Tragedy | സ്കാനിങിൽ ഗർഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തി; ശസ്ത്രക്രിയ മുറിയിലേക്ക് മാറ്റിയതിന് പിന്നാലെ ഗർഭിണിയും മരിച്ചു
പ്രവാസിയായ ഭർത്താവ് അടുത്തിടെയാണ് നാട്ടിലെത്തിയത്
കുമ്പള: (KasargodVartha) വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഗർഭിണിയെ സ്കാനിങിന് വിധേയമാക്കിയപ്പോൾ ഗർഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തി. ശേഷം ശസ്ത്രക്രിയ മുറിയിലേക്ക് മാറ്റിയതിന് പിന്നാലെ യുവതിയും മരിച്ചു. കുമ്പള അംഗഡിമൊഗർ മണ്ടമ്പാടിയിലെ ശങ്കര പാട്ടാളി - ലളിത ദമ്പതികളുടെ മകൾ എം ഗീത (38) ആണ് കുമ്പള സഹകരണ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് സ്കാനിങിന് വിധേയമാക്കുകയും, മരണപ്പെട്ട ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കുന്നതിനായി ശസ്ത്രക്രിയ മുറിയിലേക്ക് മാറ്റുകയും ചെയ്തതിന് പിന്നാലെയാണ് യുവതി മരിച്ചത്. ഹൃദയാഘാതമാണ് യുവതിയുടെ മരണകാരണമെന്ന് ഡോക്ടർ പറഞ്ഞു.
പള്ളിക്കര പാക്കം കരുവാക്കോട്ടെ പ്രവാസിയായ ദാമോദരനാണ് ഭർത്താവ്. അടുത്തിടെയാണ് ഭർത്താവ് നാട്ടിലെത്തിയത്. തൻവിദ എന്ന മൂത്ത കുട്ടി ഇവർക്കുണ്ട്. സഹോദരങ്ങൾ: രാജേഷ്, ഗണേഷ്. കുമ്പള പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി വിദഗ്ധ പോസ്റ്റ് മോർടത്തിനായി കോഴിക്കോട് മെഡികൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ കുമ്പള പൊലീസ് കേസെടുത്തിട്ടുണ്ട്.