HT Line | ഹൈടെൻഷൻ വൈദ്യുതി കമ്പി ലോറിക്ക് മുകളിലേക്ക് പൊട്ടിവീണു; ആളുകള്‍ ഓടി രക്ഷപ്പെട്ടു
* ദേശീയപാത നിര്‍മാണം നടക്കുന്നതിനാല്‍ ഹൈടെൻഷൻ കമ്പി വളരെ താഴ്ന്ന് കിടക്കുകയായിരുന്നു
കുമ്പള: (KasargodVartha) ഹൈടെൻഷൻ വൈദ്യുതി കമ്പി കണ്ടയിനര്‍ ലോറിക്ക് മുകളിലേക്ക് പൊട്ടി വീണു. സംഭവത്തെതുടര്‍ന്ന് വന്‍ അപകടമാണ് ഒഴിവായത്. കുമ്പള റെയില്‍വെ സ്റ്റേഷന് സമീപം ദേശീയ പാതയിലാണ് അപകടമുണ്ടായത്.
ലോറി വൈദ്യുതി കമ്പിക്ക് സമീപത്ത് നിര്‍ത്തിയിടുന്നതിനിടെ താഴ്ന്ന് കിടന്ന വൈദ്യുതി കമ്പി ലോറിയില്‍ കുരുങ്ങി പൊട്ടി വീഴുകയായിരുന്നു. ദേശീയപാത നിര്‍മാണം നടക്കുന്നതിനാല്‍ ഹൈടെൻഷൻ വയർ വളരെ താഴ്ന്ന് കിടക്കുകയായിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. അപകടത്തെ തുടർന്ന് ലോറി ജീവനക്കാർ അടക്കമുള്ള ആളുകള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവസമയം ഇതുവഴി നടന്നുപോകുന്ന ഒരാളുടെ ദേഹത്തേക്ക് ന്യൂട്രൽ വയർ പതിച്ചിരുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ ജീവാപായം ഒഴിവായി. അപകടവിവരമറിഞ്ഞ് വൈദ്യുതി ഉദ്യോഗസ്ഥരെത്തിയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ച് പ്രശ്‌നം പരിഹരിച്ചത്.