Reacts | മുഹമ്മദ് ഹാജി വധം: പ്രതികൾക്ക് ശിക്ഷ കിട്ടിയത് കാസർകോട് പൊലീസിന് അഭിമാനമെന്ന് ജില്ലാ പൊലീസ് മേധാവി
* വിധി വർഗീയ ആക്രമണങ്ങൾ തടയാൻ സഹായിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പ്രതീക്ഷിച്ചു
കാസർകോട്: (KasargodVartha) അട്കത്ബയല്‍ ബിലാല്‍ മസ്ജിദിന് സമീപത്തെ സി എ മുഹമ്മദ് ഹാജിയെ (56) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചത് കാസർകോട് പൊലീസിന് അഭിമാനമാണെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
ഇത്തരമൊരു വർഗീയ ആക്രമണങ്ങൾ കാസർകോട് നിന്ന് മാറാൻ ഈ വിധി ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. കേസ് നല്ല നിലയിൽ അന്വേഷിച്ചതിലും എല്ലാ തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞതിലും അന്വേഷണ ഉദ്യോഗസ്ഥരെയും കൃത്യമായി സാക്ഷിമൊഴികൾ പറഞ്ഞ സാക്ഷികളെയും അഭിനന്ദിച്ച കാര്യം ജില്ലാ പൊലീസ് മേധാവി എടുത്ത് പറഞ്ഞു.
30 വർഷത്തിനുള്ളിൽ 11 വർഗീയ കൊലക്കേസുകളാണ് കാസർകോട്ട് നടന്നത്. ഇതിൽ ഒമ്പത് കേസുകളുടെയും വിചാരണ കഴിഞ്ഞിരുന്നുവെങ്കിലും 30 വർഷത്തിനിടെ ആദ്യമായാണ് പ്രതികൾക്ക് ഇത്തരത്തിൽ ശിക്ഷ ലഭിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.