Prajwal Revanna | പ്രജ്വൽ രേവണ്ണ ജർമനിയിൽ നിന്ന് ബെംഗ്ളൂറിലേക്ക് വിമാന യാത്രയിലെന്ന് സൂചന
മംഗ്ളുറു: (KasaragodVartha) കർണാടകയിൽ ജെഡിഎസിനേയും എച്ച് ഡി ദേവഗൗഡ കുടുംബത്തേയും മുൾമുനയിൽ നിറുത്തിയ ലൈംഗിക അതിക്രമക്കേസ് പ്രതി പ്രജ്വൽ രേവണ്ണ എം പി ജർമ്മനിയിൽ നിന്ന് ബെംഗ്ളൂരുവിലേക്ക് വിമാന യാത്രയിലെന്ന് സൂചന. ലുഫ്താൻസ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരെക്കുറിച്ച വിവരം ശരിയാണെങ്കിൽ പ്രജ്വൽ ബുധനാഴ്ച അർധരാത്രി 12.30ന് ബംഗളൂരുവിൽ വിമാനമിറങ്ങും. ജർമ്മനിയിൽ നിന്ന് ഇന്ന് 12.05 ന് പുറപ്പെട്ട വിമാനത്തിൽ ഹാസൻ എംപി ഉണ്ടെന്നാണ് ചാർട്ട് പറയുന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 'കൂട്ട ബലാൽസംഗ കേസ് പ്രതി' എന്ന് വിശേഷിപ്പിച്ച പ്രജ്വൽ രേവണ്ണ എംപി ഉൾപ്പെട്ട അശ്ലീല വീഡിയോ വൻതോതിൽ പ്രചരിച്ചിരുന്നു. പ്രജ്വലും പിതാവ് മുൻ മന്ത്രി എച്ച് ഡി രേവണ്ണ എംഎൽഎയും നൂറുകണക്കിന് സ്ത്രീകളെ ലൈംഗിക അതിക്രമത്തിന് വിധേയരാക്കിയെന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.
ഹാസൻ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടിയ സിറ്റിംഗ് എംപി പ്രജ്വൽ കഴിഞ്ഞ മാസം 26ന് തെരഞ്ഞെടുപ്പ് നടന്നതിനെത്തുടർന്ന് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് ജർമ്മനിയിലേക്ക് പോവുകയായിരുന്നു. പ്രജ്വലിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) സർക്കാർ നിയോഗിച്ചിരുന്നു. എസ്.ഐ.ടി അഭ്യർഥനയെത്തുടർന്ന് ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കുകയും 196 അംഗരാഷ്ട്രങ്ങളിലും വലവിരിക്കുകയും ചെയ്തിട്ടുണ്ട്.