതിയുണ്ടായിരുന്നുവെങ്കിലും സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് അനുമതിയില്ലായിരുന്നുവെന്ന് കലക്ടര്‍ അറിയിച്ചു. ഷൂടിങ്ങിനായി അനുവാദം തേടി സമര്‍പ്പിച്ച അപേക്ഷയില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെ പറ്റിയുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കലക്ടര്‍ വ്യക്തമാക്കുന്നു.
സ്‌ഫോടനം, തീപിടിത്തം തുടങ്ങിയവയുടെ ചിത്രീകരണങ്ങള്‍ക്ക് പ്രത്യേക അനുമതി ആവശ്യമാണ്. ചിത്രീകരണത്തിനിടെ സ്‌ഫോടനമുണ്ടായത് പ്രദേശവാസികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. നടുറോഡില്‍ സിനിമയുടെ ചിത്രീകരണമാണ് നടക്കുന്നതെന്ന് അറിയാതെ യഥാര്‍ഥത്തില്‍ സ്‌ഫോടനം സംഭവിച്ചു എന്ന് കരുതി സ്ഥലത്ത് ജനം തടിച്ച് കൂടുകയും ഇതോടെ ഗതാഗത തടസം ഉണ്ടാവുകയും ചെയ്തിരുന്നു. രണ്ട് രാത്രികളില്‍ തുടര്‍ചയായി സംഘട്ടനങ്ങളും സ്‌ഫോടനങ്ങളും നടന്നത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായുള്ള പരാതിയും ഉയര്‍ന്നിരുന്നു.
അതേസമയം വേണ്ട മുന്‍കരുതലുകളും സുരക്ഷാ നടപടികളും എടുത്താണ് ചിത്രീകരണം നടത്തിയതെന്നും ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലായെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. പുതുച്ചേരിയിലാണ് നിലവില്‍ ചിത്രത്തിന്റെ ഷൂടിംഗ് നടക്കുന്നത്. കേരളത്തിലും ചിത്രത്തിന്റെ ഷൂടിംഗിനായി വിജയ് യും സംഘവും എത്തിയിരുന്നു.
വെങ്കട് പ്രഭുവാണ് 'ഗോട്ട്' സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് വിജയ് എത്തുന്നത്. ജയറാം, മോഹന്‍, യോഗി ബാബു, വിടിവി ഗണേഷ്, മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, അജ് മല്‍ അമീര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.