Murder Case | പെരിയ ഇരട്ട കൊലക്കേസ്: സാക്ഷി വിസ്താരം പൂർത്തിയായി; പ്രതികളെ ചോദ്യം ചെയ്യൽ തീയതി കോടതി തീരുമാനിക്കും
* ഇവർ കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ തന്നെയാണ്
കൊച്ചി: (KasaragodVartha) പ്രമാദമായ പെരിയ ഇരട്ട കൊലപാതക കേസിൻ്റെ സാക്ഷി വിസ്താരം കൊച്ചിയിലെ സി ബി ഐ കോടതിയിൽ ചൊവ്വാഴ്ച വൈകീട്ട് പൂർത്തിയായി. പ്രതികളെ ചോദ്യം ചെയ്യുന്ന തീയതി വ്യാഴാഴ്ച കോടതി തീരുമാനിക്കും. 2023 ഫെബ്രുവരി രണ്ടിനാണ് പെരിയ ഇരട്ട കൊലക്കേസിൽ എറണാകുളം സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്. 154 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. അവസാന സാക്ഷിയായി തിരുവനന്തപുരം സിബിഐ ഡിവൈഎസ്പിയും അന്വേഷണ ഉദ്യോഗസ്ഥനുമായ അനന്തകൃഷ്ണനെയാണ് വിസ്തരിച്ചത്. ഇദ്ദേഹത്തെ ഒൻപത് ദിവസമാണ് കോടതി വിസ്തരിച്ചത്.
2019 ഫെബ്രുവരി 17 ന് രാത്രി ഏഴരയോടെയാണ് കല്യോട്ടെ യൂത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ - ക്യപേഷ് എന്നിവർ ബൈകിൽ സഞ്ചരിക്കുമ്പോൾ രാഷ്ട്രീയ വിരോധം കാരണം സിപിഎം പ്രവർത്തകരായ പ്രതികൾ വാഹനങ്ങളിൽ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഒന്നാം പ്രതി പീതാംബരനടക്കമുള്ള 11 പ്രതികളെ 2019 ഫെബ്രുവരി 22ന് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ തന്നെയാണ്. നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന പ്രതികൾക്ക് ജയിലിൽ ഫോൺ ഉൾപെടെയുള്ള എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുവെന്ന പരാതിയെ തുടർന്ന് പിന്നീട് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.
ക്രൈംബ്രാഞ്ച് പ്രതിചേർത്ത കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡൻ്റായ പതിമൂന്നാം പ്രതി കെ മണികണ്ഠൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമിറ്റിയംഗം എ ബാലകൃഷ്ണൻ ഉൾപ്പെടെ മൂന്ന് പ്രതികൾ നേരത്തെ കോടതിയിൽ ഹാജരായി ജാമ്യത്തിലിറങ്ങിയിരുന്നു. പിന്നീട് കേസന്വേഷണം ഏറ്റെടുത്ത സിബിഐ കേസിൽ പത്ത് പേരെ കൂടി പ്രതിചേർക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ ഇരുപതാം പ്രതിയായ സിപിഎം ജില്ലാ സെക്രടറിയേറ്റംഗമായ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ജാമ്യത്തിലാണ്.