Tragedy | ദേശീയ പക്ഷിയെ സംരക്ഷിക്കാനാളില്ല; മൊഗ്രാലിൽ മയിലുകൾ റെയിൽ പാളത്തിൽ ട്രെയിനിടിച്ച് ചാവുന്നു
* പ്രശ്‌നത്തിന് പരിഹാരം കാണാൻ അടിയന്തര നടപടികൾ ആവശ്യമാണ്
മൊഗ്രാൽ: (KasargodVartha) രാജ്യത്തിന്റെ ദേശീയ പക്ഷിയായ മയിലുകളുടെ സഞ്ചാരം റെയിൽവേ ട്രാക്കിലൂടെ. ഇരുഭാഗത്തുനിന്നും വരുന്ന ട്രെയിനുകൾക്കടിയിൽപ്പെട്ട് ദിവസേന മൈലുകൾ ചത്തൊടുങ്ങുന്നത് മൊഗ്രാലിൽ നൊമ്പര കാഴ്ചയാവുന്നു. മൊഗ്രാൽ കൊപ്പളം മുതൽ നാങ്കി വരെ ഒരാഴ്ചയ്ക്കിടെ അഞ്ചോളം മയിലുകളാണ് ട്രെയിൻ ഇ ടിച്ച് ചത്തൊടുങ്ങിയത്.
നേരത്തെയും ഇത്തരത്തിൽ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മുൻകാലങ്ങളിലൊന്നുമില്ലാത്ത വിധമാണ് മയിലുകൾ കൂട്ടത്തോടെ റെയിൽവേ ട്രാക്കിലൂടെ സഞ്ചരിക്കാൻ തുടങ്ങിയതെന്ന് പ്രദേശവാസികൾ പറയുന്നു.
മയിലുകളുടെ ആവാസവ്യവസ്ഥയുടെ നാശവും ഭക്ഷണത്തിന്റെ ലഭ്യതയില്ലാത്തതും ഇവ റെയിൽവേ ട്രാക്കുകളിലേക്ക് ആകർഷിക്കപ്പെടാൻ കാരണമായേക്കാമെന്നും ചൂണ്ടിക്കാട്ടുന്നു. 1963ലാണ് മയിലിനെ രാജ്യത്തിന്റെ ദേശീയ പക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ദേശീയ പക്ഷികൾക്ക് ഇങ്ങനെ സംഭവിക്കുന്നതിൽ നാട്ടുകാർ അതീവ ദുഃഖിതരാണ്. മയിലുകളെ സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
#SavePeacocks, #India, #WildlifeConservation, #RailwaySafety, #EndangeredSpecies